image

23 Nov 2025 3:05 PM IST

India

മുംബൈയില്‍ വമ്പൻ തുരങ്കപാതകൾ വരുന്നു

MyFin Desk

mubai-tane tunel highway
X

Summary

മുംബൈ നഗരത്തില്‍ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ ടണല്‍ ഇടനാഴികള്‍ നിര്‍മിക്കും


മുംബൈയിൽ വലിയ തുരങ്കപാതകൾ യാഥാർഥ്യമായേക്കും. നഗരത്തിലെ ഗതാഗതത്തിരക്ക് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് (എംഎംആര്‍ഡിഎ ) 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്. തുരങ്കപാത യാഥാര്‍ഥ്യമായാല്‍ മുംബൈ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അതിവേഗ യാത്ര സാധ്യമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

തുരങ്കപാത മുംബൈ നഗരത്തിലെ ഗതാഗത സംവിധാനത്തെ ശക്തമാക്കും. കിഴക്ക് - പടിഞ്ഞാറ്, വടക്ക് - തെക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. പദ്ധതിക്കായി ഏകദേശം 1.05 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വോര്‍ളി മുതല്‍ വിമാനത്താവളം വരെയുള്ള ഭാഗം പൂര്‍ത്തിയാക്കും. ഇത് വോര്‍ളിയെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടുമായി ബന്ധിപ്പിക്കും.

രണ്ടാം ഘട്ടത്തില്‍ 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കിഴക്ക് - പടിഞ്ഞാറ് ലിങ്കും മൂന്നാം ഘട്ടത്തില്‍ 44 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വടക്ക് - തെക്ക് കോറിഡോറും ഉള്‍പ്പെടുന്നു. ഈ സംയോജിത ശൃംഖല തീരദേശ റോഡ്, മെട്രോ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന ഗതാഗത മാര്‍ഗങ്ങളെ ബന്ധിപ്പിക്കും.

മുംബൈ ടണല്‍ റോഡ് പദ്ധതിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടണല്‍ 44 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. ഇത് തെക്കന്‍ മുംബൈയെ ബോറിവിലിയുമായി ബന്ധിപ്പിക്കും. ഇതിനായി ഏകദേശം 66,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ജനജീവിതത്തെയും കാര്യമായി സ്വാധീനിക്കും. ടോക്കിയോ, സിങ്കപ്പൂര്‍ പോലുള്ള നഗരങ്ങളില്‍ ഇത്തരം ഭൂഗര്‍ഭ ടണല്‍ ശൃംഖലകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മുംബൈയെയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും.