image

29 Jan 2026 9:40 PM IST

kerala

മാനുഫാക്ചറിങ് ഹബ്ബാകുമോ കേരളം?

MyFin Desk

മാനുഫാക്ചറിങ് ഹബ്ബാകുമോ കേരളം?
X

Summary

ബജറ്റില്‍ വ്യവസായ മേഖലയ്ക്കായി മാത്രം മാറ്റിവയ്ക്കുന്നത് 1,417.26 കോടി രൂപയാണ്. നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ഗ്രാമങ്ങളിലേക്കും വ്യവസായം എത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു


ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ നിന്നും ഉല്‍പ്പാദന കേന്ദ്രത്തിലേക്കും വ്യവസായ സൗഹൃദ ഇടനാഴിയിലേക്കും ചുവട് വയ്ക്കാന്‍ കേരളം. ബജറ്റില്‍ വ്യവസായ മേഖലയ്ക്കായി മാത്രം മാറ്റിവയ്ക്കുന്നത് 1,417.26 കോടി രൂപ. ശ്രദ്ധേയമായ കാര്യം, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 122.54 കോടി രൂപ അധികമാണ് എന്നതാണ്.

ധാതു വികസനത്തിനായി 8.20 കോടി രൂപയും വിവരസാങ്കേതിക വിദ്യ അഥവാ ഐടി മേഖലയ്ക്കായി 548.05 കോടി രൂപയും മാറ്റിവെച്ചു. ചുരുക്കത്തില്‍, വ്യവസായവും ധാതുക്കളും എന്ന ബൃഹത്തായ മേഖലയ്ക്ക് ആകെ 1,973.51 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 154.15 കോടി രൂപയുടെ വര്‍ദ്ധനവ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നു എന്നത് സര്‍ക്കാരിന്റെ വ്യവസായത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു.

ഇതിനൊപ്പം വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താന്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള

മിഷന്‍ 1000 പദ്ധതിക്ക് 35 കോടി രൂപയും അനുവദിച്ചു. എംഎസ്എംഇ മേഖലയ്ക്കുള്ള വിഹിതം ഇത്തവണ 310.84 കോടി രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ഗ്രാമങ്ങളിലേക്കും വ്യവസായം എത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഇതിനായി പ്രാദേശിക സര്‍ക്കാരുകളുമായി ചേര്‍ന്ന് 'ഗ്രാമീണ അപ്പാരല്‍ പാര്‍ക്കുകളും' 'ഇലക്ട്രോണിക് അസംബ്ലിംഗ് പാര്‍ക്കുകളും' സ്ഥാപിക്കും. ഓരോ വിഭാഗത്തിനും 10 കോടി രൂപ വീതം ആകെ 20 കോടി രൂപ ഇതിനായി അനുവദിച്ചു.ഇത് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ വലിയ തോതില്‍ സഹായിക്കും.

ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വ്യാപാര മേഖല ആഗോള ശ്രദ്ധ നേടും.

ഇതിന്റെ ഭാഗമായുള്ള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍ക്കായി 17 കോടി രൂപയും, കുറ്റിച്ചലില്‍ 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ 4 കോടി രൂപയും നല്‍കി. കിന്‍ഫ്ര മുഖേന 1000 കോടി രൂപയുടെ വലിയ നിക്ഷേപ പദ്ധതിയും ഇതിനായി ഒരുങ്ങുന്നുന്നുണ്ടെന്ന് കേരള ബജറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.