image

30 March 2026 8:33 PM IST

India

പെന്‍സില്‍ മുനയിലെ 'കോടി'ക്കിലുക്കം; ഡിജിറ്റല്‍ യുഗത്തിലും വിപണി കീഴടക്കി ഡോംസ്

MyFin Desk

പെന്‍സില്‍ മുനയിലെ കോടിക്കിലുക്കം;   ഡിജിറ്റല്‍ യുഗത്തിലും വിപണി കീഴടക്കി ഡോംസ്
X

Summary

ഈ ഡിജിറ്റല്‍ വിപ്ലവത്തിനിടയിലും തളരാതെ വളരുന്ന ഒരു വമ്പന്‍ വിപണിയുണ്ട് നമ്മുടെ നാട്ടില്‍. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ വരുമാനം കൊയ്യുന്ന ഇന്ത്യന്‍ സ്റ്റേഷനറി ബ്രാന്‍ഡുകളുടെ വിജയരഹസ്യം തേടിപ്പോയാല്‍ ചെന്നെത്തുന്നത് അത്ഭുതപ്പെടുത്തുന്ന ഒരു ബിസിനസ്സ് ലോകത്തേക്കാണ്


ടാബുകളും സ്റ്റൈലസ് പേനകളും സ്‌ക്രീനുകളും ഭരിക്കുന്ന ഈ ആധുനിക കാലത്ത്, ഒരു മരപ്പെന്‍സിലിന് എന്ത് സ്ഥാനമാണുള്ളതെന്ന് നമ്മള്‍ ചിന്തിച്ചേക്കാം. 'വെറുമൊരു പെന്‍സില്‍ കൊണ്ട് ആരെങ്കിലും പണക്കാരനാകുമോ?' എന്ന ചോദ്യം സ്വാഭാവികം. പഴയ തലമുറയ്ക്ക് സ്‌കൂള്‍ ക്ലാസുകളിലെ മനോഹരമായ ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ് പെന്‍സിലുകളെങ്കില്‍, പുതിയ തലമുറയ്ക്ക് എഴുത്തും വരയും സ്‌ക്രീനുകളിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. എന്നാല്‍, ഈ ഡിജിറ്റല്‍ വിപ്ലവത്തിനിടയിലും തളരാതെ വളരുന്ന ഒരു വമ്പന്‍ വിപണിയുണ്ട് നമ്മുടെ നാട്ടില്‍. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ വരുമാനം കൊയ്യുന്ന ഇന്ത്യന്‍ സ്റ്റേഷനറി ബ്രാന്‍ഡുകളുടെ വിജയരഹസ്യം തേടിപ്പോയാല്‍ ചെന്നെത്തുന്നത് അത്ഭുതപ്പെടുത്തുന്ന ഒരു ബിസിനസ്സ് ലോകത്തേക്കാണ്.

സ്‌കൂള്‍ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം പരിസരങ്ങളിലുള്ള സ്റ്റേഷനറി കടകളായിരിക്കും. മിഠായികള്‍ക്കപ്പുറം, വിവിധ വര്‍ണ്ണങ്ങളിലുള്ള പെന്‍സിലുകളും മണമുള്ള ഇറേസറുകളും മിനുസമുള്ള ഡയറിക്കുറിപ്പുകളും നിറഞ്ഞ ആ ലോകം ഒരു അത്ഭുതക്കാഴ്ചയായിരുന്നു. ഒരുകാലത്ത് വിദേശ ബ്രാന്‍ഡുകളെ കൗതുകത്തോടെ നോക്കിനിന്ന ആ കൊച്ചു കടകളില്‍ നിന്ന്, ഇന്ന് ഇന്ത്യയുടെ സ്വന്തം 'ഡോംസ്' (DOMS) എന്ന ഒരു സാധാരണ പെന്‍സില്‍ ബോക്‌സിനെ ആഗോള വിപണിയിലെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയ കഥയാണിത്.

