26 Dec 2025 4:13 PM IST
Summary
2026 ഓഹരി വിപണിക്ക് എങ്ങനെ? ആഗോള വ്യാപാര സമവാക്യങ്ങള്‍ മാറുന്നത് ഓഹരി വിപണിയെയും ബാധിക്കുമെന്ന് എച്ച്എസ്ബിസി റിപ്പോർട്ട് .
2025 ആഗോള വിപണിയെ സംബന്ധിച്ചിടത്തോളം 'താരിഫ് ഭീകരതയുടെ' വര്‍ഷമാണ്. എച്ച്എസ്ബിസി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2026 ലോകരാജ്യങ്ങള്‍ക്കും വിശേഷിച്ച് ഇന്ത്യയ്ക്കും വലിയൊരു മാറ്റത്തിന്റെ വര്‍ഷമായിരിക്കും. ആഗോള വ്യാപാര സമവാക്യങ്ങള്‍ മാറുന്നത് ഓഹരി വിപണിയെയും സ്വാധീനിക്കും.
തീരുവ യുദ്ധവും ആഗോള വിപണിയും
2025-ല്‍ ലോകം കണ്ടത് വലിയ തോതിലുള്ള യുഎസിൻ്റെ വ്യാപാര തീരുവയാണ്. നിലവില്‍ ലോകത്തിലെ ശരാശരി താരിഫ് നിരക്ക് 14 ശതമാനമാണ്. ഈ ഉയര്‍ന്ന തീരുവകള്‍ ആഗോള സപ്ലൈ ചെയിനെ തകിടം മറിച്ചിരിക്കുകയാണ്. ഇതിൻ്റെ പരിണിത ഫലങ്ങൾ 2026 ൽ പ്രകടമായി തുടങ്ങും. നിക്ഷേപം, പണപ്പെരുപ്പം, പലിശ നിരക്ക് എന്നിവയിലൊക്കെ ഇത് പ്രകടമാകും. അമേരക്കയുമായുള്ള വിവിധ രാജ്യങ്ങളുടെ ബന്ധവിം ഉഭയകക്ഷി കരാറുകളും വരും വര്‍ഷങ്ങളില്‍ ആഗോള വ്യാപാര രംഗം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
രൂപ കൂടുതൽ ഇടിയുമോ?
ആഗോള മാറ്റങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ പ്രഹരം ഏറ്റുവാങ്ങിയത് ഇന്ത്യന്‍ രൂപയാണെന്ന് എച്ച്എസ്ബിസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജൂലൈ 1-ന് ശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യം ഏകദേശം 4.2 ശതമാനമാണ് ഇടിഞ്ഞത്. വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം രൂപയുടേതായി. നമ്മുടെ വ്യാപാരകമ്മിയെ ഉൾപ്പെടെ ഇത് സാരമായി ബാധിക്കുന്നുണ്ട്.
അതേസമയം ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ഇപ്പോഴും ശക്തമാണ്. ഇത് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ സുവര്‍ണ്ണ കാലഘട്ടമാണെന്നും ലോകത്തെ പ്രമുഖ സമ്പദ്വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്നത് ഇന്ത്യയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
ആഭ്യന്തരമായി നാം കരുത്തരാണെങ്കിലും പുറത്ത് നിന്നുള്ള വെല്ലുവിളികള്‍ കനത്തതാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറക്കുമതി തീരുവകള്‍ വര്‍ദ്ധിപ്പിക്കുന്നത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കും. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നു. ഇത് ഇറക്കുമതി ചെലവ് പ്രത്യേകിച്ച് ക്രൂഡ് ഓയില്‍ വര്‍ധിപ്പിക്കുന്നു.ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് അമേരിക്ക.
അമേരിക്കയുമായുള്ള വ്യാപാര കരാര്‍ വൈകുന്നത് നിക്ഷേപകര്‍ക്കിടയില്‍ അനിശ്ചിതത്വം ഉണ്ടാക്കും. ഇന്ത്യന്‍ ഐടി, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍ മേഖലകളുടെ ഭാവിയ്ക്കും കരാർ നിർണായകമാകും. 2026-ൽ ഇന്ത്യൻ ഓഹരി വിപണിയുടെ ചലനത്തിൽ വിദേശ വിപണിയുടെ നീക്കങ്ങളും നിർണായകമാകും.2026-ല്‍ ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റങ്ങളും പലിശ നിരക്കിലെ ചാഞ്ചാട്ടങ്ങളും വിപണിയിൽ നിർണായകമാകുമെന്ന് എച്ച്എസ്ബിസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിന് അനുസരിച്ച് പോർട്ട്ഫോളിയോ ക്രമീകരിക്കാനാണ് നിർദേശം.
പഠിക്കാം & സമ്പാദിക്കാം
Home
