20 Oct 2025 1:57 PM IST
Summary
റഷ്യൻ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്കുള്ള തീരുവ ഇനിയും ഉയര്‍ത്തുമെന്ന് ട്രംപ്
ചൈനയോടുള്ള നിലപാട് മയപ്പെടുത്തിയപ്പോൾ ഇന്ത്യയോട് സ്വരം കടുപ്പിച്ച് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയുടെ തീരുവ വീണ്ടും വർധിപ്പിക്കുമെന്നാണ് ഭീഷണി. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരന്ദ്ര മോദി പറഞ്ഞിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെയും ട്രംപ് ഇതേ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ചിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുകയാണ് ചെയ്യുന്നത് എന്നാണ് യുഎസിന്റെ ആരോപണം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് അമേരിക്ക ഇതിനോടകം തന്നെ 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. റഷ്യയുമായുള്ള ക്രൂഡ് ഓയില്‍ വ്യാപാര കരാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതൽ തീരുവ ചുമത്തും എന്നാണ് ട്രംപിന്റെ ഭീഷണി.നിലവിൽ ഇന്ത്യയും യുഎസുമായുള്ള തയന്ത്ര ബന്ധങ്ങളിൽ യുഎസിൻ്റെ അധിക തീരുവ ചുമത്തൽ വില്ലനായിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാര രംഗത്ത് ആശങ്കകളുണ്ട്.
വ്യാപാര കമ്മി ഉയരുന്നു
യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു. 2025 മെയിൽ ചരക്ക് കയറ്റുമതി 880 കോടി ഡോളറായിരുന്നത് സെപ്റ്റംബറിൽ 550 കോടി ഡോളറായി കുറഞ്ഞു. നാല് മാസം കൊണ്ട് 37.5 ശതമാനം ഇടിവാണ് കയറ്റുമതിയിൽ ഉണ്ടായത്. കൂടുതൽ പേർക്ക് തൊഴിൽ നൽകിയിരുന്ന ചില ചെറുകിട വ്യവസായങ്ങളെയും ഇത് സാരമായി ബാധിച്ചു. എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവക്ക് പുറമെ തുണിത്തരങ്ങൾ, തുകൽ എന്നീ മേഖലകളെയും തീരുവ പ്രശ്നം ബാധിച്ചിട്ടുണ്ട്.
ഇന്ത്യക്ക് മേൽ 50 ശതമാനംനികുതി രണ്ട് ഘട്ടങ്ങളിലായാണ് യുഎസ് ചുമത്തിയത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പ്രതികാരമായി ഓഗസ്റ്റ് 7 ന് ഇന്ത്യൻ സാധനങ്ങൾക്ക് താരിഫ്' ഏർപ്പെടുത്തി, ഓഗസ്റ്റ് 27 ന് 25 ശതമാനം അധിക നികുതിയും ചുമത്തി.യുഎസിലേക്കുള്ള കയറ്റുമതിയിലുണ്ടായ ഇടിവ് ഇന്ത്യയുടെ വ്യാപാര കമ്മി സെപ്റ്റംബറിൽ 13 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്താൻ കാരണമായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
