15 Jan 2026 5:15 PM IST
Summary
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും, തുടര്‍ന്ന് ജനുവരി 27 ന് നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയില്‍ വ്യാപാര കരാര്‍ ഒരു പ്രധാന വിഷയമാകുമെന്നാണ് വിലയിരുത്തല്‍
യൂറോപ്യന്‍ യൂണിയനുമായി ദീര്‍ഘകാലമായി കാത്തിരുന്ന വ്യാപാര കരാര്‍ ഒപ്പിടുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ഇന്ത്യ. ജനുവരി 26 ഓടെ ചര്‍ച്ചകള്‍ അവസാനിക്കുമെന്നും വ്യാപാര സെക്രട്ടറി രാജേഷ് അഗര്‍വാള്‍.
ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരണത്തോട് വളരെ അടുത്താണെന്ന് അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യയിലെയും യൂറോപ്യന്‍ യൂണിയനിലെയും മുതിര്‍ന്ന നേതാക്കള്‍ ഈ മാസം അവസാനം ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് കരാര്‍ ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ കഴിയുമോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
അതേസമയം, ജനുവരി 26 ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുന്‍നിര യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് ജനുവരി 27 ന് ഇന്ത്യ-ഇയു ഉച്ചകോടി നടക്കും. അന്ന് കരാര്‍ ഒപ്പിടാന്‍ സാധ്യതയേറെയാണെന്ന് കരുതപ്പെടുന്നു.
കരാര്‍ അന്തിമമായാല്‍, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, വിപണി പ്രവേശനവുമെല്ലാം ശക്തിപ്പെടും. ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഇരുപക്ഷവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കൂടാതെ, ഒപ്പുവച്ചുകഴിഞ്ഞാല്‍, ഈ കരാര്‍ യൂറോപ്യന്‍ യൂണിയന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായി മാറും. ആഗോള ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരുന്ന ഒരു വിപണിയിലേക്ക് പ്രവേശനം അനുവദിക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൃഷി ഒരു സെന്‍സിറ്റീവ് വിഷയമായി തുടരുന്നു. രാജ്യത്ത് ഏകദേശം 4ശതമാനം തൊഴിലാളികളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇത് അംഗീകരിച്ചുകൊണ്ട്, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കരാറിന് പുറത്തായിരിക്കുമെന്ന് ഇയു അംഗീകരിച്ചു.
ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍. 2024-25 ല്‍ ഉഭയകക്ഷി വ്യാപാരം 136 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. കരാര്‍ പൂര്‍ത്തിയായാല്‍, ഇത് ഇന്ത്യയുടെ 19-ാമത് വ്യാപാര കരാറായി മാറും.
പഠിക്കാം & സമ്പാദിക്കാം
Home
