image

16 Feb 2026 12:04 PM IST

India

95 പ്രതിനിധി സംഘം, മോദിയുടെ വിദേശയാത്രക്ക് 10 വർഷത്തിനിടെ ചെലവ് 762 കോടി രൂപ

MyFin Desk

95 പ്രതിനിധി സംഘം, മോദിയുടെ വിദേശയാത്രക്ക് 10 വർഷത്തിനിടെ ചെലവ് 762 കോടി രൂപ
X

Summary

10 വർഷത്തിനിടെ ചെലവായത് 762 കോടി രൂപ. മോദിയുടെ വിദേശ യാത്രയുടെ കണക്കുകൾ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം


പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 762 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്‌സഭയില്‍ അവതരിപ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

2024 ല്‍ മോദിയുടെ വാര്‍ഷിക യാത്രാചെലവിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവായത് 100 കോടി രൂപയായിരുന്നു. 2025ല്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ വര്‍ദ്ധിച്ചതോടെ 175 കോടി രൂപയായി ചെലവ് ഉയര്‍ന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ വാര്‍ഷികചെലവ് വിവരങ്ങളും യാത്രകളില്‍ അനുഗമിക്കുന്ന പ്രതിനിധികളുടെ വിവരങ്ങളുമടങ്ങിയ റിപ്പോര്‍ട്ടാണ് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

95 പ്രതിനിധി സംഘം

യാത്രയിലെ ആതിഥേയത്വ ചെലവുകള്‍ ഭൂരിഭാഗവും വഹിക്കുന്നത് അതത് രാജ്യങ്ങളാണ്. അതേസമയം, സുരക്ഷാ ക്രമീകരണങ്ങള്‍, ഔദ്യോഗിക പ്രതിനിധി സംഘം, മാധ്യമ സംഘം എന്നിവയ്ക്ക് തുക ചെലവഴിക്കുന്നത് ഇന്ത്യയാണ്. 2014 മെയ് മുതല്‍ പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിന്റെ എണ്ണം 27 മുതല്‍ 72 വരെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2025 ല്‍ 95 പ്രതിനിധി സംഘങ്ങളോടൊപ്പമാണ് മോദി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്തെ യാത്രാചെലവുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2011 ലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് 10.74 കോടിയും 2013ലെ റഷ്യന്‍ സന്ദര്‍ശനത്തിന് 9.95 കോടി രൂപയുമാണ് അന്ന് ചെലവായത്. കോവിഡിന് ശേഷമുള്ള സമീപ വര്‍ഷങ്ങളിലെ വാര്‍ഷിക ചെലവ് താരതമ്യേന കുറവായിരുന്നുവെന്നും എന്നാല്‍ നേരിട്ടുള്ള നയതന്ത്ര ചര്‍ച്ചകള്‍ വര്‍ദ്ധിച്ചതോടെ ചെലവും കുത്തനെ വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പം, കറന്‍സി വിനിമയ നിരക്കിലെ മാറ്റങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് ചെലവ് വര്‍ദ്ധിക്കാനുള്ള കാരണങ്ങളായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.