25 Nov 2025 9:58 AM IST
Summary
പൈലറ്റ് പരിശീലനം; പുതിയ ബിസിനസുമായി അദാനി
ഇന്ത്യൻ വ്യോമയാന മേഖലയിലേക്കും അദാനി ബിസിനസ് വ്യാപിപ്പിച്ചേക്കും. പൈലറ്റ് പരിശീലന സ്ഥാപനമായ എഫ്‌എസ്‌ടിസി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. വ്യോമയാന പരിശീലന ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം . പരിശീലനം ലഭിച്ച കോക്ക്പിറ്റ് ക്രൂവിന്റെ ആവശ്യകത രാജ്യത്ത് വർധിച്ചുവരുന്നതിനാലാണ് ഈ രംഗത്തും അദാനി ഗ്രൂപ്പ് കൈവയ്ക്കാൻ ഒരുങ്ങുന്നത്. അതേസമയം വിഷയത്തിൽ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അദാനി ഗ്രൂപ്പിന് നിലവിൽ പ്രതിരോധ മേഖലയിൽ സാനിധ്യമുണ്ട്.
പൈലറ്റ് പരിശീലനത്തിനായുള്ള സാങ്കേതിക കേന്ദ്രം ഏറ്റെടുത്താൽ ഈ രംഗത്ത് വലിയ ബിസിനസ് വിപുലീകരണം നടത്താൻ അദാനി ഗ്രൂപ്പിനാകും. ഇത് പൈലറ്റ് പരിശീലനത്തിലും മാറ്റങ്ങൾ കൊണ്ടുവരും. 2012-ൽ സ്ഥാപിച്ച എഫ്‌എസ്‌ടിസി എന്ന പൈലറ്റ് പരിശീലന കേന്ദ്രമാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. കമ്പനിക്ക് ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നാല് പരിശീലന കേന്ദ്രങ്ങളുണ്ട്. ഹരിയാന, സൂററ്റ്, സോളാപുർ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നാല് ഫ്ലൈറ്റ് പരിശീലന അക്കാദമികളും സ്ഥാപനം പ്രവർത്തിപ്പിക്കുന്നുണ്ട്.
ഏറ്റെടുക്കൽ പൂർണമാകുമോ?
പ്രതിരോധ രംഗത്തെ അദാനിയുടെ കമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസും പ്രൈം എയ്‌റോ എന്ന സ്ഥാപനവും ചേർന്ന്, പ്രതിരോധ വ്യോമയാന രംഗത്ത് ഇപ്പോൾ ഒരു സംയുക്ത സംരംഭം പ്രവർത്തിപ്പിക്കുന്നുണ്ട്. ഹൊറൈസൺ എയ്‌റോ സൊല്യൂഷൻസ് എന്നാണ് കമ്പനിയുടെ പേര്. ഈ കമ്പനി മുഖേനയാണ് പുതിയ ഏറ്റെടുക്കൽ ലക്ഷ്യമിടുന്നത്.
ആഭ്യന്തര വ്യോമയാന വ്യവസായ മേഖലയിൽ വലിയ നഷ്ടമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 9,500-10,500 കോടി രൂപയായി നഷ്ടം ഉയരുമെന്നാണ് റിപ്പോർട്ട്. 2026 മാർച്ചോടെ മൊത്തം നഷ്ടം 9,500–10,500 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. യാത്രക്കാരുടെ വളർച്ച കുറഞ്ഞതും വിമാനങ്ങൾ കൂടിയത് മൂലം പ്രവർത്തന ചെലവ് ഉയരുന്നതുമാണ് നഷ്ടം വർധിക്കാൻ കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
