image

25 April 2023 9:09 AM GMT

Business

അംബാനി വീണ്ടും പാഡണിയുന്നു; ഐപിഎല്‍ കഴിഞ്ഞാല്‍ ജിയോ സിനിമയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ?

MyFin Desk

അംബാനി വീണ്ടും പാഡണിയുന്നു; ഐപിഎല്‍  കഴിഞ്ഞാല്‍ ജിയോ സിനിമയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ?
X

Summary

  • ജിയോ സിനിമയുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് എത്രയെന്നാണ് ഇനി അറിയാനുള്ളത്
  • ആമസോണിനും ഡിസ്‌നിക്കും നെറ്റ്ഫ്‌ളിക്‌സിനും പിടിച്ചുനില്‍ക്കാന്‍ നിരക്കുകള്‍ കുറയ്‌ക്കേണ്ടി വരും
  • ജിയോ തങ്ങളുടെ മിക്ക പ്ലാനുകള്‍ക്കൊപ്പവും ജിയോ സിനിമ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കുന്നുണ്ട്


ബിസിനസ് തന്ത്രങ്ങളില്‍ മുകേഷ് അംബാനിയെ വെല്ലാന്‍ ഇന്ത്യയില്‍ ആരുമില്ല. അതാണല്ലോ അദ്ദേഹത്തെ രാജ്യത്തെ ശതകോടീശ്വര പട്ടികയില്‍ ഇപ്പോഴും മുന്നില്‍ നിര്‍ത്തുന്നത്. വോഡഫോണും എയര്‍ടെല്ലും ഐഡിയയുമെല്ലാം വാണ ടെലികോം വിപണി ജിയോ പിടിച്ചെടുത്തത് എത്ര സമര്‍ഥമായായിരുന്നു. മുകേഷ് അംബാനി എന്ന ബിസിനസുകാരന്‍ ഒരിക്കല്‍കൂടി പാഡണിയുകയാണ്. ഇത്തവണ സ്ട്രീമിംഗ് സേവനമായ ജിയോ സിനിമക്കു വേണ്ടിയാണ്.

കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലും ആളുകള്‍ ആസ്വദിക്കുന്നത് ജിയോ സിനിമ വഴിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 2.2 കോടിയിലധികം ആളുകള്‍ ലൈവായി ആപ്പില്‍ ഐപിഎല്‍ വീക്ഷിച്ചിരുന്നു. നിലവില്‍ ടെലികോം ബാരിയറുകള്‍ ഇല്ലാതെയാണ് ജിയോ സിനിമ സേവനം നല്‍കുന്നത്. ഈ തന്ത്രം ഉപയോക്താക്കളെ നേടാനാണെന്നും നിരക്കുകള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു.

ജിയോ സിനിമ ഐപിഎല്ലിനു ശേഷം സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി വിപണി പിടിച്ച അതേ തന്ത്രമാണ് ജിയോ സിനിമയിലും അംബാനി നടപ്പാക്കുന്നത്. നിലവില്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ജിയോ സിനിമ ഇതിനകം കോടിക്കണക്കിനു ആരാധകരെ നേടിക്കഴിഞ്ഞു.

നിരക്കുകളുമായെത്തുന്ന ജിയോ സിനിമ നൂറിലധികം സിനിമകള്‍, ടി.വി സീരീസുകള്‍ എന്നിവ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തും. ജിയോയുടെ പ്രഖ്യാപനം ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി ഹോട്ട്സ്റ്റാര്‍ എന്നിവ ആശങ്കയോടെയാണ് കാണുന്നത്. ജിയോ സിനിമയുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് എത്രയെന്നാണ് ഇനി അറിയാനുള്ളത്. തുടക്കത്തില്‍ മറ്റു കമ്പനികളെക്കാളെല്ലാം കുറവായിരിക്കുമെന്ന് ഉറപ്പാണ്.

അപ്പോള്‍ ആമസോണിനും ഡിസ്‌നിക്കും നെറ്റ്ഫ്‌ളിക്‌സിനും പിടിച്ചുനില്‍ക്കാന്‍ നിരക്കുകള്‍ കുറയ്‌ക്കേണ്ടി വരും. ഈ മേഖലയിലെ പ്രൈസ്ര് വാർ ഉപയോക്താക്കള്‍ക്ക് നല്ലതാണെന്നു പറയാമെങ്കിലും വിപണിയുടെ നിയന്ത്രണാവകാശം ജിയോ ഏറ്റെടുക്കുന്നതോടെ പതിയെ നിരക്കുവര്‍ധന വരും. അതാണല്ലോ ടെലികോം മേഖലയില്‍ നാം കണ്ടത്.

ജിയോ തങ്ങളുടെ മിക്ക പ്ലാനുകള്‍ക്കൊപ്പവും ജിയോ സിനിമ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഈ സേവനം തുടര്‍ന്നാല്‍ ജിയോയിലേക്ക് കൂടുതല്‍ ഉപയോക്താക്കള്‍ എത്താനും സാധ്യതയുണ്ട്. ജിയോ സിനിമയുടെ നീക്കം എയര്‍ടെല്ലിനും വൊഡഫോണ്‍ ഐഡിയയ്ക്കും ഭീഷണിയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ ലേലത്തില്‍ ഡിസ്‌നിയേയും സോണി ഗ്രൂപ്പിനെയും പിന്തള്ളി മീഡിയ കമ്പനിയായ വയകോം 18 മീഡിയ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയപ്പോള്‍ തന്നെ അംബാനിയുടെ തന്ത്രങ്ങള്‍ വ്യക്തമായിരുന്നു. റിലയന്‍സിന് വന്‍ പങ്കാളിത്തമുള്ള സ്ഥാപനങ്ങളില്‍ ഒന്നാണ് വയാകോം 18.