image

1 May 2023 7:00 AM GMT

Business

ആര്‍എ സംവിധാനത്തിലേക്കു മാറാന്‍ ഒരുമാസം കൂടി; കാര്‍ഗോ കയറ്റുമതിയിലെ പ്രതിസന്ധി തീരുന്നില്ല

MyFin Desk

crisis in cargo exports is not over
X

Summary

  • ഇനി സമയം നീട്ടിനല്‍കില്ലെന്ന് ബിസിഎഎസ്
  • ജീവനക്കാരുടെ അപര്യാപ്തത വെല്ലുവിളി
  • കയറ്റുമതി നിലവില്‍ സി.യു.ഡി.സി.ടി സംവിധാനത്തില്‍


കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുള്‍പ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലുള്ള കാര്‍ഗോ കയറ്റുമതി കേന്ദ്രങ്ങള്‍ക്ക് റെഗുലേറ്റഡ് ഏജന്റ് (ആര്‍.എ) സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) ഒരുമാസത്തേക്കു നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 30 ആയിരുന്നു നേരത്തെ ഇതിനു നിശ്ചയിച്ച സമയപരിധി.

സമ്മര്‍ദം ഫലംകണ്ടു

ആര്‍.എ സംവിധാനത്തിലേക്കു മാറുന്നതിനു വേണ്ട ഭൗതികസൗകര്യങ്ങളൊരുക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്യാതെ തിടുക്കപ്പെട്ട് മാറുന്നത് സംസ്ഥാനത്തുനിന്നുള്ള കയറ്റുമതി സ്തംഭിക്കാനിടവരുത്തുമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.

അവര്‍ ഇക്കാര്യം എം.കെ രാഘവന്‍ എം.പി, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, ബി.സി.എ.എസ് റീജ്യനല്‍ ഡയറക്റ്റര്‍ തുടങ്ങിയവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി എം.കെ രാഘവന്‍ എം.പി ബന്ധപ്പെട്ടു.

ചരക്കുകള്‍ സ്‌ക്രീനിങ് നടത്താന്‍ വേണ്ടത്ര ജീവനക്കാരില്ലാത്ത കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കാര്‍ഗോ ചുമതലയുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെ.എസ്.ഐ.ഇ) വ്യോമയാന മന്ത്രിക്കും ബി.സി.എ.എസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസനും കത്തയക്കുകയും ചെയ്തു.

നിലവില്‍ രാജ്യത്തെ പ്രമുഖ എയര്‍പോര്‍ട്ടുകളെല്ലാം കോമണ്‍ യൂസര്‍ ഡൊമസ്റ്റിക് കാര്‍ഗോ ടെര്‍മിനല്‍ (സി.യു.ഡി.സി.ടി) സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. സി.യു.ഡി.സി.ടി സംവിധാനത്തില്‍ കാര്‍ഗോ കയറ്റുമതി നടത്തുന്ന വസ്തുക്കളുടെ സുരക്ഷാ പരിശോധനകള്‍ അതത് എയര്‍ലൈന്‍ കമ്പനികളുടെ സെക്യൂരിറ്റി ജീവനക്കാരാണ് ചെയ്യുന്നത്.

റെഗുലേറ്റഡ് ഏജന്റ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ കയറ്റുമതി നടത്തുന്ന വസ്തുക്കളുടെ സുരക്ഷാ പരിശോധനകള്‍ ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും മാനേജ് ചെയ്യുന്ന കമ്പനിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിര്‍വഹിക്കണം. ഇതിനായി കമ്പനി തന്നെ വിദഗ്ധരായ സ്‌ക്രീനര്‍മാരെ നേരിട്ട് നിയമിക്കുകയും വേണം.

ഇനി സമയം നീട്ടിനല്‍കില്ലെന്ന് ബി.സി.എ.എസ്

കെ.എസ്.ഐ.ഇ.എലിന്റെ അപേക്ഷ പരിഗണിച്ച് സി.യു.ഡി.സി.ടി സംവിധാനത്തില്‍ നിന്ന് ആര്‍.എയിലേക്കു മാറുന്നതിനുള്ള സമയപരിധി മെയ് 31 വരെ നീട്ടുകയാണെന്ന് ബി.സി.എ.എസ് ജോയിന്റ് ഡയറക്റ്റര്‍ അവദേഷ് പ്രതാപ് സിങ് ഇന്നലെ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ആര്‍.എ സംവിധാനത്തിലേക്കു മാറാന്‍ മതിയായ സമയം കെ.എസ്.ഐ.ഇ.എലിനു നല്‍കിയിട്ടുണ്ടെന്നും ഇനി സമയപരിധി നീട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിശ്ചയിച്ച സമയപരിധിക്കകം ആര്‍.എ സംവിധാനത്തിലേക്കു മാറാന്‍ സാധിക്കുന്നില്ലെങ്കില്‍ കോമണ്‍ യൂസര്‍ ഡൊമസ്റ്റിക് കാര്‍ഗോ ടെര്‍മിനല്‍ സംവിധാനം ഇനിയൊരു മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, ഒരുമാസം കൊണ്ട് പരിശീലനം ലഭിച്ച സ്‌ക്രീനര്‍മാരെ നിയമിക്കാന്‍ കഴിയുമോയെന്നതില്‍ ആശങ്കയുണ്ടെന്നും ബി.സി.എ.എസ് സന്നദ്ധമെങ്കില്‍ ഈ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി നല്‍കാന്‍ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം തയാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു.