27 Nov 2023 2:05 PM IST
Summary
- വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ ജപ്പാന്റേത് സ്ഥിരം പങ്കാളിത്തം
- ഉച്ചകോടിയുടെ പത്താം പതിപ്പ് ജനുവരി 10മുതല്‍12വരെ
- ഗുജറാത്ത് പ്രതിനിധി സംഘം ഡിസംബര്‍ 2ന് സിംഗപ്പൂരും സന്ദര്‍ശിക്കുന്നുണ്ട്
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024ന്റെ പ്രചരണാര്‍ത്ഥം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനില്‍. ഉച്ചകോടിയുടെ പത്താം പതിപ്പ് 2024 ജനുവരി 10 മുതല്‍ 12 വരെ അഹമ്മദാബാദിൽ നടക്കും.
ബിസിനസുകാർക്കും സര്‍ക്കാരുകള്‍ക്കും നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും, പങ്കാളിത്തം സ്ഥാപിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ ഉച്ചകോടി പ്രവര്‍ത്തിക്കുമെന്നു ഗുജറാത്ത് സർക്കാർ അവകാശപ്പെടുന്നു. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് അവിടെയെത്തിയ മുഖ്യമന്ത്രി പട്ടേലിനെ സ്വീകരിച്ചു.
യമനാഷി പ്രിഫെക്ചര്‍ ഗവര്‍ണര്‍ കൊറ്റാരോ നാഗസാക്കിയുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് പ്രതിനിധി സംഘ൦ യമനാഷി ഹൈഡ്രജന്‍ കമ്പനി സന്ദര്‍ശിച്ചു. ഹരിത ഹൈഡ്രജന്‍ മേഖലയില്‍ ഗുജറാത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് അവര്‍ യമനാഷി ഗവര്‍ണറുമായി ചര്‍ച്ച നടത്തി.
പട്ടേലിനെയും സംഘത്തെയും സ്വീകരിച്ച ഗവര്‍ണര്‍ , അവരുടെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയില്‍ ജപ്പാന്‍ സ്വീകരിക്കുന്ന പുതിയ സമീപനങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിനിധി സംഘത്തെ ധരിപ്പിച്ചു.
ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍, നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍, കാര്‍ബണ്‍ എമിഷന്‍ ടാര്‍ഗെറ്റ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വീകരിച്ച വിവിധ സംരംഭങ്ങളുടെ വിശദാംശങ്ങള്‍ ഗുജറാത്ത് മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു. .
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് - 2024 ൽ പങ്കെടുക്കാനും, പുനരുപയോഗ ഊര്‍ജം, ഹരിത ഹൈഡ്രജന്‍ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും പട്ടേല്‍ നാഗസാക്കിയെ ക്ഷണിച്ചു.
പട്ടേലിന്റെ നേതൃത്വത്തില്‍, ഉച്ചകോടിയുടെ പ്രചരണത്തിന്റെ ഭാഗമായി പ്രമുഖ വ്യവസായികളുമായും ജപ്പാനിലെ മറ്റു വിവിധ പ്രവിശ്യകളിലെ ഗവര്‍ണര്‍മാരുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ഇതിനായി സംസ്ഥാനം ജപ്പാനിൽ റോഡ് ഷോ സംഘടിപ്പിക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
ഉച്ചകോടിക്ക് മുന്നോടിയായി ഗുജറാത്തില്‍ നിന്നുള്ള ഉന്നതതല സംഘം സിംഗപ്പൂരും സന്ദര്‍ശിക്കും.
2009 മുതല്‍ വൈബ്രന്റ് ഉച്ചകോടിയില്‍ ജപ്പാന്‍ പങ്കാളിത്ത രാജ്യമാണ്. പത്താം പതിപ്പിലും ജപ്പാന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രയോജനപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.
നവംബര്‍ 27ന് ടോക്കിയോയിലെ ഇന്ത്യന്‍ എംബസി ഓഫീസില്‍ മുഖ്യമന്ത്രി ഹ്രസ്വ സന്ദര്‍ശനം നടത്തും.
ഗുജറാത്തിന്റെ സാമ്പത്തിക വികസനത്തില്‍ ജപ്പാനെ പങ്കാളിയാക്കുന്നതിനും പരസ്പര സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തുന്നതിനുമായി തിങ്കളാഴ്ച ജപ്പാന്‍ സർക്കാർ, വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ മേധാവികളുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തും.
അടുത്ത ദിവസം, മുഖ്യമന്ത്രിയും സംഘവും ജപ്പാന്‍ എക്‌സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ (ജെട്രോ), ടോക്കിയോ ഗവര്‍ണര്‍, ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ (ജെബിഐസി) ഗവര്‍ണര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പഠിക്കാം & സമ്പാദിക്കാം
Home
