image

19 May 2026 8:14 PM IST

India

എഫ്ടിഎ വെറും തുടക്കം; ആഗോള വിപണി പിടിച്ചടക്കാന്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ആഹ്വാനം

MyFin Desk

piyush goyal criticizes us tariff policy
X

Summary

വരും മാസങ്ങളില്‍ ഒമാന്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ് എന്നിവയുമായുള്ള വ്യാപാര കരാറുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇരിക്കെ, ഇന്ത്യന്‍ കമ്പനികള്‍ ആഗോള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും സജീവമായി രംഗത്തിറങ്ങണം


ഇന്ത്യ ഒപ്പുവെക്കുന്ന പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ കേവലം ഇറക്കുമതി കൂട്ടാനുള്ള വഴിയാക്കരുതെന്നും, ആഗോള വിപണിയിലേക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റി അയക്കാനുള്ള സുവര്‍ണ്ണാവസരമായി വ്യവസായ ലോകം ഇതിനെ മാറ്റണമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന അസോചം ബിസിനസ് റിഫോം ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും മാസങ്ങളില്‍ ഒമാന്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ് എന്നിവയുമായുള്ള വ്യാപാര കരാറുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇരിക്കെ, ഇന്ത്യന്‍ കമ്പനികള്‍ ആഗോള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും സജീവമായി രംഗത്തിറങ്ങണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.

വ്യാപാര കരാറുകള്‍ നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ വിദേശ വിപണികളിലേക്ക് സാമ്പിളുകളും ട്രയല്‍ ഓര്‍ഡറുകളും അയച്ച് ബന്ധങ്ങള്‍ ശക്തമാക്കാന്‍ കയറ്റുമതിക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദശകത്തില്‍ യുഎഇ, ആസിയാന്‍ രാജ്യങ്ങള്‍, ദക്ഷിണ കൊറിയ എന്നിവരുമായി ഒപ്പുവെച്ച കരാറുകള്‍ക്ക് ശേഷം ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലാണ് വന്‍ വര്‍ദ്ധനവുണ്ടായത്. ഉദാഹരണത്തിന്, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 13 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നപ്പോള്‍ ഇറക്കുമതി 24 ബില്യണ്‍ ഡോളറായാണ് വര്‍ദ്ധിച്ചത്. ഈ പശ്ചാത്തലത്തില്‍, നിലവിലുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ കരാറുകള്‍ പുനഃപരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈലുകള്‍, ഓട്ടോ ഘടകങ്ങള്‍, ഇലക്ട്രോണിക്‌സ് ഫിനിഷ്ഡ് ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമായ ഗുണനിലവാരമുള്ള യന്ത്രസാമഗ്രികളുടെയും കൃത്യതയുള്ള ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിയെ ഭയപ്പെടേണ്ടതില്ലെന്നും, ഇത്തരം ഉല്‍പ്പാദനക്ഷമമായ ഇറക്കുമതികള്‍ വ്യവസായ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവിലെ ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളെ ഒരു വെല്ലുവിളിയായല്ല, മറിച്ച് ഇന്ത്യയ്ക്ക് ബിസിനസ് പ്രക്രിയകള്‍ ശക്തിപ്പെടുത്താനുള്ള മികച്ച അവസരമായാണ് കാണേണ്ടതെന്ന് പീയൂഷ് ഗോയല്‍ വ്യവസായ മേഖലയോട് ആഹ്വാനം ചെയ്തു. വേഗത്തിലുള്ള പരിഷ്‌കാരങ്ങളിലൂടെയും ശക്തമായ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിലൂടെയും ഇന്ത്യന്‍ വ്യവസായ രംഗത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.