20 Dec 2025 2:21 PM IST
Summary
ക്രിസ്മസ് ദിനത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന പുത്തന്‍ വിമാനത്താവളവും അദാനിയുടെ പുതിയ സ്വകാര്യവല്‍ക്കരണ നീക്കങ്ങളുമൊക്കെ ഇന്ത്യന്‍ ഏവിയേഷന്‍ മേഖലയെ എങ്ങനെയാണ് മാറ്റി മറിക്കുക?
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എയർപോർട്ട് വികസന രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി ഗൗതം അദാനി . അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ഡയറക്ടര്‍ ജീത് അദാനിയാണ് വമ്പന്‍ പ്രഖ്യാപനം നടത്തിയത്.
ഈ വരുന്ന ഡിസംബര്‍ 25-ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കുകയാണ്. 20,000 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച നവി മുംബൈ എയർപോർട്ടിൻ്റെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ വര്‍ഷം തോറും 2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഈ വിമാനത്താവളം, നിലവിലെ മുംബൈ വിമാനത്താവളത്തിലെ തിരക്ക് ഗണ്യമായി കുറയ്ക്കും. തുടക്കത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെയായിരിക്കും പ്രവര്‍ത്തനം. കൊച്ചി ഉള്‍പ്പെടെയുള്ള 16 നഗരങ്ങളിലേക്ക് ഇവിടെ നിന്ന് സര്‍വീസുകള്‍ ഉണ്ടാകും. ഭാവിയില്‍ ഇത് 9 കോടി യാത്രക്കാരെ സ്വീകരിക്കാവുന്ന രീതിയില്‍ വിപുലീകരിക്കും.
വിമാന അറ്റകുറ്റപ്പണി രംഗത്തേക്ക് അദാനി
വെറും വിമാനത്താവളം മാത്രമല്ല, 20 ഹോട്ടലുകളും മോണോറയിലുമുള്ള ഒരു 'ഏറോ സിറ്റി' തന്നെ 2030-ഓടെ ഇവിടെ ഉയരും. വിമാനത്താവളം നടത്തുക മാത്രമല്ല അദാനിയുടെ ലക്ഷ്യം. വിമാനങ്ങളുടെ അറ്റകുറ്റപ്പണി മേഖലയിലേക്കും അദാനി കടക്കുകയാണ്. നിലവില്‍ ഇന്ത്യയിലെ വിമാനങ്ങള്‍ വലിയ അറ്റകുറ്റപ്പണികള്‍ക്കായി വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ ബിസിനസ് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 'അക എന്‍ജിനീയറിങ് സര്‍വീസസിനായി' അദാനി ലേലം വിളിക്കും എന്നാണ് സൂചന. കൂടാതെ, ആഗോള കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാധ്യതയും ഗ്രൂപ്പ് പരിശോധിക്കുന്നുണ്ട്.നിലവില്‍ ഓപ്പറേറ്റിംഗ് പ്രോഫിറ്റിലുള്ള അദാനി എയര്‍പോര്‍ട്ട്‌സ്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ലാഭകരമായ കമ്പനിയായി മാറുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്നൗ ഉള്‍പ്പെടെ 8 വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്ന അദാനി ഗ്രൂപ്പ് ഈ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾക്കൊരുങ്ങുകയാണ്. അടുത്ത 11 വിമാനത്താവളങ്ങള്‍ക്കായി ലേലത്തില്‍ പങ്കെടുക്കുമെന്ന് ജീത് അദാനി വ്യക്തമാക്കി. ഇന്ത്യയുടെ 23% യാത്രക്കാരും 33% കാര്‍ഗോ നീക്കവും ഇപ്പോള്‍ തന്നെ അദാനിയുടെ കീഴിലാണ്.വിമാനത്താവളങ്ങള്‍ വെറും യാത്രാ കേന്ദ്രങ്ങള്‍ മാത്രമല്ല, ഷോപ്പിംഗ്, ഡൈനിംഗ്, സിറ്റി-സൈഡ് ഡെവലപ്മെന്റ് എന്നിവയിലൂടെ വലിയ വരുമാന മാര്‍ഗ്ഗങ്ങളാക്കി മാറ്റാനാണ് അദാനി ലക്ഷ്യമിടുന്നത്.
ഐപിഒ ഉടൻ
അദാനി എയര്‍പോര്‍ട്ട്‌സിന്റെ ഐപിഒ ഉടന്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഈ നിക്ഷേപം നിക്ഷേപകര്‍ക്കും ഏറെ പ്രധാനമാണ്.അദാനി എന്റര്‍പ്രൈസസില്‍ നിന്ന് എയര്‍പോര്‍ട്ട് ബിസിനസിനെ വേര്‍പെടുത്തി ഒരു സ്വതന്ത്ര കമ്പനിയായാണ് ലിസ്റ്റ് ചെയ്യുക. ഇത് നിലവിലെ അദാനി എന്റര്‍പ്രൈസസ് ഓഹരി ഉടമകള്‍ക്ക് നേട്ടമാകും.വരാനിരിക്കുന്ന വാരാണസി, ഭുവനേശ്വര്‍, അമൃത്സര്‍ വിമാനത്താവളങ്ങള്‍ കൂടി അദാനിയുടെ കൈകളില്‍ എത്തിയാല്‍ ഇന്ത്യന്‍ ആകാശത്ത് അദാനിക്ക് എതിരാളികളുണ്ടാകില്ല. സർക്കാരും ഈ രംഗത്ത് കൂടുതൽ കമ്പനികൾ എത്തുന്നത് പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
