29 Jan 2026 5:15 PM IST
Summary
കാലപ്പഴക്കം ചെന്ന പാലങ്ങളുടെ സംരക്ഷണത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അതിവേഗ റെയില്‍ പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും തുക അനുവദിച്ചു
അടിസ്ഥാന സൗകര്യമേഖലയ്ക്ക് മികച്ച പരിഗണന നല്‍കുന്നതായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. നിരവധി പുതിയ പദ്ധതികളും നടപ്പിലാക്കുന്നവയും പൂര്‍ത്തിയായവയും ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരാമര്‍ശിച്ചു. ഇതില്‍ എടുത്തു പറയേണ്ട നിരവധി വസ്തുതകളിലൊന്നാണ് എംസി റോഡിന്റെ വികസനം.
അഞ്ചു ജില്ലകളിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണ് എംസി റോഡ്. ഇത് നാലുവരി പാതയായി ഉയര്‍ത്തുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 24 മീറ്റര്‍ വീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലാകും റോഡ് നിര്‍മ്മിക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപയാണ് നീക്കിവെക്കുക.
എംസി റോഡിലെ പ്രധാന ടൗണുകളിലുള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ബൈപാസുകളും നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി കൊട്ടാരക്കര ബൈപാസിന് 110.36 കോടിരൂപയുടെ സാമ്പത്തിക അനുമതി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് 17,749.11 കിലോമീറ്റര്‍ റോഡ് ബിഎം& ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. പിഡബ്‌ളിയുഡി ഡോഡുകള്‍ക്കായി 1882 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ഏറെ പ്രാധാന്യമുള്ള കട്ടപ്പന- തേനി തുരങ്കപാതയുടെ സാധ്യതാ പഠനം ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 10 കോടി രൂപവകയിരുത്തി. വയനായ് തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിച്ചതായും ധനമന്ത്രി പറഞ്ഞു.
കാലപ്പഴക്കം ചെന്ന പാലങ്ങളുടെ സംരക്ഷണത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി 46 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റോഡ് ഡിസൈന്‍ നിലവാരം ഉയര്‍ത്താന്‍ 300 കോടിയും വകയിരുത്തി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തീര്‍ത്ഥാടക റോഡുകള്‍ വികസിപ്പിക്കുന്നതിന് 15 കോടിയും അനുവദിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി, ക്ലീന്‍ പമ്പ എന്നിവക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇരു പദ്ധതികള്‍ക്കും 30 കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. അതിവേഗ റെയില്‍ പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
2130 കോടി രൂപ ചെലവില്‍ തീരദേശ പാതയുടെ നിര്‍മ്മാണം നടക്കുകയാണ്. കൂടാതെ 1657 കോടി രൂപചെലവിട്ട് മലയോര പാതയുടെ 212 കിലോമീറ്റര്‍ നിര്‍മ്മിച്ചതായും ധനമന്ത്രി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
