25 Sept 2026 1:04 PM IST
Summary
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ രാജ്യത്തേക്ക് വലിയ തോതിൽ നിക്ഷേപം ആകർഷിച്ചെന്ന് വ്യവസായ മന്ത്രി പീയുഷ് ഗോയൽ.
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ഒഴുകുന്നു.2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി. 9453 കോടി ഡോളറായാണ് വിദേശ നിക്ഷേപം ഉയർന്നത്. 2014 മുതൽ മൊത്തം നിക്ഷേപം 84300 കോടി ഡോളറിലെത്തിയതായി വ്യവസായ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ രാജ്യത്തേക്ക് വലിയ തോതിൽ നിക്ഷേപം ആകർഷിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഹാർഡ്‌വെയർ തുടങ്ങിയ മേഖലകൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ ലഭിച്ചത്.
വരുന്നു കൂടുതൽ ഗ്രീൻഫീൽഡ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾ
ആഗോളതലത്തിൽ മത്സരശേഷിയുള്ള ഉൽപ്പാദന മേഖല കെട്ടിപ്പടുക്കാൻ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്.നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് കീഴിൽ രാജ്യത്തുടനീളം 'ഗ്രീൻഫീൽഡ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾ' സ്ഥാപിക്കുകയാണെന്നും പീയുഷ് ഗോയൽ പറയുന്നു.
മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം പിഎൽഐ പദ്ധതികൾ വഴി മാത്രം 2.40 ലക്ഷം കോടി രൂപയുടെ യഥാർത്ഥ നിക്ഷേപം എത്തിയിട്ടുണ്ട്. ഇതിലൂടെ ഉൽപ്പാദനവും വിൽപ്പനയും കുതിച്ചുയർന്നു.15.2 ലക്ഷം കോടി രൂപയുടേതാണ് കയറ്റുമതി. 14.6 ലക്ഷത്തിലധികം നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നും വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി. 'മേക്ക് ഇൻ ഇന്ത്യ' കാമ്പെയ്‌നിന്റെ 12-ാം വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാന മേഖലകളിലെ പരിഷ്കാരങ്ങൾ നിക്ഷേപത്തിനും ഉൽപ്പാദനത്തിനും അവസരങ്ങൾ സൃഷ്ടിച്ചതായി അദ്ദേഹം സൂചിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
