image

29 Jan 2026 8:42 PM IST

kerala

വരുന്നു... ദാവോസില്‍ നിന്നുള്ള നിക്ഷേപങ്ങളും റെയര്‍ എര്‍ത്ത് കോറിഡോറും

MyFin Desk

വരുന്നു... ദാവോസില്‍ നിന്നുള്ള നിക്ഷേപങ്ങളും  റെയര്‍ എര്‍ത്ത് കോറിഡോറും
X

Summary

വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താല്‍പര്യ പത്രങ്ങളില്‍ കേരളം ഒപ്പുവെച്ചിരുന്നു. മെഡിക്കല്‍ ടെക്‌നോളജി, റിന്യൂവബിള്‍ എനര്‍ജി, ഡേറ്റാ സെന്ററുകള്‍, എമര്‍ജിംഗ് ടെക്‌നോളജി എന്നീ മേഖലകളിലെ ആഗോള കമ്പനികളാണ് കേരളത്തിലേക്ക് ഇനി വരുന്നത്


അത്യാധുനിക സാങ്കേതികവിദ്യകളിലേക്കും പുനരുപയോഗ ഊര്‍ജ്ജത്തിലേക്കും കേരളം മാറുന്നുവെന്ന് വ്യക്തമാക്കി ബജറ്റ്. വിഴിഞ്ഞം തുറമുഖം ഒരു ലോജിസ്റ്റിക്സ് ഹബ്ബായി വളരുമ്പോള്‍, ദാവോസില്‍ നിന്നുള്ള നിക്ഷേപങ്ങളും റെയര്‍ എര്‍ത്ത് കോറിഡോറും ചേരുന്നതോടെ കേരളത്തിന്റെ ജി.ഡി.പി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന സൂചനയാണ് കേരള ബജറ്റ് നല്‍കുന്നത്.

വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ കേരളം കൊയ്തത് വന്‍ നേട്ടമാണ്. 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താല്‍പര്യ പത്രങ്ങളിലാണ് കേരളം ഒപ്പുവെച്ചത്. മെഡിക്കല്‍ ടെക്‌നോളജി, റിന്യൂവബിള്‍ എനര്‍ജി, ഡേറ്റാ സെന്ററുകള്‍, എമര്‍ജിംഗ് ടെക്‌നോളജി എന്നീ മേഖലകളിലെ കരുത്തരായ 27 ആഗോള കമ്പനികളാണ് കേരളത്തിലേക്ക് വരാന്‍ തയ്യാറെടുക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടം ആഗോളതലത്തില്‍ തന്നെ മാറ്റിവരയ്ക്കുമെന്നും ധന മന്ത്രി വ്യക്തമാക്കി.

പ്രതിരോധം, ബഹിരാകാശ ഗവേഷണം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ തോറിയം, സ്‌കാന്‍ഡിയം തുടങ്ങിയ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വന്‍ ശേഖരം നമ്മുടെ തീരപ്രദേശത്തുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ വിഴിഞ്ഞം തുറമുഖം വഴി ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ഒരു 'റെയര്‍ എര്‍ത്ത് കോറിഡോര്‍' സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ചവറയിലെ കെഎംഎംഎല്ലിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന ഈ കേന്ദ്രം കേരളത്തെ രാജ്യത്തെ ഏറ്റവും വലിയ 'പെര്‍മനന്റ് മാഗ്നറ്റ് ഹബ്ബായി' മാറ്റും. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ്. രാജ്യത്തിന്റെ സുരക്ഷാ-സാങ്കേതിക മേഖലകളില്‍ കേരളം നിര്‍ണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാണിത്.

കെ.എം.എം.എല്‍. കെല്‍ട്രോണ്‍, എന്‍.എഫ്.ടി.ഡി.സി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് റെയര്‍ എര്‍ത്ത് & ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ രൂപീകരിക്കുന്നതിനായി 100 കോടി രൂപ നീക്കി വയ്ക്കുമെന്നും ബജറ്റില്‍ അറിയിച്ചു.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഹൈഡ്രജന്‍ വാലി പദ്ധതിയും ഹൈഡ്രജന്‍ ഇന്ധനാധിഷ്ഠിത സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് നിര്‍ണ്ണായക നടപടി കളിലേക്ക് കടക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ വച്ച് ഗ്രീന്‍കോ കമ്പനിയില്‍ നിന്നും 10,000 കോടി രൂപയുടെ നിക്ഷേപം പുനരുപയോഗ മേഖലയില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ തുക അനുവദിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.