11 Dec 2025 2:55 PM IST
Summary
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്
ഡോളറിനെതിരെ രൂപക്ക് വീണ്ടും മൂല്യമിടിവ്. യുഎസുമായുള്ള വ്യാപാര കരാർ അന്തിമമാകാത്തതും ഡോളറിലേക്കുള്ള നിക്ഷേപം ഒഴുക്കും കാരണം ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലാണ്. 90.46 രൂപയിലാണ് മൂല്യം. രൂപയുടെ മൂല്യം ഇടിയുന്നത് മന്ദഗതിയിലാക്കാൻ റിസർവ് ബാങ്ക് ഇടപെട്ടേക്കും. ഇതിന് മുമ്പ് ഡിസംബർ നാലിനാണ് രൂപയുടെ മൂല്യം തകർന്നടിഞ്ഞത്. ഏറ്റവും താഴ്ന്ന നിരക്കായ 90.42 രൂപയിൽ എത്തിയിരുന്നെങ്കിലും ഈ നിലവാരവും വ്യാഴാഴ്ച മറികടക്കുകയായിരുന്നു. രൂപയുടെ മൂല്യത്തകർച്ച രാജ്യത്തെ ഇറക്കുമതി ചെലവുകൾ ഉയർത്തും. രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിലിൻ്റെയും ഭക്ഷ്യ എണ്ണയുടെയും 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ഇറക്കുമതി ചെലവുകൾ കുത്തനെ ഉയരും. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില ഉയരാൻ ഇത് കാരണമാകും.
ആർബിഐ ഇടപെടും
പണലഭ്യത വർധിപ്പിക്കുന്നതിനായി ആർബിഐ അടുത്തയാഴ്ച കൂടുതൽ ഡോളർ വിറ്റഴിച്ചേക്കും. അസന്തുലിതാവസ്ഥയിലായ ബാങ്കിംഗ് സംവിധാനത്തിൽ കൂടുതൽ പണലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. അതേസമയം രൂപ തിരിച്ചുകയറുമെന്നും രൂപയുടെ ദുർബലതയെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. ഈ വർഷം ഇതുവരെ 426 പൈസയുടെ ഇടിവാണ് മൂല്യത്തിലുണ്ടായത്.
യുഎസ് ഫെഡ് നിരക്ക് കുറവ് ഡോളറിൻ്റെ മൂല്യം ഉയർത്തി. രൂപയുടെ മൂല്യത്തെ ഇത് ബാധിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് ഫെഡ് റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുന്നത്. നിരക്ക് 3.75 ശതമാനത്തിൽ നിന്നാണ് 3.50 ശതമാനം ആയി കുറയ്ക്കുന്നത്. 2022 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഫെഡ് റിസർവ് ഇത് മൂന്നാം തവണയാണ് ഈ വർഷം നിരക്ക് കുറയ്ക്കുന്നത്. സെപ്റ്റംബറിലും ഒക്ടോബറിലും 25 ബേസിസ് പോയിന്റുകൾ വീതമാണ് നിരക്ക് കുറച്ചത്. മൊത്തത്തിൽ, ഈ വർഷം 0.75 ശതമാനമാണ് നിരക്ക് കുറച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
