19 Nov 2026 4:01 PM IST
Summary
കമ്പനിയുടെ വരുമാനത്തില്‍ സെപ്റ്റംബര്‍ പാദത്തില്‍ മാത്രം 77% ഇടിവ്, 473 കോടിയില്‍ നിന്ന് 108 കോടിയായി കുറഞ്ഞു
ഇന്ത്യക്കാരുടെ ഇഷ്ട ബ്രാന്‍ഡ് ഓള്‍ഡ് മങ്കിന് വന്‍ തിരിച്ചടി! മഹാരാഷ്ട്രയിലെ ഖോപോളി പ്ലാന്റില്‍ നിര്‍മ്മിച്ച മൂന്ന് ഓള്‍ഡ് മങ്ക് വകഭേദങ്ങളുടെ വില്‍പ്പന ഭക്ഷ്യസുരക്ഷാ അധികൃതര്‍ നിര്‍ത്തിവെച്ചതോടെ കമ്പനിയുടെ വരുമാനം പകുതിയിലധികം ഇടിഞ്ഞു. ഏപ്രില്‍ - സെപ്റ്റംബര്‍ കാലയളവില്‍ വരുമാനം 64% കുറഞ്ഞ് 792 കോടിയില്‍ നിന്ന് 288 കോടിയായി. സെപ്റ്റംബര്‍ പാദത്തില്‍ മാത്രം 77% ഇടിവ്, 473 കോടിയില്‍ നിന്ന് 108 കോടിയിലേക്ക് കുറഞ്ഞു. മോഹന്‍ മീകിന് എന്ന കമ്പനിക്ക് 50 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മഹാരാഷ്ട്ര സര്‍ക്കാരിന് 350 കോടിയുടെ എക്‌സൈസ് നഷ്ടവുണ്ടായി. ഇതോടൊപ്പം 300 തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടമായി.
എന്താണ് FSSAI കണ്ടെത്തിയത്?
റം ഫ്‌ലേവറിംഗ് ചേര്‍ത്ത ന്യൂട്രല്‍ സ്പിരിറ്റ് ഉപയോഗിച്ചാണ് ഓള്‍ഡ് മങ്ക് ഉണ്ടാക്കുന്നതെന്നാണ് ആരോപണം. ഇത് സ്റ്റാന്‍ഡേര്‍ഡ് റം ആയി വില്‍ക്കാന്‍ പറ്റില്ല, റം-ഫ്‌ലേവര്‍ഡ് സ്പിരിറ്റ് എന്ന് ലേബല്‍ ചെയ്യണമെന്നാണ് FSSAI യുടെ വാദം. '7 ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ്', 'വെരി ഓള്‍ഡ് വാറ്റഡ്' തുടങ്ങിയ വിവരണങ്ങളും ചോദ്യം ചെയ്തു.
പുതുക്കിയ ലേബലില്‍ ഓള്‍ഡ് മങ്ക് എത്തും
കമ്പനി ബോംബെ ഹൈക്കോടതിയില്‍ പോയെങ്കിലും നവംബര്‍ 5 ന് ഹര്‍ജി പിന്‍വലിച്ചു. ഏഴ് വര്‍ഷത്തെ പഴക്കമുള്ള അവകാശവാദം നീക്കം ചെയ്യാനും, അധിക ഫ്‌ലേവറിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ വ്യക്തമായി ലേബലില്‍ കൊടുക്കാനും കമ്പനി സമ്മതിച്ചു. പുതുക്കിയ ലേബലുകള്‍ അംഗീകാരത്തിനായി നേരിട്ട് FSSAI ക്ക് നല്‍കും. എന്നാല്‍ വില്‍പ്പന നിയന്ത്രണങ്ങള്‍ നീക്കിയിട്ടില്ല.
ഏഴ് പതിറ്റാണ്ട് പഴക്കമുള്ളതാണ് ഈ ബ്രാന്‍ഡ്. 2002 ല്‍ ബ്രാന്‍ഡിന്റെ വാര്‍ഷിക റം കെയ്‌സുകള്‍ 8 ദശലക്ഷമായിരുന്നു. 2013 ല്‍ 4.1 ദശലക്ഷമായി കുറഞ്ഞു. പിന്നീട് കുതിച്ചുയര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന റം ബ്രാന്‍ഡായിമാറി. 2025 ല്‍ 14 ദശലക്ഷം കെയ്‌സുകളാണ് വിറ്റത്. ഇപ്പോള്‍ എഫ്എസ്എസ്എഐയുടെ പിടിവീണതോടെയാണ് ബ്രാന്‍ഡിന് തിരിച്ചടിയായത്.
പഠിക്കാം & സമ്പാദിക്കാം
Home
