28 Jan 2026 12:29 PM IST
Kerala Budget 2026 ; എല്ലാവർക്കും വേണ്ടിയുള്ള ബജറ്റ്; കേരളത്തിൻ്റെ മികച്ച ഭാവിക്കായുള്ള ബജറ്റ് പ്രതീക്ഷിക്കാം, ധനമന്ത്രി
Rinku Francis
Summary
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് കേരളത്തിൻ്റെ ഏറ്റവും നല്ല ഭാവി മുന്നിൽ കണ്ടുള്ളതായിരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ മൈഫിൻപോയിൻ്റിനോട് വ്യക്തമാക്കിയിരുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫ് സർക്കാരിൻ്റെ ബജറ്റ് ബാഗിൽ എന്തൊക്കെ?
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണം ഫെബ്രുവരി 29 ന് . കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് ബജറ്റ് എത്തുന്നത്. അതേസമയം സംസ്ഥാന ബജറ്റ് കേരളത്തിൻ്റെ ഏറ്റവും നല്ല ഭാവി ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ മൈഫിൻ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ബജറ്റ് ജനപ്രിയമാകാനുള്ള സാധ്യതകൾ ധനമന്ത്രി ചൂണ്ടിക്കാട്ടി.
'' കേരളത്തിലെ പുതുതലമുറക്കും പഴയ തലമുറക്കും നേട്ടമുണ്ടാകുന്ന ഒരു ബജറ്റ് പ്രതീക്ഷിക്കാം. കേരളം ആളുകൾക്ക് ഏറ്റവുമധികം ആയുർദൈർഘ്യമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ ഉൾപ്പെടെ വളരെ പുരോഗതിയുള്ള സംസ്ഥാനം. എന്നാൽ നമ്മുടെ പ്രായമായവരുടെ ജനസംഖ്യ ഉയരുന്നു. പുതിയ തലമുറ കുറയുന്നു. തുടങ്ങിയ പ്രശ്നങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങളെ എല്ലാം അഭിമുഖീകരിക്കുന്ന ബജറ്റ് പ്രതീക്ഷിക്കാം.
പുറത്തേക്ക് പോയിട്ടുള്ളവർക്ക്, അന്യ സംസ്ഥാനത്ത് ജോലിക്ക് പോയിട്ടുള്ളവർക്ക് കേരളത്തിൽ എത്തി ജോലി ചെയ്യാൻ കഴിയുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ സ്വപ്നം. മറ്റ് സംസ്ഥാനങ്ങൾക്കും ലോകത്തിനും മാതൃകയായ മികച്ച ഒരു കേരളമാണ് നമ്മൾ സ്വപ്നം കാണേണ്ടത്. സംസ്ഥാന സർക്കാരിൻ്റെ നിലപാടുകളിൽ ഇതുണ്ട്. ''ബജറ്റിലും നടപടികൾ പ്രതീക്ഷിക്കാമെന്നാണ് ധനമന്ത്രി ബജറ്റിന് മുന്നോടിയായി പ്രതികരിച്ചത്.
മുടങ്ങി കിടക്കുന്ന പദ്ധതികൾ?
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ആറാമത്തെ ബജറ്റാണ്. വീണ്ടും അടുത്ത പാദത്തിലേക്കുള്ള കടമെടുപ്പ് പരിധി ഏകദേശം 6000 കോടി രൂപയോളം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി കുറച്ചൊന്നുമല്ല ധനവകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ജനപ്രിയ പദ്ധതികൾക്ക് പോയിട്ട് പ്രതിമാസ ചെലവുകൾക്ക് തന്നെ പണം കണ്ടെത്താനാകാത്ത വിധത്തിൽ പ്രതിരോധത്തിലാണ് സർക്കാർ. മുൻബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പല പദ്ധതികൾക്കും തുടർച്ചയില്ല. പദ്ധതി ചെലവുകൾ നേരത്തെ തന്നെ വെട്ടിച്ചുരുക്കിയിരുന്നു.
സംസ്ഥാനത്തിന്റെ ചെലവിന്റെ ഏകദേശം 70 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടയ്ക്കൽ എന്നിവയ്ക്കായി വേണ്ടി വരും. ഇതിനിടയിൽ പുതിയ ക്ഷേമ നടപടികൾക്ക് പണം എങ്ങനെ സമാഹരിക്കുമെന്നതും പദ്ധതികൾക്കായുള്ള വിഭവ സമാഹരണവും ധനവകുപ്പിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളികൂടെയാണ്.
ബജറ്റ് ബാഗിൽ എന്തൊക്കെ?
എങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റായതിനാൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സർക്കാരിൽ നിന്ന് ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസം, വികസനം, ക്ഷേമ പ്രഖ്യപനങ്ങൾ, സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിവ പരിഗണിക്കുമെന്ന് അടുത്തിടെയുള്ള അഭിമുഖങ്ങളിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി 2025 ഒക്ടോബറിൽ, സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ പ്രതിമാസം 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇത്തരം ക്ഷേമപദ്ധതികളുടെ പ്രതിഫലനം ഉണ്ടായിരുന്നില്ല. പ്രകടന പത്രികയിൽ 2500 രൂപയായിരുന്നു വാഗ്ദാനം. ഭരണത്തുടർച്ച ലക്ഷ്യമിടുന്നുള്ള സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റിൽ എന്തൊക്കെ പുതിയ പ്രഖ്യാപനങ്ങളാണ് നടത്തുക എന്നും സംസ്ഥാനം ഉറ്റുനോക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
