image

29 Oct 2025 11:01 AM IST

India

ചിറക് തള‍ർന്ന് ആകാശ; റെഡ് ഫ്ലാ​ഗ് കാട്ടി ഡിജിസിഎ

Rinku Francis

ചിറക് തള‍ർന്ന് ആകാശ; റെഡ് ഫ്ലാ​ഗ് കാട്ടി ഡിജിസിഎ
X

Summary

ജുൻജുൻവാലയുടെ മരണശേഷം ദിശ തെറ്റിയ ആകാശ എയറിനു മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികൾ


ബജറ്റ് വിമാനങ്ങളുമായി സർവീസ് നടത്തിയ ആകാശ എയറിലെ പ്രതിസന്ധി രൂക്ഷമാകുകയാണോ? ഏവിയേഷൻ രംഗത്തെ കിടമത്സരവും പ്രതിസന്ധിയും അതിജീവിക്കാൻ എയർലൈനാകുമോ? ആകാശയുടെ നിലവിലെ പ്രതിസന്ധിക്കിടയിൽ റെഡ് ഫ്ലാഗുമായി ഡിജിസിഎഐയും. നടപടിക്രമങ്ങളിലെ ആവർത്തിച്ചുള്ള വീഴ്ചകൾ ഡിജിസിഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ എയർലൈന്റെ ഡാറ്റയുടെ സമഗ്രമായ അവലോകനത്തിന് ശേഷമാണ് നിരീക്ഷണം.

ആകാശ എയറിൻ്റെ ഡോക്യുമെൻ്റേഷനിൽ ഉൾപ്പെടെ പൊരുത്തക്കേടുകൾ ഉള്ളതായി ഡിജിസിഎ ചൂണ്ടിക്കാട്ടി. വിമാന സുരക്ഷ മാത്രമല്ല, സുരക്ഷാ മാനേജ്മെന്റ് സിസ്റ്റം, ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിമിതി തുടങ്ങിയ വിഷയങ്ങളും ഡിജിസിഎ ഇപ്പോൾ അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ഡിജിസിഎ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മറുപടി നൽകുമെന്ന് ആകാശ എയർ വ്യക്തമാക്കി. നിലവിൽ 30 വിമാനങ്ങളുമായി ആണ് ആകാശ എയർ സർവീസ് നടത്തുന്നത്.

വൻകിട നിക്ഷേപകനായ രാഖേഷ് ജുൻജുൻവാലയുടെ സ്വപ്ന പദ്ധതിയായിരുന്നു രാജ്യത്തെ ആഭ്യന്തര സർവീസുകൾക്കായി ഒരു ബജറ്റ് കാരിയർ. 3.5 കോടി ഡോളറോളം ചെലവഴിച്ച് എയർലൈൻ്റെ 40 ശതമാനം ഓഹരികൾ ജുൻജുൻവാല സ്വന്തമാക്കിയിരുന്നു. എന്നാൽ ജുൻജുൻവാലയുടെ മരണശേഷം ആകാശ എയറിന് പലപ്പോഴായി ദിശ തെറ്റി. പൈലറ്റുമാരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് വാർത്തയായി.

ഉയരുന്ന പ്രവർത്തന ചെലവുകൾ

2023-24 സാമ്പത്തിക വർഷത്തിൽ ആകാശ എയർ മൊത്തം1,670 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവുകൾ, നെറ്റ്‌വർക്ക് വിപുലീകരണം, ജീവനക്കാരുടെ ചെലവുകൾ തുടങ്ങി പ്രവ‍ർത്തന ചെലവുകൾ ഉയ‍ർന്നത് നഷ്ടം വ‍ർധിപ്പിച്ചു. അതേസമയം ആകാശ എയറിന്റെ വരുമാനം ഉയരുന്നുണ്ട്. 2024 സാമ്പത്തിക വ‍ർഷത്തിൽ 3,144 കോടി രൂപയായിരുന്നു വരുമാനം. വരുമാനം ഗണ്യമായി ഉയർത്തി നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് മുന്നോട്ട് പോകുന്നത് ആകാശ എയറിനും എളുപ്പമാവില്ല.

2021 ഡിസംബറിലാണ് എയർലൈൻ സ്ഥാപിച്ചത്.ഇൻഡിഗോ മേധാവിയായിരുന്ന ആദിത്യ ഘോഷ്, മുൻ ജെറ്റ് എയ‍ർവെയ്സ് മേധാവി വിനയ് ദുബെ എന്നിവര്‍ ചേ‍ർന്നാണ് തുടക്കം മുതൽ എയര്‍ലൈന് നേതൃത്വം നൽകുന്നത്.വിമാന നിരക്കുകൾ സംബന്ധിച്ച എയർലൈനുകളുടെ ശക്തമായ കിടമത്സരവും കൊവിഡ് കാലത്തെ നഷ്ടവും പ്രവർത്തന ചെലവുകളിലെ വർധനയുമെല്ലാം ഏവിയേഷൻ മേഖലയെ ബാധിച്ചിരുന്നു. പൊതുവായ മാന്ദ്യം ആകാശക്കും വെല്ലുവിളിയായി. ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയൊരു ബജറ്റ് കാരിയർ ഇനി വിജയിപ്പിക്കാനാകുമോ എന്ന ചോദ്യം തുടക്കം മുതൽ തന്നെ ഉയർന്നതുമാണ്.