12 Jun 2026 2:36 PM IST
വരുമോ കൂടുതൽ നിയന്ത്രണം? പമ്പുകളിലെ ബൾക്ക് പെട്രോൾ, ഡീസൽ വിൽപ്പന നിരോധിക്കുന്നത് എന്തുകൊണ്ട്?
MyFin Desk
Summary
പമ്പുകളിൽ നിന്ന് ഇനി ബൾക്കായി പെട്രോളും ഡീസലും വാങ്ങുന്നതിന് നിയന്ത്രണം, വരുമോ ഇന്ധന പ്രതിസന്ധി?
പെട്രോൾ പമ്പുകളിൽ നിന്ന് ബൾക്കായി ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. റീട്ടെയിൽ പമ്പുകളിൽ നിന്ന് പരിധിയിൽ കൂടുതൽ ഇന്ധനം വാങ്ങുന്നതിനാണ് നിരോധനം.. ട്രക്കുകൾക്കുള്ള ഡീസൽ വിൽപ്പനയും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇനി ബൾക്കായി ഇന്ധനം വാങ്ങാൻ പ്രത്യേക വിൽപ്പന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. പ്രത്യേക ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ 90 ദിവസം വരെയാണ് നിരോധനത്തിന് പ്രാബല്യമുള്ളത്.
ആഭ്യന്തര വിപണിയിലെ ക്ഷാമം തടയുന്നതിനായാണ് സർക്കാർ നടപടി. ഒരു ദിവസം ഒരു ഉപഭോക്താവിനോ വാഹനത്തിനോ 200 ലിറ്റർ ഡീസൽ വരെ വിൽക്കാനാണ് റീട്ടെയിൽ ഡീലർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരേ ഉപഭോക്താക്കൾക്ക് പരിധിയിൽ കൂടുതൽ ഡീസൽ വീണ്ടും വിൽക്കാൻ കഴിയില്ല. വാണിജ്യ ഉപഭോക്താക്കളെയാണ് ഈ നീക്കം സാരമായി ബാധിക്കുക.
പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയും
ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതാണ് എണ്ണ വിതരണം വീണ്ടും തടസ്സപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിനാൽ ചില പ്രദേശങ്ങളിൽ റീട്ടെയിൽ പമ്പുകളിൽ ഇന്ധന ക്ഷാമമുണ്ടായി. ഡൽഹിയിലെ റീട്ടെയിൽ പെട്രോൾ പമ്പുകളിൽ ഡീസലിന് ലിറ്ററിന് 95.20 രൂപയാണ് വില എങ്കിൽ ബൾക്ക് വിൽപ്പനയ്ക്ക് ലിറ്ററിന് 134.50 രൂപയായിരുന്നു ഈടാക്കിയത്.
രാജ്യത്തുടനീളം ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും, പൂഴ്ത്തിവയ്പ്പും അന്യായ വിൽപ്പനയും തടയുന്നതിനുമാണ് നിയന്ത്രണങ്ങൾ എന്ന് സർക്കാർ വ്യക്തമാക്കി.റീട്ടെയ്ൽ ഡീസൽ വിൽപ്പനയിൽ വ്യാപാരികൾക്ക് ലിറ്ററിന് 36.5 രൂപയുടെ വരുമാന നഷ്ടമുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. പെട്രോൾ വിൽപ്പനയിൽ ലിറ്ററിന് 9 രൂപ നഷ്ടമുണ്ടെന്നാണ് ചില്ലറ വ്യാപാരികൾ പറയുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
