image

31 Jan 2026 12:46 PM IST

India

CJ Roy Confident Group Memoir : കോൺഫിഡൻ്റ് ​ഗ്രൂപ്പിന് പിന്നിലെ കോൺഫിഡൻ്റായിരുന്ന മുഖം; നൊമ്പരച്ചിത്രമായി സിജെ റോയി...

Rinku Francis

CJ Roy Confident Group Memoir : കോൺഫിഡൻ്റ് ​ഗ്രൂപ്പിന് പിന്നിലെ കോൺഫിഡൻ്റായിരുന്ന മുഖം; നൊമ്പരച്ചിത്രമായി സിജെ റോയി...
X

Summary

CJ Roy Memoir : ഇടത്തരക്കാരൻ്റെ അഫോഡബിൾ ഹൗസിങ് സ്വപ്നങ്ങളെ 'സ്മൈൽ ഹോംസ് ' എന്ന് പേരിട്ട് വിളിച്ച്, അതിന് ലക്ഷ്വറിയുടെ നിറങ്ങൾ നൽകി കൂടെ നിന്ന ബിൽഡർ. സിജെ റോയിയുടേത് കോൺഫിഡൻ്റ് ഗ്രൂപ്പിന് പിന്നിലെ കോൺഫിഡൻ്റായിരുന്ന മുഖം..


പതിറ്റാണ്ടുകളുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് പാരമ്പര്യം ഒന്നുമില്ലാതെ, സ്വയം പഠിച്ചെടുത്ത ചില പാർട്ണർഷിപ്പ് പാഠങ്ങളുമായി റിയൽ എസ്റ്റേറ്റ് ​രംഗത്തേക്കിറങ്ങിയയാൾ. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പിന്നീട് ശതകോടികൾ വാരുന്ന വ്യവസായി ആയി സിജെ റോയി വള‍ർന്നത് ശരവേഗത്തിലാണ്.

2005 ൽ സ്ഥാപിച്ച കോൺഫിഡൻ്റ് ഗ്രൂപ്പിന് കീഴിൽ ബെംഗളൂരുവിലും കേരളത്തിലും ദുബായിലുമായി പടർന്ന് പന്തലിച്ചത് 100 കണക്കിന് ഏക്കർ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ. അഫോഡബ്ൾ ലക്ഷ്വറി എന്നാൽ കോൺഫിഡന്റ് ഗ്രൂപ്പ് എന്ന് മലയാളികൾ ആദ്യം ചിന്തിക്കുന്ന രീതിയിലേക്ക് വിശ്വാസ്യതയാർജിച്ചെടുത്ത ഒരു ബിൽഡർ. ബെംഗളൂരുവിലെ കമ്പനി ആസ്ഥാനത്ത് റോയി സ്വയം വെടിവെച്ച് മരിച്ചു എന്ന വാർത്തയുടെ ഞെട്ടലിലാണ് ബിസിനസ് ലോകം. സിജെ റോയി അത് ചെയ്യുമെന്ന് പല‍ർക്കും വിശ്വസിക്കാൻ ആകുന്നില്ല..

വലിയ കടബാധ്യതകളുടെ ഊരാക്കുടുക്കിൽ നിന്ന് രക്ഷപെടാനാകില്ലെന്ന് കരുതി ആത്മഹത്യ ചെയ്ത നിരവധി വ്യവസായികളുണ്ട്. കഫെ കോഫി ഡേ ചെയർമാൻ ആയിരുന്ന വിജെ സിദ്ധാർത്ഥയുടേത് ഉദാഹരണം. എന്നാൽ എടുത്താൽ പൊങ്ങാത്ത കടബാധ്യതകളോട് പടവെട്ടി ബിസിനസ് തിരിച്ചുകൊണ്ടുവരുന്ന സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഡ്ഗെ എന്ന വനിതയുടെ നിശ്ചയദാർഡ്യം പിന്നീട് അതിലേറെ ചർച്ചയായി.

പക്ഷേ സിജെ റോയിയുടെ പശ്ചാത്തലം ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. കടബാധ്യതകളില്ലാതെ പ്രോജക്റ്റുകൾ പൂർത്തിയാക്കുന്നയാൾ എന്നതായിരുന്നു പൊതുവായുള്ള വിശേഷണം.