ഈ വിജയഗാഥയ്ക്ക് പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ വലിയൊരു പോരാട്ടമുണ്ട്. 2002-ല്‍ ഒരു റോഡപകടത്തില്‍ പിതാവിനെ നഷ്ടപ്പെട്ട 24-കാരനായ സന്തോഷ് രവേഷിയയുടെ കൈകളിലേക്കാണ് തകര്‍ന്നുവീണ സ്വപ്നങ്ങളുമായി ആ ബിസിനസ് എത്തിയത്. വെറും മൂന്ന് ഉല്‍പ്പന്നങ്ങളുമായി തുടങ്ങിയ ആ യാത്ര ഇന്ന് ഇന്ത്യയിലെ സ്റ്റേഷനറി വിപണിയെ അടിമുടി മാറ്റിമറിച്ചു. 'ഏറ്റവും ബുദ്ധിമുട്ടുള്ള ഇടത്ത് വിജയിച്ചാല്‍ ലോകം കീഴടക്കാം' എന്ന പിതാവിന്റെ ഉപദേശം ശിരസാവഹിച്ച സന്തോഷ്, കടുത്ത വിശ്വസ്തതയുള്ള കര്‍ണാടക വിപണിയില്‍ നിന്നാണ് തന്റെ ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. ആ വെല്ലുവിളി ഏറ്റെടുത്തതാണ് ഡോംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റ്.

മാര്‍ക്കറ്റിംഗിനായി കോടികള്‍ ഒഴുക്കുന്നതിന് പകരം ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തിലാണ് ഡോംസ് ശ്രദ്ധിച്ചത്. പെന്‍സിലിനാവശ്യമായ മരത്തടി മുതല്‍ ലെഡും പെയിന്റും വരെ സ്വന്തമായി നിര്‍മ്മിക്കുന്ന 'ബാക്ക്വേര്‍ഡ് ഇന്റഗ്രേഷന്‍' രീതി അവര്‍ നടപ്പിലാക്കി. ഇതോടെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനും ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. കാലങ്ങളായി ഇന്ത്യന്‍ വിപണി അടക്കിഭരിച്ചിരുന്ന നടരാജ്, അപ്സര തുടങ്ങിയ ബ്രാന്‍ഡുകളുടെ കുത്തക തകര്‍ത്താണ് ഡോംസ് മുന്നേറിയത്. പെന്‍സില്‍ മുന ഒടിയാത്തതും ആകര്‍ഷകമായ ഡിസൈനുകളും ഡോംസിനെ കുട്ടികളുടെയും കലാകാരന്മാരുടെയും പ്രിയപ്പെട്ടതാക്കി മാറ്റി.

ഇറ്റാലിയന്‍ ഭീമനായ FILAയുമായുള്ള പങ്കാളിത്തം ഡോംസിനെ ഒരു ആഗോള ബ്രാന്‍ഡായി മാറാന്‍ സഹായിച്ചു. ഇന്ന് ഉത്തരേന്ത്യയില്‍ 35 ശതമാനവും പടിഞ്ഞാറന്‍ ഇന്ത്യയില്‍ 25 ശതമാനവും വിപണി വിഹിതമുള്ള ഈ ബ്രാന്‍ഡ്, പതിനായിരത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളിലൂടെ ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കഴിഞ്ഞു.

നിലവില്‍ 40-ലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഡോംസ്, ഇന്ത്യന്‍ വ്യവസായ ലോകത്തെ ഒരു വിസ്മയമാണ്. പതിറ്റാണ്ടുകളായി വിശ്വാസ്യത നിലനിര്‍ത്തുന്ന നടരാജും അപ്‌സരയും ഒരുവശത്ത് നില്‍ക്കുമ്പോള്‍ തന്നെ, 2023-ല്‍ ഐപിഒയുമായി ഓഹരി വിപണിയില്‍ ചുവടുറപ്പിച്ച ഡോംസ് പുതിയ ചരിത്രം എഴുതുകയാണ്. 2025-ല്‍ മ്പനിയുടെ പ്രവര്‍ത്തന വരുമാനം 24ശതമാനം വര്‍ധിച്ച് 1912 കോടിയിലെത്തിയിരുന്നു. ഇന്ന് ഇന്ത്യയിലെ സ്‌റ്റേഷനറി വിപണിയില്‍ രണ്ടാം സ്ഥാനം ഡോംസിനാണ്.

വെറുമൊരു പെന്‍സില്‍ മുനയില്‍ നിന്ന് തുടങ്ങിയ ഈ സ്വപ്നം, വരുംതലമുറയുടെ സര്‍ഗ്ഗാത്മകതയ്ക്ക് നിറം പകര്‍ന്ന് അതിന്റെ ജൈത്രയാത്ര തുടരുന്നു. ഡിജിറ്റല്‍ യുഗത്തിലും ഓരോ പെന്‍സില്‍ മുനയിലും ഇന്ത്യന്‍ സ്വപ്നങ്ങളുടെ കരുത്തുണ്ടെന്ന് ഇവര്‍ ലോകത്തിന് കാട്ടിക്കൊടുക്കുന്നു.