image

5 Dec 2025 3:45 PM IST

India

Meesho Market Cap: കുഞ്ഞൻ മൊബൈൽ ആപ്പ്; മീഷോ മൂല്യം 50000 കോടി രൂപ കവയും, പ്രയോഗിച്ചത് സിംപിൾ ട്രിക്ക്!

Rinku Francis

Meesho Market Cap: കുഞ്ഞൻ മൊബൈൽ ആപ്പ്; മീഷോ മൂല്യം 50000 കോടി രൂപ കവയും, പ്രയോഗിച്ചത് സിംപിൾ ട്രിക്ക്!
X

Summary

ഐപിഒ പൂർത്തിയാകുന്നതോടെ മീഷോയുടെ വിപണി മൂല്യം 50000 കോടി രൂപ കവിയും


10 വർഷം മുമ്പ് തുടങ്ങിയ മൊബൈൽ ആപ്പാണ്. ഐപിഒ കഴിയുന്നതോടെ മീഷോയുടെ വിപണി മൂല്യം 50000 കോടി രൂപ കടക്കും. ആമസോണും ഫ്ലിപ്കാർട്ടും തുറന്നിട്ട പരമ്പരാഗത ഇ -കൊമേഴ്സ് വിപണിക്ക് കനത്ത തിരിച്ചടിയായാണ് മീഷോ രംഗപ്രവേശനം ചെയ്തത്. വൻകിട ബ്രാൻഡുകളെയും വലിയ ഉൽപ്പാദകരെയും തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മീഷോ ഒരു ട്രിക്ക് പ്രയോഗിച്ചു. ചെറുകിട ഉൽപ്പാദകരെ ചെറുനഗരങ്ങളിലെ ഉപഭോക്താക്കളുമായി കോർത്തിണക്കാൻ ശ്രമിച്ചു. പരമ്പരാഗത ഇ-കൊമേഴ്സ് വിപണിയിൽ പുതിയ സാധ്യതകൾ തേടിയ ബിസിനസ് മോഡൽ.

ഓൺലൈൻ റീട്ടെയിൽ വിപണി മുന്നേറിയപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വമ്പൻ കമ്പനികൾക്കൊപ്പം മീഷോയും വിപണി പിടിച്ചു. ഇത് കമ്പനിയുടെ ഇ-കൊമേഴ്സ് രംഗത്തെ വിപണി വിഹിതം പൊടുന്നനെ ഉയരാൻ സഹായകരമായി. ഓഹരി വിപണിയിൽ ലിസ്റ്റിങ് പൂർത്തിയാകുന്നതോടെ വിപണി മൂല്യത്തിൽ നൈക, ഫസ്റ്റ്‌ക്രൈ തുടങ്ങിയ വമ്പൻ കമ്പനികളുടെ നിരയിലേക്ക് മീഷോയും ഉയരും.

പ്രയോഗിച്ചത് ഒരു സിംപിൾ ട്രിക്ക്

2015-ൽ ഐഐടി ഡൽഹിയിലെ പൂർവ്വ വിദ്യാർത്ഥികളായ വിദിത് ആട്രിയും സഞ്ജീവ് ബൻവാലും ചേർന്നാണ് മീഷോ സ്ഥാപിച്ചത്. വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൽപ്പന്നങ്ങൾ വിൽക്കാൻ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഒരു മൊബൈൽ ആപ്പ്. താങ്ങാനാവുന്ന വിലയിലെ ഉൽപ്പന്നങ്ങൾ ഓൺഡിമാൻഡ് മാർക്കറ്റ് പ്ലേസുകളുടെ നിർവചനം തന്നെ തിരുത്തിയെഴുതി. ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമിന് പ്രചാരമേറി. പ്രത്യേകിച്ച് സ്ത്രീകൾക്കും വീട്ടിലിരുന്ന സംരംഭകരാകാൻ സഹായിച്ച ആപ്പ് പെട്ടെന്ന് തന്നെ ജനപ്രിയമായി മാറി. സോഷ്യൽ മീഡിയയിൽ തരംഗമായതോടെ പതിയെ പതിയെ യുവാക്കൾക്കിടയിലും മീഷോ ട്രെൻഡായി മാറി.

ഹൈപ്പർലോക്കൽ ഫാഷൻ മാർക്കറ്റ്പ്ലേസിൽ പ്രവർത്തിച്ചുള്ള മുൻപരിചയം സംരംഭകർ എന്ന നിലയിൽ ഇതിൻ്റെ സ്ഥാപകർക്ക് സഹായകരായി. ഇവർ മീഷോയെ ഒരു മൊബൈൽ പ്ലാറ്റ്‌ഫോമായി വിാണകസിപ്പിച്ചെടുത്തതാണ് വിജയത്തിന് പിന്നിൽ. സോഷ്യൽ മീഡിയ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വിൽക്കാൻ ചെറുകിട സംരംഭകരെ അനുവദിച്ചത് ഇ-കൊമേഴ്‌സിൻ്റെ പുതിയ സാധ്യതകൾ തേടാൻ ആയിരക്കണക്കിനാളുകളെ പ്രേരിപ്പിച്ചു. .2024 ൽ 15 കോടിയിലധികം പ്രതിമാസ ഉപയോക്താക്കളാണ് മീഷോക്ക് ഉണ്ടായിരുന്നത്. 1.5 കോടിയിലധികം റീസെല്ലർമാരും.