image

13 Nov 2025 12:04 PM IST

India

Groww App Valuation:ഫിൻടെക്ക് സ്റ്റാറായി ഗ്രോ; ജോലി വിട്ട് മൂന്നു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ സ്റ്റാർട്ട്പ്പ്, മൂല്യം 80000 കോടി രൂപയിലേക്ക്

Rinku Francis

fintech star groww to rs 80,000 crore valuation
X

നാലു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ സംരംഭമാണ്. ഇപ്പോൾ മൂല്യം 80000 കോടി രൂപയിലേക്കുള്ള കുതിപ്പിൽ. ഐപിഒക്ക് ശേഷം മൂല്യം കുതിച്ചുയർന്നതോടെ ഗ്രോ ഫിൻടെക്ക് രംഗത്തെ സ്റ്റാറായി. സ്വന്തം ഒരു ബിസിനസിനായി ജോലി ഉപേക്ഷിച്ച സുഹൃത്തുക്കൾ സ്വപ്നം കണ്ടതിലും അപ്പുറത്തേക്ക് ഗ്രോയുടെ മൂല്യം ഉയർന്നു. ലിസ്റ്റിങ്ങിന് ശേഷം 76000 കോടി രൂപയിലേറെയായി മൂല്യം ഉയർന്നിട്ടുണ്ട്. 2016 ലാണ് ഫ്ലിപ്കാർട്ട് ജീവനക്കാരായ ലളിത് കെശ്രെ, ഹർഷ് ജെയിൻ, ഇഷാൻ ബൻസാൽ, നീരജ് സിംഗ് എന്നിവർ ജോലി ഉപേക്ഷിച്ച് ഗ്രോക്കായി ഇറങ്ങി പുറപ്പെടുന്നത്.

മൂലധന വിപണിയുടെ സാധ്യതകളും ഇന്ത്യാക്കാരുടെ ഇടയിൽ ഇതിനെ കുറിച്ചുള്ള അവബോധമില്ലാത്തതുമാണ് ഗ്രോ പോലുള്ള ഒരു പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിനെക്കുറിച്ച് ഇവരെ ചിന്തിപ്പിച്ചത്. 2017 ൽ ഒരു ഡിജിറ്റൽ മ്യൂച്വൽ ഫണ്ട് വിതരണ പ്ലാറ്റ്‌ഫോമായാണ് ഗ്രോ പ്രവർത്തനം ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ മ്യൂച്വൽ ഫണ്ട് നിക്ഷേപ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി മാറി. പിന്നീട് ഓഹരി വിപണയുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ നൽകുന്ന പ്ലാറ്റ്‌ഫോമായി.

ഇന്ന്, ഇന്ത്യയിലുടനീളമുള്ള 900ലധികം നഗരങ്ങളിലായി 1.5 കോടിയിലധികം ഉപയോക്താക്കൾ നിക്ഷേപ ആവശ്യങ്ങൾക്കായി ഗ്രോ ആപ്പ് ഉപയോഗിക്കുന്നു. കോവിഡ് കാലത്ത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഓൺലൈനിൽ ട്രേഡിങ് ആരംഭിച്ചത് സെറോദ, ട്രെഡ്, ഗ്രോ പോലുള്ള ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾക്ക് ഗുണകരമായി. 2021 ഏപ്രിലിൽ സ്റ്റാർട്ടപ്പ് യൂണികോണായി മാറിയിരുന്നു.

വളർത്തിയത് വൻകിട നിക്ഷേപകർ

പീക്ക് എക്സ് വി പാർട്ണേഴ്സ്, റിബിറ്റ് ക്യാപിറ്റൽ, ടൈഗർ ഗ്ലോബൽ, വൈ കോമ്പിനേറ്റർ എന്നിവയുൾപ്പെടെയുള്ള ആഗോള നിക്ഷേപകർ ഗ്രോയിൽ നിക്ഷേപിച്ചിട്ടുണ്ട്. ബോണ്ടുകൾ, ഡെറിവേറ്റീവുകൾ പോലുള്ള പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ കമ്പനിക്ക് ഇത് സഹായകരമായി.

എൻഎസ്ഇയിലെ ആക്ടീവ് ഉപയോക്താക്കളുടെ കണക്ക് എടുത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ നിക്ഷേപ പ്ലാറ്റ്‌ഫോമാണ് ഗ്രോയുടെ മാതൃസ്ഥാപനമായ ബില്യൺബ്രെയിൻസ് ഗാരേജ് വെഞ്ച്വേഴ്‌സ്. സ്റ്റോക്കുകൾ, ഡെറിവേറ്റീവുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, പേഴ്സണൽ ലോണുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.