image

17 Oct 2025 11:27 AM IST

India

പിഎംഎവൈ; നഗരമേഖലയിലെ ഭവനരഹിതർക്ക് 1.41 ലക്ഷം വീടുകൾ

MyFin Desk

pmay, 1.41 lakh houses in urban areas
X

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നഗരമേഖലയിൽ 1.41 ലക്ഷം വീടുകൾ വരുന്നു. പിഎംഎവൈ-അർബൻ 2.0 പദ്ധതി പ്രകാരം 1.41 ലക്ഷം വീടുകളുടെ നിർമ്മാണത്തിന് കേന്ദ്രം അനുമതി നൽകി. ഇതോടെ കേന്ദ്ര ഭവന മന്ത്രാലയം അനുവദിച്ചിരിക്കുന്ന പുതിയ പിഎംഎവൈ വീടുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.

ആസം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മു കശ്മീർ, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, മധ്യപ്രദേശ്, മേഘാലയ, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ 14 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുള്ളതാണ് പുതിയ പദ്ധതികൾ.

വീടുകളുടെ നിർമാണത്തിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ഉറപ്പാക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി.

മതിയായ അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, പൊതുഗതാഗതം, കണക്റ്റിവിറ്റി എന്നിവയുള്ള സ്ഥലങ്ങളിൽ പദ്ധതികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. നഗരമേഖലകളിലെ ഭവന നിർമാണത്തിൻ്റെ പുരോഗതി പ്രത്യേക സമിതി അവലോകനം ചെയ്യുകയും സമയബന്ധിതമായ പൂർത്തീകരണം ഉറപ്പാക്കുകയും ചെയ്യും. ദരിദ്രർക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ നഗരമേഖലയിലുമെത്തുന്നത് ദുർബല വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായകരമാകും.

2016 ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രി ആവാസ് യോജന–ഗ്രാമീൺ ഗ്രാമപ്രദേശങ്ങളിൽ നിലവിൽ വരുന്നത്. ഭവന രഹിതർ ഉൾപ്പെടെ എല്ലാവർക്കും വീട് എന്നതാണ് ലക്ഷ്യം. അടുക്കള, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള വീടുകൾ നിർമ്മിച്ചു നൽകും.

യോഗ്യരായവർക്ക് പുതിയ വീടുകൾ നിർമ്മിക്കാൻ പദ്ധതി ധനസഹായം നൽകുന്നു. സർക്കാർ പദ്ധതികളിലൂടെ കുടിവെള്ളം, എൽപിജി, പുനരുപയോഗ ഊർജ്ജം, നിർമ്മാണ സാമഗ്രികൾ എന്നിവയും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും.പദ്ധതി പ്രകാരം നിർമിക്കുന്ന ഓരോ വീടിനും കുറഞ്ഞത് 25 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉണ്ടായിരിക്കണം. പ്രത്യേകം അടുക്കളയും ശുചിമുറിയും വേണം. ഈടുനിൽക്കുന്ന വീടുകളുടെ നിർമാണത്തിന് പരിശീലനം ലഭിച്ചവർ തന്നെ വേണമെന്നും മികച്ച ഘടനയുള്ള വീടുകൾ പരിസ്ഥിതിക്ക് അനുയോജ്യമായിരിക്കണം എന്നുമാണ് നിർദേശം.