image

20 Nov 2025 9:38 PM IST

India

തിയറ്ററില്ലാത്ത ലഡാക്കിലേക്കും പിവിആർ; പുതിയതായി വരുന്നത് 100 സ്ക്രീനുകൾ

MyFin Desk

തിയറ്ററില്ലാത്ത ലഡാക്കിലേക്കും പിവിആർ; പുതിയതായി വരുന്നത് 100 സ്ക്രീനുകൾ
X

Summary

നഷ്ടത്തിലോടുന്ന സ്‌ക്രീനുകള്‍ ഒഴിവാക്കുമെന്ന് കമ്പനി


പ്രമുഖ മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 100 സ്‌ക്രീനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പ്രവര്‍ത്തനരഹിതമായ 10-15 സ്‌ക്രീനുകള്‍ അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജ്ലി വ്യക്തമാക്കി.

പിവിആര്‍ ഐനോക്സിന്റെ പുതിയ സ്‌ക്രീനുകളിൽ 60 ശതമാനവും നിലവിലുള്ള മുന്‍നിര വിപണികളില്‍ നിന്നാണ് വരുന്നത്. എങ്കിലും 150-200 രൂപ താങ്ങാനാവുന്ന ടിക്കറ്റ് വിലയുള്ള ചെറിയ വിപണികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ, വളര്‍ച്ചയ്ക്കുള്ള ഒരു പ്രധാന വിപണിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സാമ്പത്തിക വര്‍ഷാവസാനത്തോടെ 100 സ്‌ക്രീനുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഇതിനകം 60 സ്‌ക്രീനുകള്‍ തുറന്നിട്ടുണ്ട്, ബാക്കിയുള്ള 40 സ്‌ക്രീനുകള്‍ വരും മാസങ്ങളിൽ തുറക്കുമെന്ന് സഞ്ജീവ് കുമാർ പറയുന്നു.

കഴിഞ്ഞ ആഴ്ച, പിവിആര്‍ ഐനോക്‌സ് പശ്ചിമ ബംഗാളിലെ സിലിഗുരിയിലും സിക്കിമിലെ ഗാങ്ടോക്കിലും പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ തീയേറ്ററില്ലാത്ത ലഡാക്കിലേക്കും പിവിആര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

എങ്കിലും, മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മാളുകള്‍, ഒഴിഞ്ഞുകിടക്കുന്ന പ്രോപ്പര്‍ട്ടികള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിവിആര്‍ ഐനോക്‌സ് നിരവധി സ്‌ക്രീനുകകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും 111 നഗരങ്ങളിലായി 355 പ്രോപ്പര്‍ട്ടികളിലായി 1,767 സ്‌ക്രീനുകളുള്ള പിവിആര്‍ ഐനോക്സ് ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം എക്‌സിബിഷന്‍ കമ്പനിയാണ്.