10 Dec 2025 1:52 PM IST
Apple Noida : ഇന്ത്യയിൽ ആപ്പിളിൻ്റെ അഞ്ചാമത്തെ സ്റ്റോർ തുറക്കുന്നു; വാടക 5 .4 കോടി രൂപ
MyFin Desk
Summary
പുതിയ ആപ്പിൾ സ്റ്റോർ നോയിഡയിലേക്ക് ; സ്ക്വയർ ഫീറ്റിന് 263 രൂപ വീതമാണ് വാടക
നോയിഡയിൽ ഇന്ത്യയിലെ അഞ്ചാമത്തെ സ്റ്റോർ തുറക്കുകയാണ് ആപ്പിൾ. ഡിഎൽഎഫ് മാളിലാണ് പുതിയ റീട്ടെയിൽ സ്റ്റോർ എത്തുന്നത്. നോയിഡയിലെആപ്പിൾ പ്രേമികൾ വലിയ ആവേശത്തോടെയാണ് ഡിസംബർ 11 ന് പ്രഖ്യാപിച്ചിരിക്കുന്ന ഉദ്ഘാടനം കാത്തിരിക്കുന്നത്. ഡിഎൽഎഫ് മാളിൽ 8,240 ചതുരശ്ര അടി സ്ഥലമാണ് ആപ്പിൾ പാട്ടത്തിന് എടുക്കുന്നത്. വൻ തുകയാണ് വാടകയായി കമ്പനി നൽകുന്നത്.ആറ് യൂണിറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന സ്ഥലമാണ് ഏറ്റെടുക്കുന്നത്. ആപ്പിളിൻ്റെ വലിയ റീട്ടെയ്ൽ സ്റ്റോറുകളിൽ ഒന്നായിരിക്കും ഇത്.
വാടക 15 ശതമാനം വീതം വർധിപ്പിക്കും
ചതുരശ്ര അടിക്ക് 263.15 രൂപയാണ് ആപ്പിൾ വാടകയായി നൽകുന്നത്. പ്രതിമാസം ഏകദേശം 45.3 ലക്ഷം രൂപയായിരിക്കും വാടക. വാർഷികാടിസ്ഥാനത്തിൽ 5.4 കോടി രൂപയാണ് വാടകയായി നൽകേണ്ടി വരിക. അടുത്ത 11 വർഷത്തേക്കാണ് ആപ്പിളിന് സ്റ്റോർ പാട്ടത്തിന് നൽകിയിരിക്കുന്നത്. ആദ്യ വർഷം വാടക നൽകേണ്ടതില്ല എന്നാണ് സൂചന. കരാർ പ്രകാരം ഇടക്കിടക്ക് വാടക വർധിപ്പിക്കാനാകും.ഓരോ മൂന്ന് വർഷത്തിലും 15 ശതമാനം വീതമായിരിക്കും വാടകയിലെ വർധന.
2025 ഡിസംബർ 11 മുതലാണ് ആപ്പിൾ സ്റ്റോർ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുക. റീട്ടെയിൽ രംഗത്തെ സാന്നിധ്യം ഇന്ത്യയിൽ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ആപ്പിളിൻ്റെ പ്രധാന ചുവടുവയ്പ്പാണ് നോയിഡ ഔട്ട്‌ലെറ്റ്. മുംബൈയിലെ ബികെസി, ഡൽഹിയിലെ സാകേത്, പൂനെയിലെ കൊറെഗാവ് പാർക്ക്, ബെംഗളൂരുവിലെ ഹബ്ബാൽ എന്നിവിടങ്ങളിലാണ് ആപ്പിളിൻ്റെ മറ്റ് റീട്ടെയ്ൽ സ്റ്റോറുകൾ.
പഠിക്കാം & സമ്പാദിക്കാം
Home
