image

13 Oct 2023 12:39 PM IST

India

തമിഴ്‌നാട്-ശ്രീലങ്ക ഫെറി സര്‍വീസ് ഒക്ടോ. 14 മുതല്‍

MyFin Desk

tamil nadu-sri lanka ferry service from saturday
X

Summary

  • പലതവണ മാറ്റിവെച്ച ഉദ്ഘാടനസര്‍വീസാണ് ശനിയാഴ്ച നടക്കുന്നത്
  • ഒക്ടോബര്‍ 14ന് യാത്രക്ക് പ്രത്യേക നിരക്കിളവ്
  • ഫെറിസര്‍വീസ് വിനോദസഞ്ചാരം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷ


നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്കുള്ള പാസഞ്ചര്‍ ഫെറി സര്‍വീസ് ഒക്ടോബര്‍ 14 -ന് ആരംഭിക്കുമെന്ന് നാഗപട്ടണം ഷിപ്പിംഗ് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ശ്രീലങ്കയിലെ ജാഫ്‌നയിലുള്ള കങ്കേശന്‍തുറൈയിലേക്കാണ് സര്‍വീസ്.

ശ്രീലങ്ക യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 6,500 രൂപയും 18% ജിഎസ്ടിയും ഉള്‍പ്പെടെ 7,670 രൂപയാണ്. എന്നാല്‍, ഒക്ടോബര്‍ 14-ലെ യാത്രയ്ക്ക് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്നു യാത്ര ചെയ്യുന്നവർക്കു ടിക്കറ്റ് നിരക്ക് 2,375 രൂപയും 18% നികുതിയും ഉള്‍പ്പെടെ 2,800 രൂപ നല്കിയാല്‍ മതി. പ്രമോഷണല്‍ ഓഫറാണിതെന്ന് ഷിപ്പിംഗ് ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ പ്രത്യേക നിരക്ക് സാധാരണടിക്കറ്റില്‍നിന്നും 75ശതമാനം കുറവാണ്. മുപ്പതു യാത്രക്കാര്‍ ഇതിനകം ഈ കിഴിവ് നിരക്കില്‍ യാത്രയ്ക്കായി റിസര്‍വേഷന്‍ നടത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് പാസഞ്ചര്‍ ഫെറി സര്‍വീസ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 10 ന് യാത്ര തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഭരണപരമായ പ്രശ്നം കാരണം, പുറപ്പെടല്‍ 14ലേക്ക് മാറ്റുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനും ഫെറി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ ഈ വര്‍ഷം ജൂലൈ 14 ന് ഇന്ത്യ-ശ്രീലങ്ക സംയുക്ത സമിതി നടത്തിയിരുന്നുവെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കടല്‍ വഴിയുള്ള യാത്രക്കാരുടെ ഗതാഗതം സംബന്ധിച്ച ധാരണാപത്രത്തിന് കീഴിലാണ് ഇന്ത്യ-ശ്രീലങ്ക സംയുക്ത സമിതി രൂപീകരിച്ചത്.

പരസ്പര സമ്മതമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഫെറി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ഫെറി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പ്രാദേശിക വ്യാപാരവും വിനോദസഞ്ചാരവും വര്‍ധിപ്പിക്കുമെന്നും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുമെന്നും ഇരുപക്ഷവും പറയുന്നു. ശ്രീലങ്കയില്‍ പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇ-വിസ മതിയാകും.