image

10 Jan 2026 1:29 PM IST

India

Ajanta Clock Success Story :ക്ലോക്കുകളുടെ ഏറ്റവും വലിയ വിൽപ്പനക്കാ‍ർ. ​അധ്യാപകൻ തുടങ്ങിയ കമ്പനിയുടെ വരുമാനം 2400 കോടി രൂപ

MyFin Desk

Ajanta Clock Success Story :ക്ലോക്കുകളുടെ ഏറ്റവും വലിയ വിൽപ്പനക്കാ‍ർ. ​അധ്യാപകൻ തുടങ്ങിയ കമ്പനിയുടെ വരുമാനം 2400 കോടി രൂപ
X

Summary

ഒരു ലക്ഷം രൂപ നിക്ഷേപത്തിൽ തുടങ്ങിയ ബിസിനസാണ്. ഇന്ന് വരുമാനം 2400 കോടി രൂപയിലേറെ. അജന്ത ഇന്ത്യയിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് നിർമാതാക്കളിൽ ഒന്നായത് എങ്ങനെ?


ഒരു ലക്ഷം രൂപ കൊണ്ട് ​ഗുജറാത്തിലെ ഒരു അധ്യാപകൻ 1971ൽ തുടങ്ങിയ ഒരു സംരംഭമാണ്. ഇന്ന് കമ്പനിയുടെ വിറ്റുവരവ് 2400 കോടി രൂപയിലേറെ. ഒദവ്ജി രാഘവ്ജി പട്ടേൽ എന്ന സയൻസ് അധ്യാപകൻ ക്ലോക്ക് നി‍ർമാണത്തിലേക്കെത്തി മക്കൾക്കൊപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലോക്ക് നി‍ർമാണ കമ്പനിക്ക് തുടക്കമിട്ട കഥ രസകരമാണ്. ഇന്ന് അജന്ത ക്ലോക്ക് നി‍ർമിക്കുന്ന കമ്പനിക്കുള്ളത് 5000 ത്തിൽ അധികം ജീവനക്കാരാണ്. ഇവരിൽ അധികവും വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്.

വിദേശ സാങ്കേതിക വിദ്യ കരുത്തായി

ക്ലോക്ക് നിർമാണവുമായി ആയിരുന്നു 1971 ൽ രാഘവ്ജി പട്ടേലിൻ്റെ തുടക്കം. പിന്നീട് 1975 ൽ മകൻ പ്രവീൺ പട്ടേലിനെയും രാഘവ്ജി ഒപ്പം കൂട്ടി. ജപ്പാനിലും തായ്‍വാനിലും സഞ്ചരിച്ച് ഇരുവരും ക്ലോക്ക് നിർമാണത്തിൻ്റെ ക്വാർട്സ് സാങ്കേതിക വിദ്യ സ്വയത്തമാക്കിയതാണ് ബ്രാൻഡിൻ്റെ ഗതി മാറ്റിയത്. 1985 ഓടെ കമ്പനി ക്വാർട്സ് ടെക്നോളജിയിലെ ആദ്യ ക്ലോക്കുകളുടെ നിർമാണം തുടങ്ങി.

1991 -96 വർഷങ്ങളിലാണ് കമ്പനി ഓർപറ്റ് എന്ന ബ്രാൻഡിന് കീഴിൽ കാൽക്കുലേറ്ററുകളും ക്ലോക്കുകളും നിർമിക്കുന്നത്. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാൽക്കുലേറ്റർ നിർമാതാക്കളായി കമ്പനി മാറി. പിന്നീട് ഗൃഹോൽപ്പന്നങ്ങളുടെ നിർമാണ രംഗത്തേക്കും കമ്പനി കടന്നു. ഹീറ്റർ, ഗ്രൈൻഡർ, ചോപ്പർ, ബ്ലെൻഡറുകൾ, ഫാൻ എന്നിവയൊക്കെ കമ്പനി നിർമിച്ച് തുടങ്ങി. ഇന്ന ്സ്വിച്ച്ബോർഡുകൾ വരെ ഈ കമ്പനി നിർമിക്കുന്നുണ്ട്. 5600 ജീവനക്കാരിൽ 5000 പേരും വനിതകളാണ്.

ഇന്ന് ഒദവ്ജിയുടെ കൊച്ചുമകൻ നെവിൽ പട്ടേൽ ആണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്. 450 വിതരണക്കാരാണ് കമ്പനിക്കുള്ളത്. 45 രാജ്യങ്ങളിലേക്കാണ് ക്ലോക്കിൻ്റെ കയറ്റുമതി.