image

19 Jan 2026 3:41 PM IST

India

Banking News: തൊഴിൽ നിയമം; ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തന ചെലവില്‍ വന്‍ വര്‍ധന

MyFin Desk

Banking News:  തൊഴിൽ നിയമം; ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തന ചെലവില്‍ വന്‍ വര്‍ധന
X

Summary

പുതിയ തൊഴില്‍ നിയമം നടപ്പിലാക്കിയതോടെയാണ് ചെലവ് കൂടിയത്


പുതിയ തൊഴില്‍ നിയമം നിലവില്‍ വന്നതോടെ സ്വകാര്യ മേഖലയിലെ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തന ചെലവില്‍ വന്‍ വര്‍ധനവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. 2025-26 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ പല പ്രമുഖ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ചെലവില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. ശമ്പള ഘടനയിലുണ്ടായ മാറ്റങ്ങളും ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ ഫണ്ടുകളിലേക്കുള്ള ഉയര്‍ന്ന വിഹിതവുമാണ് ഇതിന് കാരണം. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ലാഭനഷ്ട കണക്കുകളില്‍ കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടായി. പൊതുമേഖലാ ബാങ്കുകളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.

ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ്

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രവര്‍ത്തന ചെലവ് രണ്ടാം പാദത്തിലെ 17,110 കോടിയില്‍ നിന്ന് മൂന്നാം പാദത്തില്‍ 18,770 കോടിയായി ഉയര്‍ന്നു. 800 കോടിയുടെ അധിക ബാധ്യതയാണ് എച്ച്ഡിഎഫ്‌സിക്കുണ്ടായത്. ഐ.സി.ഐ.സി.ഐ ബാങ്ക് 2026 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ലാഭനഷ്ട കണക്കില്‍ 145 കോടി രൂപ അധികമായി കണക്കാക്കി. യെസ് ബാങ്കിന് ചെലവ് ഇനത്തില്‍ 155 കോടിയുടെ നഷ്ടം ഉണ്ടായതായും, ഫെഡറല്‍ ബാങ്ക് 20.8 കോടിയുടെ കരുതല്‍ ധനസഹായം നല്‍കിയതായും, ആര്‍ബിഎല്‍ ബാങ്ക് 32 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കുകളെപ്പോലെ തന്നെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി അധിക തുക നീക്കിവെച്ചിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് 106.02 കോടി കണ്‍സോളിഡേറ്റഡ് റവന്യൂ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി. ഐ.സി.ഐ.സി.ഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിന് 53.06 കോടിയും ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന് 11.04 കോടിയുമാണ് പ്രവര്‍ത്തന ചെലവ്.

പുതിയ നിയമപ്രകാരം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ നിശ്ചിത ശതമാനമായിരിക്കണം. ഇത് മറ്റ് അലവന്‍സുകളില്‍ മാറ്റം വരുത്തുന്നതിനും അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നതിനും കാരണമാകുന്നു. ഗ്രാറ്റുവിറ്റി,പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലേക്ക് തൊഴിലുടമ നല്‍കേണ്ട വിഹിതവും ആനുപാതികമായി വര്‍ധിച്ചു.