image

13 Nov 2026 5:25 PM IST

India

ആര്‍എസി ടിക്കറ്റ് നിര്‍ത്തലാക്കാന്‍ റെയില്‍വേ നീക്കം

MyFin Desk

ആര്‍എസി ടിക്കറ്റ് നിര്‍ത്തലാക്കാന്‍ റെയില്‍വേ നീക്കം
X

Summary

ട്രെയിനില്‍ ഒരു ബെര്‍ത്ത് റദ്ദാകുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള രണ്ടുപേര്‍ക്ക് ആ ബെര്‍ത്ത് പങ്കിട്ട് യാത്ര ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ആര്‍എസി സംവിധാനം.


ട്രെയിന്‍ യാത്രക്കാരുടെ ദീര്‍ഘകാല പരാതികള്‍ക്ക് പരിഹാരമായി റിസര്‍വേഷന്‍ എഗെയ്ന്‍സ്റ്റ് ക്യാന്‍സലേഷന്‍ (RAC) സംവിധാനം നിര്‍ത്തലാക്കുന്നത് റെയില്‍വേ പരിഗണിക്കുന്നു. ഒരു ബെര്‍ത്തില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യേണ്ടിവരുന്നതും മുഴുവന്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവരുന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് സംവിധാനത്തിനെതിരെ ഉയരുന്നത്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലെ രീതി പുനഃപരിശോധിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. പൂര്‍ണമായ ബെര്‍ത്തിന്റെ സൗകര്യം ലഭിക്കാത്ത യാത്രക്കാരില്‍നിന്ന് മുഴുവന്‍ നിരക്ക് ഈടാക്കുന്നത് നീതിയുക്തമല്ലെന്നാണ് പ്രധാന വിമര്‍ശനം.

ഒരു ബെര്‍ത്തില്‍ രണ്ടുപേര്‍; യാത്രക്കാര്‍ക്ക് ദുരിതം

ട്രെയിനില്‍ ഒരു ബെര്‍ത്ത് റദ്ദാകുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള രണ്ടുപേര്‍ക്ക് ആ ബെര്‍ത്ത് പങ്കിട്ട് യാത്ര ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ആര്‍എസി സംവിധാനം. ഇതിലൂടെ യാത്ര ഉറപ്പാക്കാന്‍ കഴിയും പക്ഷെ അപരിചിതരുമായി ബര്‍ത്ത് പങ്കിട്ടുള്ള ദീര്‍ഘദൂര രാത്രിയാത്രകളില്‍ യാത്രക്കാരെ വലയ്ക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരേ ബെര്‍ത്ത് പങ്കിടേണ്ടിവരുന്ന സാഹചര്യങ്ങളും പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് പകരം സൗകര്യം കണ്ടെത്താന്‍ ടിക്കറ്റ് എക്‌സാമിനര്‍മാരും ബുദ്ധിമുട്ടാറുണ്ട്.

നിലവില്‍ ഈ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ ഒരു പാര്‍ലമെന്ററി സമിതിയും ഗൗരവമായി പരിഗണിച്ചിട്ടുണ്ട്. പൂര്‍ണമായ ബെര്‍ത്തിന്റെ ആനുകൂല്യം ലഭിക്കാതെ യാത്രക്കാര്‍ മുഴുവന്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സമിതി റെയില്‍വേയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇന്ന് റെയില്‍വേയുടെ റിസര്‍വേഷന്‍ സംവിധാനങ്ങള്‍ ഡിജിറ്റലായ സാഹചര്യത്തില്‍ ആര്‍എസി തുടരേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ ഈ സംവിധാനം തുടരുന്നത്.