image

4 March 2026 7:12 PM IST

India

നിലയ്ക്കാത്ത യുദ്ധം, തകരുന്ന വിപണി; പഴം-പച്ചക്കറി കയറ്റുമതി വാടുന്നു

MyFin Desk

നിലയ്ക്കാത്ത യുദ്ധം, തകരുന്ന വിപണി;  പഴം-പച്ചക്കറി കയറ്റുമതി വാടുന്നു
X

Summary

ചരക്കുനീക്കം തടസ്സപ്പെട്ടതോടെ പലരും ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇറാനില്‍ നിന്നുള്ള ഈന്തപ്പഴം ഇറക്കുമതിയും പ്രതിസന്ധിയിലായതോടെ വരും ദിവസങ്ങളില്‍ ഡ്രൈ ഫ്രൂട്ട്സ് വിപണിയിലും വിലക്കയറ്റത്തിന് സാധ്യതയുണ്ട്


പശ്ചിമേഷ്യയിലെ സംഘര്‍ഷം മുറുകുന്നതോടെ കേരളത്തില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രതിദിനം 150 ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് സംസ്ഥാനത്തുനിന്നും കയറ്റി അയച്ചിരുന്നത്. വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ, റമദാന്‍ സീസണില്‍ ഗള്‍ഫ് വിപണി ലക്ഷ്യമിട്ടു തയ്യാറാക്കിയ ടണ്‍കണക്കിന് ഉല്‍പ്പന്നങ്ങളാണ് കെട്ടിക്കിടക്കുന്നത്. പെട്ടെന്ന് കേടാകുന്ന ഉല്‍പ്പന്നങ്ങളായതിനാല്‍ കയറ്റുമതിക്കാര്‍ക്ക് വന്‍ നഷ്ടമാണ് ഓരോ ദിവസവും സംഭവിക്കുന്നത്.

റമദാന്‍, ഈസ്റ്റര്‍ വിപണികള്‍ സജീവമാകുന്ന സമയത്തെ ഈ തിരിച്ചടി കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ തളര്‍ത്തിയിരിക്കുകയാണ്. വിമാന മാര്‍ഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ പലരും ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇറാനില്‍ നിന്നുള്ള ഈന്തപ്പഴം ഇറക്കുമതിയും പ്രതിസന്ധിയിലായതോടെ വരും ദിവസങ്ങളില്‍ ഡ്രൈ ഫ്രൂട്ട്സ് വിപണിയിലും വിലക്കയറ്റത്തിന് സാധ്യതയുണ്ട്.

കടല്‍ കടന്നുള്ള ചരക്കുനീക്കവും സമാനമായ വെല്ലുവിളികളാണ് നേരിടുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഷിപ്പിംഗ് ലൈനുകള്‍ ബുക്കിംഗ് നിര്‍ത്തിയതും കാരണം മുന്തിരിയും ഉള്ളിയും അടങ്ങിയ നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

സംഘര്‍ഷ മേഖല ഒഴിവാക്കാന്‍ കപ്പലുകള്‍ ഗുഡ് ഹോപ്പ് മുനമ്പ് വഴി ചുറ്റിപ്പോകുന്നത് യാത്രാസമയം 45 ദിവസമായി വര്‍ദ്ധിപ്പിച്ചു. ഇത് ഇന്‍ഷുറന്‍സ് നിരക്കുകളും ഷിപ്പിംഗ് ചാര്‍ജുകളും കുത്തനെ ഉയരാന്‍ കാരണമായി. ഒരു കണ്ടെയ്‌നറിന് 4,000 ഡോളര്‍ വരെയാണ് അധികമായി ഈടാക്കുന്നത്.

അന്താരാഷ്ട്ര വിതരണ ശൃംഖല തകിടം മറിഞ്ഞതോടെ ചൈനയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോയ കപ്പലിന് പോലും കേരളത്തിലെ കൊല്ലം തുറമുഖത്ത് അഭയം തേടേണ്ടി വന്നു. അരി കയറ്റുമതി മേഖലയും കടുത്ത ജാഗ്രതയിലാണ്. നയതന്ത്ര തലത്തില്‍ വേഗത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരുടെ ഉപജീവനത്തെയും ആഗോള റീട്ടെയില്‍ വിപണിയെയും ബാധിക്കുന്ന വന്‍ സാമ്പത്തിക ദുരന്തമായി ഇത് മാറുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.