29 Nov 2025 5:12 PM IST
താരിഫ് വര്‍ധനയെ തുടർന്ന് യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഇടിഞ്ഞു. കയറ്റുമതി പ്രമോഷന്‍ മിഷന്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം
MyFin Desk
Summary
കയറ്റുമതി 28.5 ശതമാനം കുറഞ്ഞു
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ താരിഫ് വര്‍ദ്ധനവിന്റെ ഫലമായി വലിയ ഇടിവ് നേരിട്ടു. 2025 മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, കയറ്റുമതി 28.5 ശതമാനം കുറഞ്ഞു. 8.83 ബില്യണ്‍ ഡോളറില്‍ നിന്ന് 6.31 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് പറയുന്നു.
ഏപ്രില്‍ 2 ന് 10 ശതമാനത്തില്‍ ആരംഭിച്ച യുഎസ് തീരുവയില്‍ ദ്രുതഗതിയിലുള്ള വര്‍ദ്ധനവിനെത്തുടര്‍ന്ന് കയറ്റുമതിയില്‍ ഇടിവ് ഉണ്ടായി. താരിഫുകളിലെ വര്‍ദ്ധനവ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന യുഎസ് വ്യാപാര പങ്കാളികളില്‍ ഒന്നാക്കി മാറ്റിയതായി ജിടിആര്‍ഐ റിപ്പോര്‍ട്ട് പറയുന്നു.
സ്മാര്‍ട്ട്ഫോണുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ താരിഫ് ഒഴിവാക്കിയ ഇനങ്ങള്‍ ഒക്ടോബറിലെ കയറ്റുമതിയുടെ 40.3 ശതമാനമായിരുന്നു, ഇവയുടെ കയറ്റുമതി 25.8 ശതമാനം കുറഞ്ഞു. ഇരുമ്പ്, ഉരുക്ക്, അലുമിനിയം, ചെമ്പ്, ഓട്ടോ പാര്‍ട്സ് തുടങ്ങിയവയുടെ യുഎസിലേക്കുള്ള കയറ്റുമതി 7.6 ശതമാനം മാത്രമാണ്. ഈ വിഭാഗത്തിലെ കയറ്റുമതി 23.8 ശതമാനം കുറഞ്ഞു. രത്‌നങ്ങളും ആഭരണങ്ങളും, സോളാര്‍ പാനല്‍,, തുണിത്തരങ്ങളും വസ്ത്രങ്ങളും, രാസവസ്തുക്കള്‍, സമുദ്രവിഭവങ്ങള്‍ എന്നിവയുടെ കയറ്റുമതി 31.2 ശതമാനം ഇടിഞ്ഞു.
കയറ്റുമതി പ്രമോഷന്‍ മിഷന്‍ ആരംഭിക്കാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക താരിഫ് പിന്‍വലിക്കാന്‍ യുഎസില്‍ സമ്മര്‍ദ്ദം ചെലുത്താനും ജിടിആര്‍ഐ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മാര്‍ച്ചില്‍ പ്രഖ്യാപിക്കുകയും നവംബര്‍ 12 ന് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്ത കയറ്റുമതി പ്രമോഷന്‍ മിഷന്‍ ഇപ്പോഴും കടലാസില്‍ മാത്രമാണ് നിലനില്‍ക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
