image

14 Jan 2022 5:34 AM GMT

Banking

യൂസ്‌ഡ്‌ കാർ, വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കാം

MyFin Desk

യൂസ്‌ഡ്‌ കാർ, വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കാം
X

Summary

യൂസ്‌ഡ്‌ കാറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ നിരവധിയാണ്. പുതിയ കാർ ഷോറൂമിൽ
പോയി വാങ്ങുന്നത് പോലെയല്ല മറ്റൊരാൾ ഉപയോഗിച്ചശേഷം മറിച്ചുവിൽക്കുന്ന വാഹനങ്ങൾ വാങ്ങുന്നത്


കാർ വിപണിയിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത് യൂസ്‌ഡ്‌ കാർ (ഉപയോഗിച്ച കാർ) മേഖലയിലാണ്. പുതിയ കാർ വാങ്ങാൻ സാധിക്കാത്തവരും അത്രയും...

കാർ വിപണിയിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത് യൂസ്‌ഡ്‌ കാർ (ഉപയോഗിച്ച കാർ) മേഖലയിലാണ്. പുതിയ കാർ വാങ്ങാൻ സാധിക്കാത്തവരും അത്രയും പണം മുടക്കാനില്ലാത്തവർക്കും ഏറെ ആശ്വാസം നൽകുന്നതാണ് യൂസ്‌ഡ്‌ കാറുകളുടെ വിൽപന. ഡ്രൈവിങ് പഠിച്ചശേഷം കുറച്ചുകാലം പഴയവാഹനം വാങ്ങി ഓടിച്ച്
പരിശീലിക്കുന്നവരുടെ എണ്ണവും ധാരാളമാണ്. കാറുടമകൾ ഉപയോഗിച്ച് കാല പഴക്കമെത്തുമ്പോളോ അല്ലെങ്കിൽ പുതിയ മോഡലുകളിലേക്ക് മാറുമ്പോഴോ ആണ് മുഖ്യമായും കാറുകൾ വിൽക്കുന്നത്.

സ്വകാര്യകച്ചവടക്കാർക്ക് പുറമെ വാഹനനിർമാതാക്കളും ഇപ്പോൾ യൂസ്‌ഡ്‌ കാറുകൾ വാങ്ങി വിൽക്കുന്നതിനായി ഷോറൂമുകൾ ആരംഭിച്ചിട്ടുണ്ട്. യൂസ്‌ഡ്‌ കാറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ നിരവധിയാണ്. പുതിയ കാർ ഷോറൂമിൽ
പോയി വാങ്ങുന്നത് പോലെയല്ല മറ്റൊരാൾ ഉപയോഗിച്ചശേഷം മറിച്ചുവിൽക്കുന്ന വാഹനങ്ങൾ വാങ്ങുന്നത്. പുതിയ വാഹനത്തെ പോലെ പലപ്പോഴും കണ്ണുമടച്ച് വിശ്വസിച്ച് വാങ്ങാവുന്നതല്ല യൂസ്‌ഡ്‌ കാറുകൾ എന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്‌.

