image

13 Feb 2026 1:43 PM IST

India

വനിതകൾക്ക് 5000 രൂപ വീതം, വനിതാ ക്ഷേമത്തിൻ്റെ പുതുവഴിയെ തമിഴ്നാട്

MyFin Desk

വനിതകൾക്ക് 5000 രൂപ വീതം, വനിതാ ക്ഷേമത്തിൻ്റെ പുതുവഴിയെ തമിഴ്നാട്
X

Summary

വനിതകൾക്ക് 5000 രൂപ . കലൈഞ്ചർ വുമൻസ് റൈറ്റ്സ് സ്കീമിന് കീഴിലുള്ള വനിതകൾക്ക് 5000 രൂപ നൽകി തമിഴ്നാട്


തമിഴ്നാട്ടിൽ വനിതകൾക്ക് 5000 രൂപ ധനസഹായവുമായി എംകെ സ്റ്റാലിൻ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വനിതാ ക്ഷേമത്തിനായി വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് എംകെ സ്റ്റാലിൻ. ക്ഷേമ പദ്ധതിക്ക് കീഴിൽ മൊത്തം 1.3 കോടി രൂപ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. 5,000 രൂപ വീതമാണ് അർഹർക്ക് ലഭിച്ചത്. നിലവിലെ പ്രത്യേക പദ്ധതിയുടെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ മുൻകൂർ വിഹിതമായി 3,000 രൂപയും പ്രത്യേക വേനൽക്കാല സഹായമായി 2,000 രൂപയുമാണ് വനിതകൾക്ക് കൈമാറിയത്.

വനിതകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം ഒരു പദ്ധതിയല്ലെന്നും മറിച്ച് വനിതകളുടെ അവകാശമാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിച്ചതായും ഈ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നുമാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്.

പദ്ധതിക്ക് കീഴിൽ 1.31 കോടി ഗുണഭോക്താക്കളാണ് ഇപ്പോൾ ഉള്ളത്. 'കലൈഞ്ജർ മഗളിർ ഉരിമൈ തോഗൈ തിട്ടം' എന്ന പേരിൽ പ്രാദേശിക ഭാഷയിൽ അവതരിപ്പിച്ച പദ്ധതി ഇപ്പോൾ തമിഴ്നാട്ടിലെ ഒരു പ്രധാന ക്ഷേമ പദ്ധതിയാണ്. അർഹരായ കുടുംബനാഥമാരായ വനിതകൾക്ക് പ്രതിമാസം 1,000 രൂപ വീതം നേരിട്ട് സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. തുക ബാങ്ക് അക്കൗണ്ടിലെത്തും.

വോട്ടു ലക്ഷ്യമിട്ട് എഐഎഡിഎംകെയും

തമിഴ് വനിതാ വോട്ടർമാരുടെ പിന്തുണ നേടി തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുകയാണ് സ്റ്റാലിൻ.നിലവിൽ പദ്ധതിക്ക് കീഴിൽ നൽകുന്ന 1,000 രൂപ വിഹിതം 2,000 രൂപയായി ഇരട്ടിയാക്കുമെന്നും സ്റ്റാലിൻ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം വോട്ടർമാരെ ലക്ഷ്യമിട്ട് എഐഎഡിഎംകെയും അടുത്തിടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവതരിപ്പിച്ചിരുന്നു. അതിൽ മുതിർന്ന പൗരന്മാർ, വൃദ്ധരായ വിധവകൾ, അവിവാഹിതരായ വൃദ്ധ സ്ത്രീകൾ, ഭർത്താക്കന്മാർ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, വികലാംഗർ, ട്രാൻസ്‌ജെൻഡർമാർ എന്നിവർക്കുള്ള സാമൂഹിക സുരക്ഷാ പെൻഷൻ 1,200 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ട്.