12 Aug 2026 1:14 PM IST
ടാറ്റ സൺസിൽ നിന്ന് എൻ ചന്ദ്രശേഖരന്റെ പടിയിറക്കം; ഓഹരി വിപണിയിൽ ഇടിവ്, ബാക്കിയാകുന്ന ചോദ്യങ്ങൾ
MyFin Desk
Summary
ടാറ്റ സൺസിൽ നിന്ന് എൻ ചന്ദ്ര ശേഖരൻ പടിയിറങ്ങുന്നുവെന്ന വർത്ത പുറത്ത് വന്നതോടെ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ കനത്ത ഇടിവ്. ബാക്കിയാകുന്നത് ഒട്ടേറെ ചോദ്യങ്ങൾ
ഒടുവിൽ ടാറ്റ സൺസിൽ നിന്ന് പടിയിറങ്ങാനുറച്ച് ചെയർമാൻ എൻ ചന്ദ്രശേഖരൻ. വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് രാജി. ഏകദേശം ഒരു പതിറ്റാണ്ടോളം ടാറ്റ സൺസിന് വിജയകരമായ രീതിയിൽ നേതൃത്വം വഹിച്ചതിന് ശേഷമാണ് പടിയിറക്കം. 63 വയസുണ്ട്.
ചന്ദ്രശേഖരന് കീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കമ്പനികളിലൊന്നിൽ നേതൃമാറ്റത്തിനും വേദിയൊരുങ്ങിയിരുന്നു. ടാറ്റ സൺസ് ബോർഡിന് രാജി സമർപ്പിച്ചിട്ടുണ്ടെങ്കിലും 2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്നതുവരെ ഈ സ്ഥാനത്ത് തുടരുമെന്നാണ് സൂചന. പിൻഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.
ഓഗസ്റ്റ് 18 നാണ് ടാറ്റ സൺസ് വാർഷിക പൊതുയോഗം. ചന്ദ്രശേഖരനെ വീണ്ടും ഡയറക്ടറായി നിയമിക്കുന്നത് ഓഹരി ഉടമകൾ പരിഗണിക്കാനിരിക്കെയായിരുന്നു രാജി എന്നാണ് സൂചന. ടാറ്റ ട്രസ്റ്റുകളുമായുള്ള സംഘർഷങ്ങളെ തുടർന്നാണ് സ്ഥാനമൊഴിയുന്നത് . ടാറ്റ സൺസ് നേതൃത്വവും ഹോൾഡിംഗ് കമ്പനിയുടെ ഏകദേശം 66 ശതമാനം ഓഹരികളുള്ള ടാറ്റ ട്രസ്റ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് പ്രധാന കാരണം.
ടാറ്റ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളിലെ നിക്ഷേപങ്ങൾ, മൂലധന ആവശ്യകതകൾ എന്നിവയെക്കുറിച്ചുൾപ്പെടെയുള്ള അഭിപ്രായവ്യത്യാസങ്ങളും മാസങ്ങളായുണ്ട്. ടാറ്റ സൺസിന്റെ ലിസ്റ്റിങ് സംബന്ധിച്ച ചർച്ചകളും സംഘർഷങ്ങൾക്ക് കാരണമായിരുന്നു.
ചന്ദ്രശേഖറിന് കീഴിൽ പുതുയുഗ പിറവി
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ചീഫ് എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിരുന്ന ചന്ദ്ര ശേഖർ 2017 ജനുവരിയിലാണ് ടാറ്റ സൺസിന്റെ ചെയർമാനാകുന്നത്. സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ്, ബാറ്ററികൾ, ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയിലേക്കുൾപ്പെടെ ടാറ്റ ഗ്രൂപ്പ് ചുവടുവയ്ക്കുന്നത് എൻ ചന്ദ്രശേഖരൻ്റെ ഭരണകാലത്താണ്. എയർ ഇന്ത്യ ഏറ്റെടുത്തത് പോലുള്ള പ്രധാന നിക്ഷേപങ്ങളും നടത്തി.
ഈ കാലയളവിൽ ടാറ്റ സൺസ് മികച്ച പ്രകടനം കാഴ്ച വെച്ചു എന്നതും ശ്രദ്ധേയമാണ്. 2026 സാമ്പത്തിക വർഷത്തിൽ നികുതിക്ക് ശേഷമുള്ള കമ്പനിയുടെ മൊത്തം ലാഭം 21.8 ശതമാനം വർധിച്ച് 31,961 കോടി രൂപയായിരുന്നു. വരുമാനം 9.1 ശതമാനം വർധിച്ച് 42,366.55 കോടി രൂപയും.
ഇടിഞ്ഞ് ടാറ്റ ഓഹരികൾ
വാർത്ത പുറത്ത് വന്നത് ടാറ്റ ഓഹരികളിലും കുത്തനെ ഇടിവിന് കാരണമായി. സിഎസ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ പോലുള്ള പ്രധാന ഓഹരികൾ ഇടിഞ്ഞു. ഇൻട്രാഡേയിൽ 4% വരെയാണ് ഇടിവ്. ചന്ദ്ര ശേഖറിന് പകരം ഇനി ആരെന്നത് വിപണിയിലും നിർണായകമാകും. അതേസമയം 2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ചന്ദ്രശേഖർ തീരുമാനം അറിയിച്ചതിനാൽ, പിൻഗാമിയെ കണ്ടെത്തുന്നതിന് ബോർഡിനും ടാറ്റ ട്രസ്റ്റുകൾക്കും സമയം ലഭിക്കും എന്നത് ആശ്വാസകരമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