യൂസ്‌ഡ്‌ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

  1. വാഹനത്തിന്റെ കാലപ്പഴക്കം പ്രത്യേകം ശ്രദ്ധിക്കണം. 15 വർഷമാണ് ഒരു വാഹനത്തിന്റെ കാലാവധി. 15 വർഷം പിന്നിട്ട വാഹനങ്ങൾ കണ്ടം ചെയ്യുകയോ അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ വിവിധ ടെസ്റ്റുകൾ നടത്തി കാലാവധി നിശ്ചിതകാലത്തേക്ക് നീട്ടുകയോ ചെയ്യേണ്ടതുണ്ട്.
  2. വാഹനം എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കിലോമീറ്ററുകൾ അധികം ഓടിയ വാഹനമാണെങ്കിൽ എഞ്ചിൻ ഉൾപ്പടെയുള്ള യന്ത്രഭാഗങ്ങളുടെ പ്രവർത്തനം എത്രമാത്രം കാര്യക്ഷമമാണ് എന്നത് പരിചയസമ്പന്നരായവരുടെ സഹായത്തോടെ പരിശോധിക്കണം.
  3. വാഹനത്തിന്റെ രേഖകൾ എല്ലാം കൃത്യമാണോ എന്ന് വിശദമായി തന്നെ പരിശോധിക്കണം. ഇൻഷ്യൂറൻസ്, നികുതി, വാഹനത്തിന് വായ്പ ഉണ്ടായിരുന്നുവെങ്കിൽ അത് അടച്ച് തീർത്ത് വായ്പ ഏജൻസിയിൽ നിന്ന് എൻ.ഓ.സി വാങ്ങുക എന്നീ കാര്യങ്ങളെല്ലാം ഉറപ്പുവരുത്തണം.
  4. എന്തുകൊണ്ടാണ് ഉടമ വാഹനം വിൽക്കുന്നത് എന്നതും അന്വേഷിക്കണം. ആക്സിഡന്റിൽ പെട്ടവാഹനമാണോ എന്ന് പ്രത്യേകം അന്വേഷിക്കണം. വാഹനം നേരത്തെ അപകടത്തിൽ പെട്ട് ഇൻഷ്യൂറൻസ് ക്ലെയിം ചെയ്തിട്ടുണ്ടോയെന്നത് ഇൻഷ്യൂറൻസ് ഹിസ്റ്ററി എടുത്തുനോക്കിയാൽ അറിയാൻ സാധിക്കും.
  5. വാഹനത്തിന്റെ സർവ്വീസ് ഹിസ്റ്ററി പരിശോധിക്കുന്നത് വാഹനങ്ങളുടെ കണ്ടീഷൻ എങ്ങനെയുണ്ടെന്നത് മനസിലാക്കാൻ എളുപ്പമാണ്. കമ്പനി സർവ്വീസ് സെന്ററുകളിൽ മാത്രം സർവ്വീസ് ചെയ്ത വാഹനമാണ് എങ്കിൽ വാഹനത്തിന്റെ സർവ്വീസ് ഹിസ്റ്ററി
    സർവ്വീസ് സെന്ററുകളിൽ നിന്ന് ലഭ്യമാക്കാവുന്നതാണ്.
  6. വാഹനം ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണം. കേസുകളിൽ പെട്ടവാഹനം മറിച്ച് വിൽക്കുന്നവരും മോഷ്ടിച്ച വാഹനം വിൽക്കുന്ന സംഭവവുമെല്ലാം നമ്മുടെ നാട്ടിൽ‌ പലപ്പോഴും സംഭവിക്കാറുള്ളതാണ്. ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
  7. വാഹനം വാങ്ങുന്നതിന് മുമ്പ് ഓടിച്ച് നോക്കിയിരിക്കണം. ഓടിക്കുമ്പോൾ വാഹന കാര്യത്തിൽ അറിവുള്ള ഒരാളുടെ സഹായം തേടുന്നത് ഗുണകരമാണ്.
  8. വിൽപനാനന്തര സേവനം എന്തെല്ലാമാണ് കച്ചവടക്കാർ നൽകുന്നത് എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. വാഹന നിർമാ‌ണ കമ്പനികളുടെ യൂസ്‌ഡ്‌ കാർ ഔട്ട്ലെറ്റുകൾ വാഹനത്തിന് നിശ്ചിതകാല വാറന്റിയും നിശ്ചിത എണ്ണം ഫ്രീ സർവ്വീസും നൽകുന്നുണ്ട്. മാത്രവുമല്ല, അവർ വാഹനം പരിശോധിച്ച് സെർട്ടിഫൈ ചെയ്തു
    നൽകുന്നുമുണ്ട്.
  9. വാഹനം വാങ്ങിക്കഴിഞ്ഞാൽ വാഹനത്തിന്റെ ഓണർഷിപ്പ് നമ്മുടെ പേരിലേക്ക് കൃത്യമായി മാറ്റിതന്നിട്ടുണ്ട് എന്നത് ഉറപ്പുവരുത്തണം. മുൻ ഉടമയിൽ നിന്ന് സെയിൽ ലെറ്റർ എല്ലാം ലഭിച്ചിട്ടുണ്ടെന്നും വാഹനത്തിനുമേൽ ട്രാഫിക്ക് പെനാലിറ്റി
    ഉൾപ്പടെയുള്ള മറ്റ് ബാധ്യതകൾ ഇല്ലെന്നും ഉറപ്പുവരുത്തിയിരിക്കണം.

യൂസ്‌ഡ്‌ കാറുകളുടെ വിൽപനയ്ക്ക് ഓൺലൈൻ ആയും നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനായി നിരവധി ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. കാർ വാലെ, കാർദേഖോ, ഓല തുടങ്ങിയ നിരവധി പോർട്ടലുകൾ കാർ വിൽപനയ്ക്കൊപ്പം തന്നെ ഈ മേഖലയിലെ മറ്റ് സേവനങ്ങളും നൽകുന്നുണ്ട്.