29 Dec 2025 4:10 PM IST
Summary
ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണമെന്ന് സുപ്രീം കോടതി. മുൻ ഉത്തരവ് സ്റ്റേ ചെയ്തു. വിദഗ്ധ സമിതി റിപ്പോർട്ടിന് ശുപാർശ. ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാരും മറുപടി നൽകണം
ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണമെന്ന് സുപ്രീം കോടതി. നേരത്തത്തെ വിധി തിങ്കളാഴ്ച സുപ്രീം കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ മാസം അംഗീകരിച്ച നിർവചനത്തിലെ ചില ഭാഗങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കുന്നുകളിൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പഠിച്ച് വ്യക്തമായ റിപ്പോർട്ട് നൽകാൻ വിദഗ്ധരുടെ സ്വതന്ത്ര സമിതി രൂപീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
മുൻ പാനൽ നൽകിയ ശുപാർശകളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അവലോകനം ചെയ്ത് റിപ്പോർട്ട് നൽകാനാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിധി.
അന്തിമ വിധി കാത്ത് പരിസ്ഥിതി പ്രവർത്തകർ
ആരവല്ലി ശ്രേണിയെ നിർവചിക്കുന്നതിനും പ്രത്യേകിച്ച് മേഖലയിലെ ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് മുൻ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. 100 മീറ്ററോ അതിൽ കൂടുതലോ മാത്രം ഉയരുമുള്ള കുന്നുകളെ മാത്രം ആരവല്ലി മലനിരകളുടെ നിർവചനത്തിൽ ഉൾപെടുത്തുന്നതിൽ വ്യക്തത വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുന്നുകളുടെ ഉയരം കുറച്ച് കാണിച്ച് ഖനനത്തിനും കെട്ടിട നിർമ്മാണത്തിനും അനുമതി നൽകുന്നത് തടയാൻ സ്റ്റേ സഹായകരമാകും.
കേന്ദ്ര സർക്കാരിനോട് ചില പ്രധാന ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. 2026 ജനുവരി 21ന് കേസിൽ സുപ്രീം കോടതി വീണ്ടും വാദം കേൾക്കും. പരിസ്ഥിതി ലോല മേഖലയായ കുന്നുകളിലെ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിത ആഘാതം വിലയിരുത്താനും ഖനനം അനുവദിക്കാനാകുമോ എന്ന് വിലയിരുത്താനും കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിൻ്റെ മറുപടി ലഭിച്ച ശേഷമായിരിക്കും തീരുമാനത്തിൽ അന്തിമ വിധി. ലോകത്തിലെ തന്നെ ഏറ്റവും പഴയ പർവ്വത മടക്കുകളിൽ ഒന്നാണ് രാജ്യത്തെ ആര്യവല്ലി മലനിരകൾ.
പഠിക്കാം & സമ്പാദിക്കാം
Home
