19 Dec 2025 7:10 PM IST
India China Trade Deficit: കയറ്റുമതിയേക്കാൾ ഉയരുന്ന ഇറക്കുമതി, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കുതിക്കും
MyFin Desk
Summary
ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയേക്കാള്‍ വേഗത്തില്‍ ഇറക്കുമതി ഉയരുന്നു. വ്യാപാര കമ്മി വർധിക്കുമെന്ന് റിപ്പോർട്ട്
ഈ വര്‍ഷം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി ഉയർന്നേക്കും. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയേക്കാള്‍ വേഗത്തില്‍ ഇറക്കുമതി ഉയരുന്നതിനാല്‍ വ്യാപാര കമ്മി 106 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) റിപ്പോർട്ട്. ചൈനയിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി 2021 ല്‍ 23 ബില്യണ്‍ ഡോളറില്‍ നിന്ന് 2022 ല്‍ 15.2 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. 2023 ല്‍ കയറ്റുമതി 14.5 ബില്യണ്‍ ഡോളറില്‍ താഴ്ന്ന നിലയിലായിരുന്നെന്നും 2024 ല്‍ 15.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ചൈനയിലേക്കുള്ള കയറ്റുമതി 17.5 ബില്യണ്‍ ഡോളറായി മെച്ചപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇപ്പോഴും മുമ്പത്തെ നിലവാരത്തേക്കാള്‍ വളരെ താഴെയാണെന്ന് ജിടിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചൈനയില്‍ നിന്നുള്ള ഇറക്കുമതി വളരെ വേഗത്തില്‍ വര്‍ദ്ധിച്ചു. 2021 ല്‍ 87.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2022 ല്‍ 102.6 ബില്യണ്‍ ഡോളറായും 2023 ല്‍ 91.8 ബില്യണ്‍ ഡോളറായും 2024 ല്‍ 109.6 ബില്യണ്‍ ഡോളറായും കൂടി.
ഇറക്കുമതിയിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ മുന്നിൽ
ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ ഏകദേശം 80 ശതമാനവും ഇലക്ട്രോണിക്‌സ്, മെഷിനറി, ഓര്‍ഗാനിക് കെമിക്കല്‍സ്, പ്ലാസ്റ്റിക്‌സ് എന്നീ നാല് മേഖലകളിലെ ഉല്‍പ്പന്നങ്ങളാണ്. 2025 ജനുവരി-ഒക്ടോബര്‍ കാലയളവില്‍, ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയില്‍ ആധിപത്യം പുലര്‍ത്തിയത് ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളാണ്. ഇത് ആകെ 38 ബില്യണ്‍ ഡോളറാണ്. യന്ത്രസാമഗ്രികളുടെ ഇറക്കുമതി 25.9 ബില്യണ്‍ ഡോളറിലെത്തി.ജൈവ രാസവസ്തുക്കള്‍ 11.5 ബില്യണ്‍ ഡോളറിലെത്തിയെന്നും പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
