image

28 Sep 2023 7:15 AM GMT

India

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ കുതിപ്പ്, തിരിച്ചടവിന്റെ കാര്യത്തിൽ ആശങ്ക

MyFin Desk

boom in credit card usage
X

Summary

  • ചെലവാക്കാനുള്ള ശേഷിയേക്കാള്‍ ചെലവാക്കാനുള്ള താല്‍പര്യമാണ് വര്‍ധിച്ചിരിക്കുന്നത്.


രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ റെക്കോർഡ് വര്‍ധന. ഉയര്‍ന്നുവരുന്ന കടബാധ്യതയും സമ്പാദ്യത്തിലെ ഇടിവുമാണ് ക്രെഡിറ് കാർഡിനെ കൂടുതൽ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഉത്സവ സീസൺ അടുക്കുന്നതോടെ ക്രെഡിറ് കാർഡിന്റെ ഉപയോഗം കുത്തനെ കൂടി. സാമ്പത്തിക ഞെരുക്കത്തിലായിരിക്കുന്ന കാർഡ് ഉടമകൾ വായ്‌പകൾ തിരിച്ചടക്കുമോ എന്ന ആശങ്ക ധനകാര്യ സ്ഥാപനങ്ങളിൽ ശക്തമായി നിലനിൽക്കുന്നു.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ജൂലൈയില്‍ 1.45 ലക്ഷം കോടി കാര്‍ഡ് പേയ്‌മെന്റുകള്‍ നടത്തിയിരുന്നെങ്കില്‍ ഓഗസ്റ്റില്‍ ഇത് 1.48 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വായ്പകള്‍ സുരക്ഷിതമല്ല. ഉയര്‍ന്ന അപകടസാധ്യതകളുള്ളവയാണിത്. വര്‍ഷാവസാനം സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണെങ്കില്‍ പ്രത്യകിച്ചും, ' എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റ് രൂപ റെഹ നിത്സുര്‍ പറഞ്ഞു.

കടം വാങ്ങിയുള്ള ചെലവ് വര്‍ധന, ബാങ്കിംഗ് കടം കൊടുക്കുന്നതിന്റെ റീട്ടെയ്ല്‍ സെഗ്മന്റ് വളരാന്‍ സാധ്യത കൂടുതലാണ്. കൊവിഡ്‌ന് ശേഷം ബാങ്കുകള്‍ കൂടുതല്‍ വ്യക്തിഗത വായ്പകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ബിസിനസ് വായ്പകള്‍ പിന്നോട്ടുപോക്കാണ് രേഖപ്പെടുത്തിയത്. 2019 മുതല്‍ ഇതുവരെയുള്ള ബാങ്കുകളുടെ റീട്ടെയില്‍ ലോണ്‍ പോര്‍ട്ട്ഫോളിയോ ഇരട്ടിയായിട്ടുണ്ട്. ഇത് നയ കര്‍ത്താക്കളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഇവ ശ്രദ്ധിക്കാം

തിരിച്ചടവ് കാലാവധി അനുസരിച്ച് വായ്പ യഥാസമയം തിരിച്ചടയ്ക്കാന്‍ ശ്രദ്ധിക്കണം. വൈകിയുള്ള തിരിച്ചടവുകള്‍ക്ക് അധിക പലിശ നല്‍കേണ്ടി വരും. മാത്രമല്ല ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഫണ്ട് അത്യാവശ്യമുള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് മേലുള്ള വായ്പ സഹായകരമായൊരു സാമ്പത്തിക ഉപകരണമാണ്. എന്നിരുന്നാലും ശ്രദ്ധയോടെ മാത്രമേ വായ്പയെ സമീപിക്കാന്‍ പാടുള്ളൂ. ഉത്തരവാദിത്തത്തോടെ കടം വാങ്ങുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എടുക്കുന്നതിന് മുന്‍പായി നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി മനസ്സിലാക്കിയിരിക്കണം. പലിശ നിരക്കും തിരിച്ചടവ് കാലാവധിയും പരിഗണിക്കുക. വായ്പ ലഭ്യമാണെന്നതിനാല്‍ വായ്പ എടുക്കുന്നതിന് പകരം, ബാങ്ക് നല്‍കിയ പലിശ നിരക്കിലും തിരിച്ചടവ് കാലാവധിയിലും മുടക്കമില്ലാതെ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടോയെന്ന് സ്വയം വിലയിരുത്തണം.