22 Oct 2025 9:00 AM IST
Summary
ടാറ്റ ഏറ്റെടുത്തിട്ടും നഷ്ട കണക്കുകൾ ആവർത്തിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷവും നഷ്ട കണക്കുകൾ ആവർത്തിക്കുകയാണ് എയർ ഇന്ത്യ. നേരത്തെ ലാഭത്തിലായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നഷ്ടമാവട്ടെ മൂന്നുമടങ്ങായി ഉയരുകയും ചെയ്തു. 2025 സാമ്പത്തിക വർഷത്തിൽ 10,900 കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യ മൊത്തത്തിൽ നേരിട്ടത്. ഇതിൽ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മാത്രം നഷ്ടം 5,800 കോടി രൂപയോളമാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് നവീകരണത്തിനായി കോടികളാണ് ടാറ്റ ചെലവഴിച്ചത്. ഡസൻ കണക്കിന് പുതിയ ബോയിംഗ് വിമാനങ്ങൾ വാങ്ങി. പഴയ കാബിനുകൾ പരിഷ്കരിച്ചു. പ്രീമിയം സേവനങ്ങൾ ഉൾപ്പെടുത്തി.
എന്നാൽ പുതിയ ബോയിങ് വിമാനങ്ങൾ പറത്താൻ വേണ്ടത്ര പരിശീലനം ലഭിച്ച പൈലറ്റുമാർ ഇല്ലാത്തത് തുടക്കത്തിൽ തന്നെ പ്രതിസന്ധിയായിരുന്നു. ഇതിന് പരിഹാരം കാണാൻ നിരവധി പുതിയ പൈലറ്റുമാരെ നിയമിച്ചു. പ്രതിമാസം 30 ലക്ഷം രൂപ വരെ നൽകിയായിരുന്നു നിയമനം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ ലയനങ്ങൾ. എയർ ഏഷ്യ ഇന്ത്യ പോലുള്ള ബ്രാൻഡുകൾ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ ആയില്ല.
പുതിയ പരിഷ്കാരങ്ങൾക്കൊന്നും എയർ ഇന്ത്യ എക്സ്പ്രസിനെ രക്ഷിക്കാൻ ആകാത്തതാണ് നിലവിലെ സ്ഥിതി. എയർ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ മുൻവർഷങ്ങളിൽ ലാഭത്തിലെത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസും പിന്നീട് നഷ്ടക്കയത്തിലേക്ക് കൂപ്പുകുത്തി.
എയർ ഇന്ത്യയുടെ കടം 26,879 കോടി രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിൻ്റേത് 617.5 കോടി രൂപയും. ടാറ്റ ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യക്ക് നഷ്ടം കുറച്ച് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. വരുമാനത്തിലും 15 ശതമാനം വർധന നേടിയിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നഷ്ടം 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ മൂന്നുമടങ്ങായി ഉയർന്നത് പ്രതിസന്ധിയാണ്.
മുന്നിലുള്ളത് വലിയ ലക്ഷ്യങ്ങൾ
ടാറ്റ എടുക്കുന്നതിന് മുമ്പ് ഏതാണ്ട് 70,000 കോടി രൂപയുടെ ബാധ്യതകൾ ഉണ്ടായിരുന്ന എയർ ഇന്ത്യ ടാറ്റയുടെ കൈകളിലേക്ക് തന്നെ തിരികെ എത്തുന്നത് ഏറെ പ്രതീക്ഷകളോടെയാണ് രാജ്യം നോക്കി കണ്ടത്. എന്നാൽ പ്രവർത്തന തടസങ്ങളും സർവീസുകളിലെ തടസങ്ങളുമെല്ലാം തുടക്കം മുതൽ തന്നെ യാത്രക്കാരെ നിരാശരാക്കി. എയർ ഇന്ത്യയെ ലോകത്തിലെ തന്നെ മികച്ച വിമാന കമ്പനികൾക്കൊപ്പം എത്തിക്കാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. ഏറ്റവും ഒടുവിൽ സംഭവിച്ച ബോയിങ് 787-8 ഡ്രീംലൈനർ മഹാ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് 265 പേർക്കാണ്. ബ്രാൻഡിൻ്റെ വിശ്വാസ്യതക്ക് വലിയ കളങ്കം ഏൽപ്പിച്ചതായിരുന്നു ഈ ദുരന്തം.
എന്നാൽ ദുരന്തത്തിന് ശേഷവും ബോയിങ് വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ ഉണ്ടെന്ന ആരോപണമുണ്ട്.രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇലക്ട്രോണിക് തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എല്ലാ ബോയിങ് 787വിമാനങ്ങളും പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടത് അടുത്തിടെയാണ്. ഓട്ടോ പൈലറ്റ്, ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങളിലാണ് തകരാർ ഉള്ളതായി പൈലറ്റുമാർ പറയുന്നത്.
ടാറ്റയുടെ ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതുമായ ബോയിങ് വിമാനങ്ങൾ എയർ ഇന്ത്യ പ്രവർത്തിപ്പിക്കുന്നുണ്ട്. ആറ് ബോയിംഗ് 777-300ER വിമാനങ്ങൾക്ക് മാത്രം 1,795 കോടി രൂപയാണ് ടാറ്റ ചെലവഴിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ വൻതുക ചെലവഴിച്ചതു കൊണ്ട് മാത്രം വിമാന സർവീസുകൾ കാര്യക്ഷമമാക്കാൻ ആകില്ലല്ലോ? പരിഹാരം കാണേണ്ട അടിസ്ഥാന പ്രശ്നങ്ങൾ ഇനിയുമൊട്ടേറെ..
പഠിക്കാം & സമ്പാദിക്കാം
Home
