image

24 May 2023 6:19 AM GMT

India

കയറ്റുമതി കുത്തനെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ

MyFin Desk

കയറ്റുമതി കുത്തനെ വര്‍ധിപ്പിക്കാന്‍  ലക്ഷ്യമിട്ട് ഇന്ത്യ
X

Summary

  • 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യണ്‍ ഡോളറായി
  • സര്‍ക്കാരിന്റെ ലക്ഷ്യം മറികടന്ന വളര്‍ച്ച
  • കോവിഡ് പ്രതിസന്ധി അവസരമാക്കി രാജ്യം


കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി മുതല്‍ ചൈനയുമായുള്ള സംഘര്‍ഷം വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം ടേം സംഭവബഹുലമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം പുറത്തുകടന്ന ഇന്ത്യ കയറ്റുമതി കുത്തനെ വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഇത് ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക ലക്ഷ്യത്തെത്തന്നെ മറികടന്നു.

മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികള്‍ ചരക്കുകളുടെ ഒരു പ്രധാന കയറ്റുമതിക്കാരാകാന്‍ രാജ്യത്തെ സഹായിച്ചു.

പുതിയ വിദേശ വ്യാപാര നയം ഇന്ന് ഉറച്ചതാണ്. കയറ്റുമതിക്കാര്‍ക്ക് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് പ്രോസസ് റീ-എന്‍ജിനീയറിംഗിലൂടെയും ഓട്ടോമേഷനിലൂടെയും 2030 ഓടെ കയറ്റുമതി രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.

വിതരണശൃംഖലയില്‍ ഉണ്ടായിരുന്ന പ്രതിസന്ധികള്‍ രാജ്യം തരണം ചെയ്തു കഴിഞ്ഞു.

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ആഘാതം, ആഗോളതലത്തിലെ പണപ്പെരുപ്പത്തിന്റെ കുതിച്ചുചാട്ടം എന്നിവയെല്ലാം ലോകത്ത് സാമ്പത്തികമായി ഞെരുക്കം സൃഷ്ടിച്ചു. ഭാവിയെ അനിശ്ചിതത്വത്തിലാക്കി.

എന്നാല്‍ ന്യൂഡെല്‍ഹി സൂഹൃദ് രാജ്യങ്ങളുമായി അടുത്തിടപഴകുകയും ചൈനയില്‍ നിന്ന് പുറത്തേക്കു പോകുന്ന വ്യവസായങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ഇന്ന് സേവന മേഖലയില്‍ ഇന്ത്യ ഒരു നേതാവായി ഉയര്‍ന്നുവരുകയാണ്. ഇക്കാരണത്താല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകും.

നടപടിക്രമങ്ങളില്‍ ഇളവ് വരുത്തി സാങ്കേതികവിദ്യ ഉപയോഗിച്ച് അന്താരാഷ്ട്ര ചരക്കുകളുടെ കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തില്‍ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ശേഷി വര്‍ധിപ്പിക്കുന്നതിനും കയറ്റുമതി ഉയര്‍ത്തുന്നതിനും സാമ്പത്തികവും അല്ലാതെയുമുള്ള പിന്തുണ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. പൊതുവെ സര്‍ക്കാര്‍ രാജ്യത്തിന് കൂടുതല്‍ സാമ്പത്തിക അഭിവൃദ്ധിയാണ് വാഗ്ദാനം ചെയ്തത്.

ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളുമായി സ്വതന്ത്ര വ്യാപാര ഉടമ്പടികള്‍ ഒപ്പുവെച്ചിട്ടുണ്ട്. മറ്റ് ചിലയിടത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതേസമയം ഇന്ത്യ പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തില്‍ നിന്ന് അകന്നതായും ആരോപണം ഉണ്ട്.

പുതിയ തരത്തിലുള്ള ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഉള്‍ക്കൊള്ളുന്ന വ്യവസായത്തിന്റെ (വേഗത്തില്‍ വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നവ)സെക്റ്ററുകളില്‍ തെരഞ്ഞെടുത്തവയ്ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്തി. ചൈനയില്‍ നിന്നുള്ളവയ്ക്ക് ആന്റിഡമ്പിംഗ് തീരുവ ചുമത്തുകയും ചെയ്തു. ഇത് ആഭ്യന്തര വ്യവസായത്തെ ശ്കതിപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ ആയിരുന്നു. കൂടെ പുതിയ മാനദണ്ഡങ്ങളും ഗുണനിലവാര നിയന്ത്രണവും കൊണ്ടുവന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി മാറുകയും കയറ്റുമതിയുടെ വലിയൊരുഭാഗം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഇടത്തരം ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് ജീവിതം സുഗമമാക്കുന്നതിന് പരിഷ്‌കാരങ്ങളുടെ ഒരു ശ്രേണിതന്നെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ കൊറോണ പകര്‍ച്ചവ്യാധിക്കാലമാണ് ഉപയോഗപ്പെടുത്തിയത്.

അതിനായി കയറ്റുമതി വൈവിധ്യവല്‍ക്കരിച്ചു.

യുഎസും ചൈനയും ഏറ്റവും വലിയ വ്യാപാര പങ്കാളികളായി തുടരുമ്പോഴും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യ ബഹുദൂരം മുന്നോട്ടു പോയതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും അനുബന്ധമേഖലകളിലുംപകര്‍ച്ചവ്യാധിയുടെ കാലത്ത് പോലും രാജ്യം കുതിച്ചുചാട്ടം നടത്തി. സേവനമേഖലയില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി.

സാങ്കേതിക വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക, ഇ-കൊമേഴ്സ് കയറ്റുമതി സുഗമമാക്കല്‍, കയറ്റുമതി പ്രോത്സാഹനത്തിനായി സംസ്ഥാനങ്ങളുമായും ജില്ലകളുമായും സഹകരിക്കല്‍ തുടങ്ങിയ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ചൈനയില്‍ നിന്ന് പുറത്തേക്ക് നീങ്ങുന്ന ബിസിനസ്സുകളുടെയും വിതരണ ശൃംഖലകളുടെയും ഭൂരിഭാഗം രാജ്യത്തിന് നേടാനായാല്‍ വ്യവസായരംഗം തന്നെ കുതിച്ചുയരും. ഇതിനായി കഴിയുന്നതെല്ലാം ഇന്ന് ന്യൂഡെല്‍ഹി ചെയ്യുന്നുണ്ട്.

ആപ്പിളിന്റെയും ടെസ്ലയുടെയും താല്‍പ്പര്യം തന്നെ മികച്ച വാര്‍ത്തയാണ്.

എന്നാല്‍ ആഗോള വിതരണ ശൃംഖലയുടെ ഒരു പ്രധാന ഭാഗമായി രാജ്യം മാറുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.