21 Dec 2025 11:28 AM IST
Summary
2025 സാമ്പത്തിക വര്‍ഷത്തില്‍ വാച്ചുകളുടെയും വെയറബിള്‍സ് വിഭാഗത്തിന്റെയും വളര്‍ച്ച 20%
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വാച്ച് ബിസിനസ് ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രമുഖ വാച്ച്, ആഭരണ നിര്‍മ്മാതാക്കളായ ടൈറ്റന്‍. പ്രീമിയവല്‍ക്കരണം, റീട്ടെയില്‍ വില്‍പ്പനയുടെ വികാസം, അന്താരാഷ്ട്ര ബിസിനസ് വിഭാഗത്തിന്റെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ ഇതിന് കാരണമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടെ ടൈറ്റന്‍ ഏകദേശം 16 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) രേഖപ്പെടുത്തി. വളര്‍ച്ച കൈവരിക്കുന്നതിനായി മിഡ്-പ്രീമിയം അനലോഗ് വിഭാഗത്തിലും (10,000 മുതല്‍ 25,000 രൂപ വരെ), പ്രീമിയം വിഭാഗത്തിലും (25,000 മുതല്‍ 1 ലക്ഷം രൂപ വരെ) ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മേഖലകളില്‍ 30% വളര്‍ച്ച കമ്പനി പ്രതീക്ഷിക്കുന്നു. ടൈറ്റന്റെ മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കിട്ടരാമന്‍ പറയുന്നത്, ഈ വളര്‍ച്ചയ്ക്ക് കാരണം നൂതനാശയങ്ങളും പ്രീമിയം ഉല്‍പ്പന്നങ്ങളിലേക്കുള്ള തന്ത്രപരമായ മുന്നേറ്റവുമാണ്.
2025 സാമ്പത്തിക വര്‍ഷത്തില്‍ വാച്ചുകളുടെയും വെയറബിള്‍സ് വിഭാഗത്തിന്റെയും വളര്‍ച്ച 20% ആണ്. പ്രീമിയം വാച്ചുകള്‍ ബിസിനസില്‍ വലിയ പങ്കുവഹിക്കുന്നു. ടൈറ്റന്‍ അതിന്റെ ഹീലിയോസ് സ്റ്റോര്‍ ശൃംഖല വികസിപ്പിക്കുകയും നെബുല, സ്റ്റെല്ലാര്‍ പോലുള്ള പുതിയ പ്രീമിയം ശേഖരങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വാന്‍ഡറിംഗ് അവര്‍ ഉള്‍പ്പെടെ ഇന്‍-ഹൗസ് ഓട്ടോമാറ്റിക് മൂവ്മെന്റുകളും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വരുമാന നിലവാരത്തിലെ വര്‍ദ്ധനവും ഇന്ത്യയില്‍ എക്സ്‌ക്ലൂസീവ് ഉല്‍പ്പന്നങ്ങളോടുള്ള ഉപഭോക്തൃ ഡിമാന്‍ഡുമാണ് ടൈറ്റന്റെ പ്രീമിയവല്‍ക്കരണ തന്ത്രത്തെ നയിക്കുന്നത്.
ഇന്ത്യയിലെ ആഡംബര വാച്ച് വിപണി ശക്തവും വളരുന്നതുമാണ്. 25,000 മുതല്‍ 2,00,000 രൂപ വരെ വില പരിധിയാണ് കമ്പനി ലക്ഷ്യമിടുന്നത്. ടൈറ്റന്റെ എഡ്ജ്, നെബുല, സൈലിസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ പ്രീമിയം വിഭാഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്നു.
25-ല്‍അധികം രാജ്യങ്ങളിലും 75 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകളിലും കമ്പനിയുടെ അന്താരാഷ്ട്ര സാന്നിധ്യം വികസിപ്പിക്കുകയാണ്. യുഎസ്, യൂറോപ്പ് പോലുള്ള വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വിപുലീകരണത്തിനായി പ്രീമിയം ലൈനുകള്‍ പ്രയോജനപ്പെടുത്തുകയാണ് ടൈറ്റന്റെ ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
