image

15 Oct 2025 12:22 PM IST

India

ചെക്ക് വേഗത്തിൽ മാറ്റാം; സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്ന് എൻപിസിഐ

MyFin Desk

ചെക്ക് വേഗത്തിൽ മാറ്റാം; സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്ന്  എൻപിസിഐ
X

Summary

ഒരേ ദിവസമുള്ള ചെക്ക് കൈമാറ്റം; സാങ്കേതിക പ്രശ്നങ്ങൾ ഇനി തടസമാകില്ല


ചെക്കുകൾ ഇനി വേഗത്തിൽ മാറ്റി എടുക്കാം. ഒരേ ദിവസം തന്നെ ചെക്ക് മാറ്റി എടുക്കുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്ന് എൻപിസിഐ.ചെക്കുകൾ ഒരേ ദിവസം തന്നെ മാറ്റി എടുക്കുന്നതിനായി (T+0) എന്ന ചെക്ക് ക്ലിയറിങ് സംവിധാനമാണ് ഈ മാസം മുതൽ നടപ്പാക്കിയത്. നേരത്തെ ബാച്ച് പ്രോസസ്സിംഗ് മോഡൽ (T+1) ആയിരുന്നു. ചെക്ക് ബാങ്കിൽ സമർപ്പിച്ച് അടുത്ത ദിവസങ്ങളിലായിരുന്നു പണം അക്കൌണ്ടിൽ എത്തുന്നത്. എന്നാൽ ഒരേ ദിവസം തന്നെ ചെക്ക് മാറാനാകുന്ന പുതിയ സംവിധാനത്തിലേക്ക് മാറിയപ്പോൾ സാങ്കേതിക തടസങ്ങൾ ഉണ്ടാകുന്നതായി പരാതി ഉണ്ടായിരുന്നു.

ആദ്യ ദിവസങ്ങളിൽ എൻ‌പി‌സി‌ഐയുടെ കേന്ദ്ര സംവിധാനത്തിലും പാർട്ണർ ബാങ്കുകളുടെ സാങ്കേതിക വിദ്യയിലും തടസങ്ങളുണ്ടായി. ഉപഭോക്താക്കളുടെ അക്കൗണ്ടുകലിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിലും റിട്ടേണുകൾ സമർപ്പിക്കുന്നതിലുമൊക്കെ കാലതാമസം നേരിടാൻ ഇത് കാരണമായി.

പുതിയ സംവിധാനം ഒക്ടോബർ നാലുമുതലാണ് ഔദ്യോഗികമായി നടപ്പിലാക്കിയത്. സംവിധാനം നടപ്പാക്കിയതിന് ശേഷം, കേന്ദ്രീകൃത പ്ലാറ്റ്‌ഫോം വഴി 8,49,557 കോടി രൂപയുടെ 1.49 കോടി ചെക്കുകളാണ് ക്ലിയർ ചെയ്തത്. എന്നാൽ പുതിയ സംവിധാനം വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് നടപ്പിലാക്കിയതെന്നും ഇത് ബാങ്ക് ജീവനക്കാർക്ക് വലിയ വെല്ലുവിളിയായെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങളും പരിശീലനത്തിന്റെ അഭാവവും ജോലി സമയം വർധിപ്പിച്ചെന്നും ജീവനക്കാർ വാരാന്ത്യ ഷിഫ്റ്റുകളിലും ജോലി ചെയ്യേണ്ടി വന്നെന്നും ജീവനക്കാർ പറയുന്നു.അതേസമയം നിലവിലെ സാങ്കേതിക, പ്രവർത്തന തകരാറുകൾ പരിഹരിച്ചതായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ സെൻട്രൽ ക്ലിയറിങ് സിസ്റ്റം പ്രവർത്തനങ്ങൾ സ്ഥിരമായതായി എൻപിസിഐ അറിയിച്ചു. ഇനിയും പ്രശ്നങ്ങൾ ഉണ്ടായാൽ ബാങ്കുകളുമായി സഹകരിച്ച് പ്രശ്നപരിഹാരം ഉറപ്പാക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.