image

8 Jan 2026 1:25 PM IST

India

Trump Thariff India 500% :ഇന്ത്യയ്ക്ക് മേല്‍ 500 ശതമാനം താരിഫ് ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

MyFin Desk

trump says pm modi not happy with us tariffs
X

Summary

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്ന ബില്ലിന് പച്ചക്കൊടി കാട്ടിയതായി റിപ്പോര്‍ട്ട്


റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടിയുമായി ട്രംപ്. 500 ശതമാനം താരിഫ് ചുമത്താനുള്ള പുതിയ ഉപരോധ ബില്ലിന് യുഎസ് പ്രസിഡന്റ് പച്ചക്കൊടി കാട്ടിയതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറയുന്നു. ഇതോടെ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

റഷ്യയുടെ യുദ്ധസന്നാഹങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് തടയുക എന്ന ലക്ഷ്യത്തോടെയാണ് യു എസ് കോണ്‍ഗ്രസില്‍ ഈ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഈ ബില്‍ വോട്ടിങ്ങിന് വരാന്‍ സാധ്യതയുണ്ടെന്ന് ലിന്‍ഡ്‌സെ ഗ്രഹാം പറയുന്നു. പുതിയ ബില്‍ യു എസ് കോണ്‍ഗ്രസ് പാസാക്കിയാല്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും വലിയ വെല്ലുവിളിയാകും. എണ്ണയ്ക്ക് പുറമെ റഷ്യന്‍ യുറേനിയം വാങ്ങുന്നവര്‍ക്കും ഈ കടുത്ത നികുതി ബാധകമാകും. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റലും ചേര്‍ന്നാണ് ഈ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് 500 താരിഫോ?

റഷ്യയുടെ എണ്ണ, വാതകം, യുറേനിയം, മറ്റ് കയറ്റുമതികള്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം വരെ താരിഫുകളും ദ്വിതീയ ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ ഈ ബില്‍ യുഎസ് ഭരണകൂടത്തെ അനുവദിക്കും. റഷ്യയില്‍ നിന്ന് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യക്കെതിരെ ട്രംപ് ഭീഷണി തുടരുകയാണ്. ഈ സമയത്താണ് പുതിയ ബില്ല് വരുന്നത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ റഷ്യന്‍ എണ്ണ കൂടുതലായും ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. 2024ല്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 36 ശതമാനവും എത്തിയത് റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ യുഎസില്‍ നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായി റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.