image

14 Feb 2026 2:30 PM IST

India

റഷ്യ പുറത്ത്, അംബാനിക്ക് ഇനി വെനിസ്വേലൻ എണ്ണ , ഓഹരി ഉടമകൾക്ക് നേട്ടമാകുമോ?

MyFin Desk

റഷ്യ  പുറത്ത്, അംബാനിക്ക് ഇനി വെനിസ്വേലൻ എണ്ണ  , ഓഹരി ഉടമകൾക്ക് നേട്ടമാകുമോ?
X

Summary

വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഇറക്കുമതിക്ക് ഒരുങ്ങി റിലയൻസ്. നേട്ടങ്ങൾ ഒട്ടേറെ? ഓഹരി ഉടമകൾക്ക് ഗുണമാകുമോ?


മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് റഷ്യൻ ക്രൂഡിനെ ആശ്രയിക്കുന്നത് കുറയ്ക്കും. വെനിസ്വേലയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

ഇതിനായി റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്ക പൊതു ലൈസൻസ് നൽകിയിട്ടുണ്ട്. യുഎസ് ഉപരോധങ്ങൾ ബാധിക്കാതെ തന്നെ നേരിട്ട് വെനിസ്വേലൻ എണ്ണ വാങ്ങാം. വെനിസ്വേലയുടെ ഊർജ്ജ വ്യവസായ മേഖലക്കുമേലുള്ള എണ്ണ ഉപരോധങ്ങൾ ലഘൂകരിക്കുകയാണ് ഇപ്പോൾ വാഷിംഗ്ടൺ. വെനിസ്വേലയുടെ എണ്ണ, ഊർജ മേഖലയെ നവീകരിക്കാൻ വലിയ പദ്ധതികളാണ് യുഎസിനുള്ളത്. വേർതിരിച്ചെടുക്കുന്ന വെനിസ്വേലൻ എണ്ണ വാങ്ങാനും കയറ്റുമതി ചെയ്യാനുമാണ് കമ്പനിക്ക് പൊതു ലൈസൻസ് നൽകിയത്.

വെനിസ്വേലയൻ എണ്ണ നേട്ടമാകും

റിലയൻസിന് ലൈസൻസ് നൽകുന്നത് വെനിസ്വേലയുടെ എണ്ണ കയറ്റുമതി വർദ്ധിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ശുദ്ധീകരണ സമുച്ചയത്തിന്റെ ഓപ്പറേറ്റർക്ക് കുറഞ്ഞ വിലയിൽ ക്രൂഡ് ലഭിക്കാൻ സഹായകരമാകുകയും ചെയ്യും.

ദശലക്ഷക്കണക്കിന് ബാരൽ വെനിസ്വേലൻ എണ്ണ വിപണനം ചെയ്യാനും വിൽക്കാനുമുള്ള യുഎസ് ലൈസൻസ് റിലയൻസിന് നേട്ടമാണ്. ഫെബ്രുവരിയിൽ റിലയൻസ് 20 ലക്ഷം ബാരൽ വെനിസ്വേലൻ എണ്ണ വാങ്ങിയിട്ടുണ്ട്.

റിലയൻസിന് കുറഞ്ഞ വിലയിൽ വെനിസ്വേലൻ എണ്ണ നേരിട്ട് വാങ്ങാൻ കഴിയുമെന്നതിനാൽ റഷ്യൻ എണ്ണയെ അധികമായി ആശ്രയിക്കേണ്ടി വരില്ല. കുറഞ്ഞ ചെലവിൽ ഹെവി ക്രൂഡ് ഓയിൽ ലഭിക്കുന്നത് കമ്പനിയുടെ ക്രൂഡ് റിഫൈനിങ് രംഗത്തുനിന്നുള്ള ലാഭം ഗണ്യമായി വർധിപ്പിക്കും. വെനിസ്വേലൻ എണ്ണ വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കുന്നതിൽ നിന്ന് ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളെ യുഎസ് വിലക്കിയിട്ടുമുണ്ട്. ഇത് ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്ന ഒരു "ബൈപോളാർ" ഊർജ്ജ വിപണി കൂടെ സൃഷ്ടിച്ചേക്കാം എന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.

കഴിഞ്ഞയാഴ്ച ഇന്ത്യൻ ഇറക്കുമതിക്ക് ചുമത്തിയ 25 ശതമാനം അധിക അമേരിതീരുവ അമേരിക്ക പിൻവലിച്ചിരുന്നു. അമേരിക്കയുമായുള്ള പങ്കാളിത്തം റിലയൻസിൻ്റെ ബിസിനസ് നേട്ടങ്ങൾക്ക് സഹായകരമാകും.

ഒരുകാലത്ത് റിലയൻസ് വെനിസ്വേലൻ അസംസ്കൃത എണ്ണയുടെ സ്ഥിരം ഇറക്കുമതിക്കാരായിരുന്നു, എന്നാൽ യുഎസ് ഉപരോധങ്ങൾ കാരണം 2025 ന്റെ തുടക്കത്തിൽ ക്രൂഡ് വാങ്ങുന്നത് നിർത്താൻ നിർബന്ധിതരാകുകയായിരുന്നു. പ്രതിദിനം ഏകദേശം 1.4 ദശലക്ഷം ബാരൽ ശേഷിയുള്ള രണ്ട് ക്രൂഡ് ശുദ്ധീകരണശാലകൾ റിലയൻസിനുണ്ട്.