image

1 Feb 2023 9:31 AM GMT

India

ധനകമ്മി ലക്ഷ്യം കൈവരിക്കും, ഈ വര്‍ഷം 5.9% ആക്കി കുറയ്ക്കും: ധനമന്ത്രി

MyFin Desk

union budget fiscal deficit
X

Summary

  • സാമ്പത്തിക ഏകീകരണം എന്ന ലക്ഷ്യത്തില്‍ ഉറച്ചു നിന്നുകൊണ്ട്, 2025-26 വര്‍ഷത്തില്‍ ധനകമ്മി 4.5% ലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.


ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ധനകമ്മി ലക്ഷ്യം 6.4 ശതമാനമാണെന്നും, 2024 സാമ്പത്തിക വര്‍ഷം 5.9 ശതമാനത്തിലേക്ക് ധനകമ്മി എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നുമാണ് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയത്. സാമ്പത്തിക ഏകീകരണം എന്ന ലക്ഷ്യത്തില്‍ ഉറച്ചു നിന്നുകൊണ്ട്, 2025-26 വര്‍ഷത്തില്‍ ധനകമ്മി 4.5% ലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ധനക്കമ്മി എന്നത് സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്.

2023 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റായ 41 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ബജറ്റ് വകയിരുത്തല്‍ 45 ലക്ഷം കോടി രൂപയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ വകയിരുത്തല്‍ 39 ലക്ഷം കോടി രൂപയായിരുന്നു. മൂലധന ചെലവഴിക്കലില്‍ സര്‍ക്കാരിന്റെ ശ്രദ്ധ തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, 2023 സാമ്പത്തിക വര്‍ഷത്തിലെ മൂലധന ചെലവഴിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 7.3 ലക്ഷം കോടി രൂപയും ബജറ്റ് എസ്റ്റിമേറ്റ് 7.5 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 2024 സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.

സംസ്ഥാനങ്ങള്‍ക്ക് അവരുടെ മൂലധന ആവശ്യങ്ങള്‍ക്കായുള്ള പലിശ രഹിത വായ്പകളും ഇതില്‍ ഉള്‍പ്പെടും. ഈ പിന്തുണ 2024 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടി രൂപയായി വര്‍ധിപ്പിച്ച് 1.3 ലക്ഷം രൂപയാക്കി. 2024 സാമ്പത്തിക വര്‍ഷത്തില്‍ കടമെടുക്കല്‍ ഒഴികെയുള്ള മൊത്തം വരവ് 27.2 ലക്ഷം കോടി രൂപയില്‍ കൂടുതലായിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 24.3 ലക്ഷം കോടി രൂപയാണ്.

മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനം വരെ ധനക്കമ്മി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുമെന്നും, അതില്‍ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെടുത്താമെന്നും ധനമന്ത്രി വ്യക്തമാക്കി.