image

16 Jan 2026 3:23 PM IST

India

Budget 2026 Expectations : നഗര പ്രദേശങ്ങളിലേക്ക് മെട്രോ, പുതിയ ഐഐടിയും എയിംസും വേണം, ബജറ്റ് വിഷ് ലിസ്റ്റുമായി ഉത്തർപ്രദേശ്

MyFin Desk

Budget 2026 Expectations : നഗര പ്രദേശങ്ങളിലേക്ക് മെട്രോ, പുതിയ ഐഐടിയും എയിംസും വേണം, ബജറ്റ് വിഷ്  ലിസ്റ്റുമായി ഉത്തർപ്രദേശ്
X

Yogi Adityanath

Summary

ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് ഉത്തർപ്രദേശ്. വിഷ് ലിസ്റ്റിൽ മെട്രോയും എയിംസും ഐഐടിയും വരെ . ആവശ്യപ്പെട്ടിരിക്കുന്നത് 1 .3 ലക്ഷം കോടി രൂപ


2026 -27 ലെ കേന്ദ്ര ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് ഉത്തർപ്രദേശ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ പുതിയ എയിംസ് , പുതിയ ഐഐടി എന്നിവക്കും പ്രധാന നഗര കേന്ദ്രങ്ങളിൽ മെട്രോ റെയിൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഉൾപ്പെടെ കേന്ദ്ര ധനസഹായം തേടിയതായി സൂചന. വിവിധ മേഖലകളിലെ പദ്ധതികൾക്കായി 1.30 ലക്ഷം കോടി രൂപയുടെ സഹായമാണ് ഉത്തർപ്രദേശ് തേടിയിരിക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, നഗര അടിസ്ഥാന സൗകര്യങ്ങൾ, ജലസംരക്ഷണം, പുനരുപയോഗ ഊർജ്ജം എന്നിങ്ങനെ വിവിധ മേഖലകളിലെ പദ്ധതികൾക്കായാണ് സഹായം തേടിയിരിക്കുന്നത്. സംസ്ഥാനത്ത് പൊതുനിക്ഷേപം വർധിപ്പിക്കുന്നതിന് വലിയ തയ്യാറെടുപ്പാണ് ഉത്തർപ്രദേശ് നടത്തുന്നത്. ഇതിനായി പരമാവധി കേന്ദ്ര സഹായം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

അയോധ്യ സൗരോർജ്ജ നഗരമാകുമോ?

ഉയർന്ന ജനസംഖ്യയും ഭൂമിശാസ്ത്രവും കണക്കിലെടുക്കുമ്പോൾ സുസ്ഥിര വികസനത്തിന് കേന്ദ്ര പിന്തുണ കൂടിയേ തീരൂ എന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട് . ലഖ്‌നൗ, കാൺപൂർ, ആഗ്ര എന്നിവിടങ്ങളിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും മെട്രോ വികസനത്തിന് മാത്രം 32,075 കോടി രൂപയുടെ ധനസഹായമാണ് പ്രതീക്ഷിക്കുന്നത്. 2030 ഓടെ അയോധ്യ ഉൾപ്പെടെ 17 മുനിസിപ്പൽ കോർപ്പറേഷനുകളെ സൗരോർജ്ജ നഗരങ്ങളായി വികസിപ്പിക്കുന്നതിന് 1,005 കോടി രൂപയാണ് കേന്ദ്ര സഹായമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെയാണ് കൂടുതൽ വികസന പദ്ധതികൾ പ്രതീക്ഷിക്കുന്നത്.