മിഡിൽക്ലാസുകാരൻ്റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന ബിൽഡർ

ഇടത്തരക്കാരൻ്റെ അഫോഡബിൾ ഹൗസിങ് സ്വപ്നങ്ങളെ 'സ്മൈൽ ഹോംസ് ' എന്ന് പേരിട്ട് വിളിച്ച്, അതിന് ലക്ഷ്വറിയുടെ നിറങ്ങൾ നൽകാനാകുമോ എന്ന് 2017-ൽ റോയി ചിന്തിച്ചപ്പോൾ പല ബിൽഡർമാരും എതി‍ർത്തു. റിയൽ എസ്റ്റേറ്റ് രം​ഗത്ത് അഫോഡബ്ൾ ഹൗസിങ് പ്രോജക്റ്റുകൾ ലാഭകരമാകില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു. എന്നാൽ കോൺഫിഡൻ്റായി തന്നെ സർക്കാരിൻ്റെ പിഎംഎവൈ പദ്ധതിക്ക് റോയ് പിന്തുണ നൽകി.

12 - 18 ലക്ഷം രൂപ വാർഷിക വരുമാനമുള്ള മിഡിൽ ക്ലാസുകാരൻ്റെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നത്തെ ഏറ്റവും മനോഹരമായി പൂർത്തിയാക്കാൻ സ‍ർക്കാരിന് പിന്തുണ നൽകി. മറ്റ് പല ബിൽഡർമാരും മടിച്ച സ്ഥാനത്തായിരുന്നു ഇത്. നിറഞ്ഞ ചിരിയോടെ ജീവിതത്തെയും തികഞ്ഞ ആത്മവിശ്വാസത്തോടെ ബിസിനസിനെയും സമീപിച്ചിരുന്ന ഒരു വ്യവസായി.

ഇഡി റെയിഡുകൾക്ക് പിന്നിലെ യാഥാർഥ്യം എന്താണ്?

നിരന്തരമായ ആദായ നികുതി വകുപ്പിൻ്റെ റെയിഡുകളുടെ തുടർച്ചയായി ഒടുവിൽ ജീവനൊടുക്കിയിരിക്കുന്നു എന്ന വാ‍ർത്ത അമ്പരപ്പിക്കുന്നതാണ്.ദുബായിലായിരുന്ന റോയിയെ ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ സീലുവെച്ചിരുന്ന ലോക്കറുകൾ റോയിയുടെ സാനിധ്യത്തിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. റെയിഡിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് ഓഫീസുകൾ മുഴുവൻ ബെംഗളൂരുവിലായിരുന്നിട്ടും കർണാടകയിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അല്ല കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു ഒടുവിൽ റെയിഡിനെത്തിയത് എന്നതും ശ്രദ്ധേയമാണ്.

അപൂർണമാക്കിയ 'പ്രോജക്റ്റ്'

ദിവസേന മുന്നിലെത്തുന്ന പല പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറുന്നവരാണ് ബിസിനസുകാർ. തങ്ങൾക്ക് മാത്രമല്ല ചുറ്റുമുള്ളവർക്കെല്ലാം തണലാകുന്നവർ. ജോലി നൽകുന്ന തൊഴിലാളികളെ മാത്രമല്ല അവരുടെ കുടുംബങ്ങളെ കൂടെയാണ് അദൃശ്യമായ കരങ്ങൾ കൊണ്ട് സംരംഭകർ ചേർത്തുപിടിക്കുന്നത്. അത്തരം ഒരാളായിരുന്നു റോയിയും. ഏറ്റെടുക്കുന്ന പ്രോജക്റ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർബന്ധമുണ്ടായിരുന്നയാൾ. പക്ഷേ ഒടുവിൽ ഒട്ടേറെ ചോദ്യങ്ങൾ അവശേഷിപ്പിച്ച് കൊണ്ട് ജീവിതത്തിൽ നിന്ന് അപൂർണമായ ഒരു പടിയിറക്കം ..