image

15 Nov 2025 9:16 PM IST

India

ആഭരണങ്ങളുടെ കയറ്റുമതി ഇടിഞ്ഞത് 31ശതമാനം

MyFin Desk

ആഭരണങ്ങളുടെ കയറ്റുമതി ഇടിഞ്ഞത് 31ശതമാനം
X

Summary

നവംബറില്‍ കയറ്റുമതി വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ സംഘടന


ഒക്ടോബറില്‍ ഇന്ത്യയുടെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയില്‍ വന്‍ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 30.57 ശതമാനം കുറഞ്ഞ് 2,168.05 മില്യണ്‍ ഡോളറായതായി വ്യവസായ സംഘടനയായ ജിജെഇപിസി അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഈ മേഖലയിലെ മൊത്തം കയറ്റുമതി 3,122.52 മില്യണ്‍ ഡോളര്‍ ആയിരുന്നുവെന്ന് രത്‌ന-ആഭരണ കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

'ഒക്ടോബറില്‍ മൊത്തത്തിലുള്ള കയറ്റുമതിയില്‍ ഇടിവുണ്ടായതിന് പ്രധാന കാരണം യുഎസ് താരിഫ് നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യകത വര്‍ദ്ധിച്ചതാണ്. ഉത്സവങ്ങള്‍ക്കായുള്ള മിക്ക സംഭരണങ്ങളും ഓഗസ്റ്റ് 27 ന് മുമ്പാണ് നടന്നത്. അതിനാല്‍ ഒക്ടോബറില്‍ ഡിമാന്‍ഡ് കുറഞ്ഞു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചത് ബുള്ളിയന്‍ വിലയിലെ ചാഞ്ചാട്ടമാണ്,' ജിജെഇപിസി ചെയര്‍മാന്‍ കിരിത് ബന്‍സാലി പിടിഐയോട് പറഞ്ഞു.

എങ്കിലും, ചൈനീസ് വിപണികള്‍ സാവധാനം വ്യാപാരം വീണ്ടെടുക്കുന്നതിനാല്‍ നവംബറില്‍ കയറ്റുമതി വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റ് പ്രധാന വിപണികളില്‍ ക്രിസ്മസ് ഡിമാന്‍ഡ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ വെട്ടി മിനുക്കിയ വജ്രങ്ങളുടെ കയറ്റുമതി 26.97 ശതമാനം കുറഞ്ഞ് 1,025.99 മില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,404.85 മില്യണ്‍ ഡോളറായിരുന്നു. മിനുക്കിയ ലാബ്-ഗ്രോണ്‍ വജ്രങ്ങളുടെ കയറ്റുമതിയും ഒക്ടോബറില്‍ 34.90 ശതമാനം കുറഞ്ഞ് 94.37 മില്യണ്‍ ഡോളറിലെത്തി.

സ്വര്‍ണാഭരണ കയറ്റുമതിയും 28.4 ശതമാനം ഇടിഞ്ഞ് 850.15 മില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,187.34 മില്യണ്‍ ഡോളറായിരുന്നു. അതുപോലെ, ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ നിറമുള്ള രത്‌നക്കല്ലുകളുടെ കയറ്റുമതി 3.21 ശതമാനം കുറഞ്ഞ് 250.14 മില്യണ്‍ ഡോളറിലെത്തി.

2024 ലെ ഇതേ കാലയളവിലെ 145.05 മില്യണ്‍ ഡോളറില്‍ നിന്ന് ഒക്ടോബറിലെ വെള്ളി ആഭരണ കയറ്റുമതി 16 ശതമാനം കുറഞ്ഞ് 121.37 മില്യണ്‍ ഡോളറുമായതായി ഡാറ്റ വ്യക്തമാക്കുന്നു.