image

30 March 2026 3:14 PM IST

India

ബംഗ്ലാദേശില്‍ ഐപിഎല്‍ ആവേശം അവസാനിച്ചു; ജിയോസ്റ്റാര്‍ കരാര്‍ റദ്ദാക്കി, ഇനി കളി കാണാന്‍ കഴിയുമോ?

MyFin Desk

ബംഗ്ലാദേശില്‍ ഐപിഎല്‍ ആവേശം അവസാനിച്ചു;   ജിയോസ്റ്റാര്‍ കരാര്‍ റദ്ദാക്കി, ഇനി കളി കാണാന്‍ കഴിയുമോ?
X

Summary

നിരോധനം നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെങ്കിലും, ജിയോസ്റ്റാര്‍ പിന്മാറിയതോടെ പ്രാദേശിക ചാനലുകള്‍ വഴി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാനുള്ള സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞു


ബംഗ്ലാദേശിലെ ക്രിക്കറ്റ് പ്രേമികളെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണ കരാറുകള്‍ ജിയോസ്റ്റാര്‍ റദ്ദാക്കി. പ്രാദേശിക പങ്കാളിയായ ടി-സ്പോര്‍ട്സ് കരാര്‍ പ്രകാരമുള്ള പണം നല്‍കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് ജിയോസ്റ്റാറിന്റെ ഈ നടപടി. ഫെബ്രുവരി 17-ന് അയച്ച ഔദ്യോഗിക കത്തില്‍, 2027 വരെയുള്ള സീസണുകളിലേക്കുള്ള സബ്ലൈസന്‍സ് കരാര്‍ ഉടനടി അവസാനിപ്പിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഇതോടെ, വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ ബംഗ്ലാദേശിലെ ആരാധകര്‍ക്ക് ഇനി അവസരമുണ്ടാകില്ല.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ-നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസം. നേരത്തെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ജനുവരിയില്‍ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെങ്കിലും, ജിയോസ്റ്റാര്‍ പിന്മാറിയതോടെ പ്രാദേശിക ചാനലുകള്‍ വഴി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാനുള്ള സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞു.

റിലയന്‍സും വാള്‍ട്ട് ഡിസ്നിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാര്‍, ഐപിഎല്ലിന് പുറമെ വനിതാ പ്രീമിയര്‍ ലീഗിന്റെ കരാറും സമാനമായ കാരണങ്ങളാല്‍ റദ്ദാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന് ബംഗ്ലാദേശില്‍ വന്‍ ജനപ്രീതിയാണുള്ളത്. എന്നാല്‍ പണമടയ്ക്കുന്നതിലെ വീഴ്ചയും ഒപ്പം നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും തിരിച്ചടിയാകുകയായിരുന്നു. ഇതോടെ ഷെയ്ഖ് ഹസീനയുടെ പുറത്താകലിന് ശേഷം രൂപപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കായിക മേഖലയെയും ബാധിച്ചിരിക്കുകയാണ്.

അയല്‍രാജ്യങ്ങളുമായി പുതിയ സര്‍ക്കാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ജിയോസ്റ്റാറിന്റെ പിന്മാറ്റം ബംഗ്ലാദേശിലെ കായിക വിപണിക്ക് വലിയ ആഘാതമാണ്. മാര്‍ച്ചില്‍ ആരംഭിച്ച പുതിയ സീസണ്‍ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ കാണാന്‍ കഴിയാത്തത് ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ടി-സ്പോര്‍ട്സോ ബംഗ്ലാദേശ് വാര്‍ത്താവിനിമയ മന്ത്രാലയമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.