4 May 2026 3:17 PM IST
Summary
തമിഴ്നാട്ടിൽ ടിവികെ വിസ്മയിപ്പിക്കുന്ന നേട്ടവുമായി മുന്നേറുമ്പോൾ ബംഗാളും ആസാമും തൂത്തുവാരി ബിജെപി
തമിഴ്നാട് തൂത്തുവാരി നടൻ വിജയിയുടെ പുതിയ പാർട്ടിയായ ടിവികെ ( തമിഴഗ വെട്രി കഴകം). വോട്ടെണ്ണൽ ആരംഭിച്ച് അൽപ്പ സമയത്തിനുള്ളിൽ തന്നെ ടിവികെ മുൻതൂക്കം നേടിയേക്കും എന്ന സൂചനകൾ പുറത്ത് വന്നിരുന്നു. 234 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ, നിലവിൽ 107 സീറ്റുകളിൽ ടിവികെ മുന്നിലാണ്. 66 സീറ്റുകളിൽ ഡിഎംകെയും. എഐഎഡിഎംകെ 61 സീറ്റുകളിലാണ് മുന്നേറുന്നത്. ഡിഎംകെ, എഡിഎംകെ പോരാട്ടം ശക്തമാണ്. എന്നാൽ പുതിയതായി രൂപീകരിച്ച ടിവികെയുടേത് ചരിത്ര നേട്ടമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ഒരുങ്ങുകയാണ് ടിവികെ. എഐഡിഎംകെയുമായി സഖ്യമുണ്ടാക്കിയേക്കും എന്നും സൂചനയുണ്ട്.
മിക്ക എക്സിറ്റ് പോളുകളും ഡിഎംകെക്ക് അനുകൂലമായ പ്രവചനങ്ങൾ നടത്തിയപ്പോൾ ആക്സിസ് മൈ ഇന്ത്യ സംസ്ഥാനത്ത് "വിജയ് ഇഫക്റ്റ്" പ്രവചിച്ചിരുന്നു. സംസ്ഥാനത്തെ 234 സീറ്റുകളിൽ ഏകദേശം 100 സീറ്റുകൾ നേടി ടിവികെ കിംഗ് മേക്കറാകുമെന്ന പ്രവചനങ്ങൾ ഏതാണ്ട് യാഥാർഥ്യമാകുകയാണ്.
ബംഗാളിൽ ചരിത്ര നേട്ടവുമായി ബിജെപി
294 സീറ്റുകളുള്ള പശ്ചിമ ബംഗാളിൽ ആദ്യമയായി താമര വിരിയുകയാണ്. മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനൊടുവിൽ ബിജെപി ബംഗാൾ തൂത്തുവാരുമെന്ന സൂചനകൾ പുറത്ത്. ആദ്യകാല ട്രെൻഡുകൾ അനുസരിച്ച് ബിജെപി 191 സീറ്റുകളിൽ മുന്നിലാണ്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്സ് 96 സീറ്റുകളാണ് നേടിയിരിക്കുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്താൻ ഒരുങ്ങുന്നത് എന്നതാണ് പാർട്ടിയുടെ ഏറ്റവും വലിയ നേട്ടം. 15 വർഷത്തെ തുടർ ഭരണത്തിന് ശേഷം തൃണമൂൽ പരാജയമറിയുകയാണ്. 2016ൽ തൃണമൂൽ 215 സീറ്റുകളിലായിരുന്നു വിജയിച്ചിരുന്നത്.
ആസാമിൽ 99 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. 21 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറ്റം. ആറു സീറ്റുകളിൽ മറ്റുള്ള പാർട്ടികൾ മുന്നേറുന്നു. ആദ്യ സൂചനകൾ തന്നെ നിലവിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ തുടർഭരണം ഉറപ്പിക്കുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
